ഇന്ത്യൻ റെയിൽവേയുടെ അത്യാധുനിക സെമി ഹൈസ്പീഡ് ട്രെയിൻ സര്‍വ്വീസായ വന്ദേഭാരത് എക്സ്പ്രസ്സ് കാത്തിരിപ്പിനൊടുവിൽ ദക്ഷിണേന്ത്യയിലേക്കും കൂകി പാഞ്ഞ് എത്തും. രാജ്യത്തെ അഞ്ചാമത് വന്ദേഭാരത് ട്രെയിൻ സര്‍വ്വീസ് ചെന്നൈയിൽ നിന്നും ബെംഗളൂരു വഴി മൈസൂരൂവിലേക്കും തിരിച്ചുമാണ് സര്‍വ്വീസെന്നാണ് വാര്‍ത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്ന്.അടുത്ത മാസം പത്തിന് ഉദ്ഘാടനം ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന.
നിയമസഭാ തെരഞ്ഞെടുപ്പ് ആരവങ്ങളിലേക്ക് നീങ്ങുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് സര്‍വ്വീസുകൾ ഉദ്ഘാടനം ചെയ്തിരുന്നു. രാജ്യത്തെ മൂന്നാമത്തേതും നാലാമത്തേതുമായ വന്ദേ ഭാരത് എക്‌സ്പ്രസ് സര്‍വ്വീസുകളായിരുന്നു ഇത്.
വ്യാഴാഴ്ചയാണ് ഹിമാചൽ പ്രദേശിലെ ഉന ജില്ലയിൽ നിന്നും ആരംഭിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. ഉന- ചണ്ഡീഗഢ് യാത്രാ സമയം മൂന്ന് മണിക്കൂറായി കുറച്ചാണ് വന്ദേഭാരതിന്റെ യാത്ര. ഉനയിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള യാത്രാ സമയം രണ്ട് മണിക്കൂറായും ഇതോടെ കുറഞ്ഞു. അംബാല, ചണ്ഡീഗഡ്, ആനന്ദ്പൂർ സാഹിബ്, ഉന എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുള്ള ഈ ട്രെയിൻ ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും സര്‍വ്വീസ് നടത്തും.
2018-ലാണ് ചെന്നെയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറയിൽ റെയിൽവേ ആദ്യത്തെ വന്ദേഭാരത് ട്രെയിൻ നിര്‍മ്മിച്ചത്. നിരവധി തവണ പരീക്ഷണ ഓട്ടം നടത്തിയ ശേഷം വന്ദേഭാരത് ട്രെയിനുകളുടെ രണ്ടാം തലമുറയാണ് ഇപ്പോൾ ചെന്നൈ ഐസിഎഫിൽ നിര്‍മ്മിക്കുന്നത്. 2023- ആഗസ്റ്റ് 15-നുള്ളിൽ രാജ്യത്താകെ 75 വന്ദേഭാരത് ട്രെയിൻ സര്‍വ്വീസുകൾ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
വളരെ ഭാരം കുറഞ്ഞതും കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ളതുമാണ് രണ്ടാം തലമുറ വന്ദേഭാരത് ട്രെയിനുകൾ. ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനുള്ള അത്യാധുനിക സുരക്ഷാ സംവിധാനമായ കവച് വന്ദേഭാരത് എക്സപ്രസിന്റെ പ്രതത്യേകതയാണ്. നിലവിൽ പാസഞ്ചര്‍ ട്രെയിൻ സര്‍വ്വീസുകളാണ് നടത്തുന്നതെങ്കിലും ഭാവിയിൽ ചരക്കുനീക്കത്തിനുള്ള പ്രത്യേക അതിവേഗ വന്ദേഭാരത് ട്രെയിനുകളും ഉടൻ പുറത്തിറക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...