Update on Rs 500 and 1000 notes: കഴിഞ്ഞ മാസം 2000 രൂപ മൂല്യമുള്ള കറന്‍സി നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിയ്ക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പ്രഖ്യാപിച്ചിരുന്നു. RBI നിര്‍ദ്ദേശം അനുസരിച്ച് 2023 മെയ് 23 മുതൽ സെപ്റ്റംബര്‍ 30 വരെ രാജ്യത്തെ ഏത് ബാങ്കിലും 2,000 രൂപ നോട്ടുകൾ നിക്ഷേപിക്കുകയോ മറ്റ് മൂല്യങ്ങളുടെ കറന്‍സി നോട്ടുകളാക്കി മാറ്റുകയോ ചെയ്യാവുന്നതാണ്.
2000 രൂപ മൂല്യമുള്ള കറന്‍സി നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കാൻ തീരുമാനിച്ച അവസരത്തിലും കൈവശമുള്ള 2000 രൂപയുടെ നോട്ടുകള്‍ സെപ്റ്റംബര്‍ 30 വരെ നിയമപരമായി തുടരുമെന്നാണ് RBI അറിയിയ്ക്കുന്നത്.
Also Read: Fuel Price Update: സാധാരണക്കാര്‍ക്ക് സന്തോഷവാര്‍ത്ത, പെട്രോൾ, ഡീസൽ വില ഉടന്‍ കുറഞ്ഞേക്കും!!
എന്നാല്‍, റിസര്‍വ് ബാങ്ക് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതോടെ പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് പരക്കുന്നത്. അതായത്, ഉടന്‍ തന്നെ 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കും എന്നതാണ് അതിലൊന്ന്. കൂടാതെ, മുന്‍പ് നിലവിലിരുന്ന തരത്തില്‍ 1000 രൂപയുടെ നോട്ടുകള്‍ മടങ്ങിയെത്തും എന്നും വാര്‍ത്തകള്‍ പരന്നിരുന്നു. 2016ലെ നോട്ട് നിരോധനത്തിന് ശേഷം അടുത്തിടെ 2000 രൂപ നോട്ട് വിനിമയത്തിൽ നിന്ന് പിന്‍വലിച്ചതോടെയാണ് ജനങ്ങളുടെ മനസ്സിൽ പല തരത്തിലുള്ള ആശങ്കകള്‍ ഉടലെടുക്കുന്നത്.
എന്നാല്‍, 500, 1000 രൂപയുടെ നോട്ടുകള്‍ സംബന്ധിച്ച് പരക്കുന്ന അഭ്യൂഹങ്ങള്‍ സംബന്ധിച്ച് RBI ഗവര്‍ണര്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയിരിയ്ക്കുകയാണ്. അതായത്, 500 രൂപ നോട്ട് പിൻവലിക്കാൻ യാതൊരു പദ്ധതിയുമില്ല എന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വെളിപ്പെടുത്തി. 500 രൂപയുടെ നോട്ടുകള്‍ പൂർണ്ണമായും പ്രചാരത്തിൽ നിലനിൽക്കും. ഇതോടൊപ്പം 1000 രൂപ നോട്ട് ആർബിഐ വീണ്ടും പുറത്തിറക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. 1000 രൂപ നോട്ട് പുറത്തിറക്കുന്നത് സംബന്ധിച്ച് നിലവില്‍ സര്‍ക്കാരിന് യാതൊരു പദ്ധതിയും ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ രണ്ടാഴ്ചയോളമയി ബാങ്കുകളില്‍ മടങ്ങിയെത്തിയ 2000 രൂപ നോട്ടുകളുടെ വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടു. അതായത്, രണ്ടാഴ്ചയ്ക്കകം പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ 50 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ 3.62 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് പ്രചാരത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നിലവിലുള്ള മൊത്തം കറൻസികളില്‍ വെറും 10.8 % മാത്രമാണ് 2000 രൂപ നോട്ടിന്‍റെ വിഹിതം. 2016ല്‍ നടന്ന നോട്ട് നിരോധനത്തിന് ശേഷം ഉണ്ടായ പണക്ഷാമം പരിഹരിക്കാനാണ് 2000 രൂപ നോട്ട് RBI പുറത്തിറക്കിയത് എന്നും അദ്ദേഹം പറഞ്ഞു. 2000 രൂപ നോട്ട് കൈവശമുള്ളവർക്ക് അത് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാമെന്നും അല്ലെങ്കില്‍ മറ്റേതെങ്കിലും നോട്ടുകളായി മാറ്റാമെന്നും ഗവർണർ പറഞ്ഞു. സെപ്റ്റംബര്‍ 30നകം 2000 രൂപ നോട്ടുകളിൽ ഭൂരിഭാഗവും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...