ന്യൂഡെല്‍ഹി:ഗോമൂത്രത്തിന്റെയും ചാണകത്തിന്‍റെയും ഔഷധഗുണങ്ങളെ കുറിച്ചും പഠനം നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ താല്‍പ്പര്യപത്രം ക്ഷണിച്ചിരിക്കുകയാണ്.എന്നാല്‍ ഈ നടപടി ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.
പശുക്കളുടെ വിശിഷ്ടഗുണത്തെ കുറിച്ചും കാന്‍സര്‍ ഉള്‍പ്പെടെയുള്ളവയ്ക്കുള്ള ചികിത്സയ്ക്കായി ഗോമൂത്രം, ചാണകം, പാല്‍ തുടങ്ങിയവയ്ക്ക് ഉപയോഗപ്പെടുത്താനാവുമോ എന്ന വിഷയത്തെയും അടിസ്ഥാനപ്പെടുത്തി ഗവേഷണം നടത്താന്‍ താത്പര്യപ്പെടുന്നവരെ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം ഫെബ്രുവരി 14നാണ് പുറത്തിറങ്ങിയത്.
ശാസ്ത്ര സാങ്കേതിക വകുപ്പ്, ആയുര്‍വേദം, യോഗ ആന്‍ഡ് നാച്ചുറോപ്പതി, യുനാനി, സിദ്ധ,സോവ റിഗ്പ, ഹോമിയോപ്പതി മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവ ചേര്‍ന്നാണ് റിസര്‍ച്ച് പ്രൊപ്പോസലുകള്‍ ക്ഷണിച്ചിരിക്കുന്നത്.പശുവില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ കാന്‍സര്‍, പ്രമേഹം തുടങ്ങിയവയ്ക്കുള്ള മരുന്നായി ഉപയോഗിക്കുന്ന കൗപതി ഉള്‍പ്പെടെ അഞ്ച് ഗവേഷണ വിഷയങ്ങളിലേക്കാണ് പ്രൊപ്പസലുകള്‍ എന്നാണ് വിവരം.
എന്നാല്‍ റിസര്‍ച്ച് പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട വിഷയങ്ങള്‍ അശാസ്ത്രീയമാണെന്ന് ശാസ്ത്രജ്ഞര്‍ കുറ്റപ്പെടുത്തുന്നു.ഇന്ത്യ സാമ്പത്തികപ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന ഈ സമയത്ത്, ഇത് പൊതുപണത്തിന്റെ അനാവശ്യ ചിലവഴിക്കലാണെന്നും ശാസ്ത്രജ്ഞര്‍ ആരോപിക്കുന്നു.സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ഞൂറോളം ശാസ്ത്രജ്ഞര്‍ ഓണ്‍ലൈനിലൂടെ സര്‍ക്കാരിന് കത്തയച്ചതായാണ് വിവരം.