New Delhi: ഇഡി ഡയറക്ടർ സഞ്ജയ് മിശ്രയുടെ കാലാവധി നീട്ടണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. നിലവിലെ മേധാവി ഒഴികെ വകുപ്പിലെ മുഴുവന്‍ അംഗങ്ങളും കഴിവില്ലാത്തവരാണോ എന്നായിരുന്നു സുപ്രീം കോടതിയുടെ മറു ചോദ്യം.
"മറ്റൊരാൾ ഇല്ലെന്നും ഡിപ്പാർട്ട്‌മെന്‍റ് മുഴുവൻ കഴിവുകെട്ടവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നുമുള്ള ചിത്രമല്ലേ ഇതിലൂടെ നാം നൽകുന്നത്?" ജസ്റ്റിസ് ബി ആർ ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ചു. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ED) മേധാവി സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി ഒക്ടോബർ 15 വരെ നീട്ടണമെന്ന കേന്ദ്രസർക്കാരിന്‍റെ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ രൂക്ഷ വിമർശനം.
ഇഡി ഡയറക്ടർ സഞ്ജയ് മിശ്രയുടെ കാലാവധി നീട്ടണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച കേന്ദ്ര സര്‍ക്കാര്‍ മിശ്രയ്ക്ക് ജൂലൈ 31 വരെ മാത്രമേ പദവിയിൽ തുടരാൻ കഴിയൂ എന്ന് നിര്‍ദ്ദേശിക്കുന്ന തീരുമാനം ഭേദഗതി ചെയ്യണമെന്നും സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്‍റെ (Financial Action Task Force (FATF) പിയർ റിവ്യൂ കണക്കിലെടുത്ത് ഇഡി നേതൃത്വത്തിന്‍റെ തുടർച്ച അനിവാര്യമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ജസ്റ്റിസുമാരായ വിക്രം നാഥും സഞ്ജയ് കരോളും അടങ്ങുന്ന ബെഞ്ചിന് മുമ്പാകെ വാദിച്ചു.
കൂടാതെ, ഇഡി ഡയറക്ടർ സഞ്ജയ് മിശ്രയുടെ കാലാവധി നീട്ടുന്നതിനായി നിരവധി വാദങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിച്ചത്. "ഈ ഒരു നിർണായക ഘട്ടത്തിൽ" കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്‍റെ സൂക്ഷ്മതകളും നടപടിക്രമങ്ങളും പ്രവർത്തനങ്ങളും രാജ്യത്തുടനീളമുള്ള അന്വേഷണ ഏജൻസിയുടെ പ്രവർത്തനങ്ങളും നന്നായി അറിയാവുന്ന ഒരു വ്യക്തി ആവശ്യമാണെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. കൂടാതെ, ആവശ്യമായ റിപ്പോർട്ടുകൾ, വിവരങ്ങൾ, ഡാറ്റ തുടങ്ങിയവയുമായി മൂല്യനിർണ്ണയ സംഘത്തെ വേഗത്തിലും കാര്യക്ഷമമായും സഹായിക്കുന്നുവെന്ന് ഉറപ്പാക്കാൻ അനുഭവ സമ്പന്നനായ ED ആവശ്യമാണെന്നും കേന്ദ്രം വ്യക്തമാക്കി.
ഇഡി ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി ഒക്ടോബർ 15 വരെ നീട്ടണമെന്നായിരുന്നു കേന്ദ്ര സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്‍റെ അപേക്ഷ മാനിച്ച് സഞ്ജയ് മിശ്രയുടെ കാലാവധി സെപ്റ്റംബര്‍ 15 വരെ സുപ്രീംകോടതി നീട്ടി നല്‍കി.
കാലാവധി നീട്ടിക്കൊണ്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് 1984 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനായ മിശ്ര 2023 നവംബർ 18 വരെ ഓഫീസിൽ തുടരേണ്ടതായിരുന്നു. രണ്ടു വർഷത്തെ കാലാവധിയിൽ 2018 നവംബറിലാണ് മിശ്രയെ ഇഡി ഡയറക്ടറായി നിയമിച്ചത്. പിന്നീട് പലതവണ കാലാവധി നീട്ടിയിരുന്നു. 2020 നവംബർ 13 ലെ ഉത്തരവിലൂടെ, കേന്ദ്ര സർക്കാർ നിയമന കത്ത് മുൻകാല പ്രാബല്യത്തോടെ പരിഷ്ക്കരിക്കുകയും അദ്ദേഹത്തിന്‍റെ രണ്ട് വർഷത്തെ കാലാവധി മൂന്നായി മാറ്റുകയും ചെയ്തു.
ഇഡി, സിബിഐ മേധാവികളുടെ കാലാവധി രണ്ട് വർഷത്തിന് ശേഷം മൂന്ന് വർഷം വരെ നീട്ടാവുന്ന ഓർഡിനൻസ് സർക്കാർ കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു. ഈ ഉത്തരവ് അനുസരിച്ചാണ് മുൻകാല പ്രാബല്യത്തോടെ കാലാവധി നീട്ടിയത്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...