Monkeypox Outbreak: മങ്കിപോക്സ് ബാധിക്കാതിരിക്കാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇവയാണ്

 Monkeypox Outbreak: മങ്കിപോക്സ് രോഗം പിടിപെടാതിരിക്കാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു

Written by - Zee Malayalam News Desk | Last Updated : Aug 3, 2022, 02:01 PM IST
  • ഇന്ത്യയിൽ ഇതുവരെ എട്ട് മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
  • ഇതിൽ ഒരാൾ മങ്കിപോക്സ് ബാധിച്ച് മരിച്ചു
  • പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ ടാസ്ക് ഫോഴ്സിന് രൂപം നൽകി
Monkeypox Outbreak: മങ്കിപോക്സ് ബാധിക്കാതിരിക്കാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇവയാണ്

മങ്കിപോക്സ് അന്താരാഷ്ട്ര തലത്തിൽ മറ്റൊരു പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി മാറുകയും ഇന്ത്യയിൽ ദിനംപ്രതി കേസുകൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ രോഗം പിടിപെടാതിരിക്കാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു. മങ്കിപോക്സിന്റെ രോ​ഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന വിമാന യാത്രക്കാരെ രോ​ഗം പടർന്നുപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് യാത്ര ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രാലയം യു.എ.ഇയിലെ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കിയത്. യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിയ മൂന്ന് പേർക്ക് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ യുഎഇയിലെ ഐഎച്ച്ആർ ഫോക്കൽ പോയിന്റ് എക്‌സിക്യൂട്ടീവ് ഡോ. ഹുസൈൻ അബ്ദുൾ റഹ്മാൻ അലി റാൻഡിന് അയച്ച കത്തിൽ വ്യക്തമാക്കി.

ഇന്ത്യയിൽ ഇതുവരെ എട്ട് മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഒരാൾ മങ്കിപോക്സ് ബാധിച്ച് മരിച്ചു. രാജ്യത്ത് മങ്കിപോക്സ് കേസുകൾ ഉയർന്നുവരുന്ന സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും രോഗം പടരുന്നത് തടയുന്നതിനുമുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ ടാസ്ക് ഫോഴ്സിന് രൂപം നൽകി. മങ്കിപോക്സ് ബാധിക്കാതിരിക്കാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ പട്ടികയിൽ ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്ന കാര്യങ്ങൾ ഇവയാണ്:

ചെയ്യേണ്ട കാര്യങ്ങൾ
രോഗബാധിതരായ രോഗികളെ ഐസൊലേഷനിൽ പ്രവേശിപ്പിക്കുക
ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക അല്ലെങ്കിൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക
രോഗബാധിതരുടെ അടുത്ത് പോകുമ്പോൾ, മാസ്കുകളും ഡിസ്പോസിബിൾ കയ്യുറകളും ധരിക്കുക
പരിസര ശുചീകരണത്തിന് അണുനാശിനികൾ ഉപയോഗിക്കുക

ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ
മങ്കിപോക്സ് ബാധിച്ചവരുമായി വസ്ത്രങ്ങൾ, കിടക്ക, ടവ്വൽ എന്നിവ പങ്കിടരുത്
രോഗബാധിതരുടെ മലിനമായ വസ്ത്രങ്ങൾ മറ്റൊരാൾ കഴുകരുത്
മങ്കിപോക്സ് രോ​ഗബാധയുടെ ലക്ഷണങ്ങൾ കണ്ടാൽ പൊതുപരിപാടികളിൽ പങ്കെടുക്കരുത്

എന്താണ് മങ്കിപോക്സ്?
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ ഈ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഒമ്പത് വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെട്ടിരുന്നത്.

എങ്ങനെയാണ് മങ്കിപോക്സ് പടരുന്നത്?
രോഗം ബാധിച്ചതോ അല്ലെങ്കിൽ രോ​ഗം ബാധിച്ച് ചത്തതോ ആയ മൃഗവുമായി ആളുകൾ അടുത്തിടപഴകുമ്പോൾ, വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. മൃ​ഗങ്ങളുടെ മാംസവുമായോ രക്തവുമായോ ഉള്ള സമ്പർക്കവും വൈറസ് ബാധയ്ക്ക് കാരണമാകാം. വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ മാംസം കഴിക്കുന്നതിന് മുൻപ് ശരിയായ രീതിയിൽ പാകം ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന നിർദേശം നൽകിയിട്ടുണ്ട്. രോഗബാധിതനായ ഒരു വ്യക്തിയുമായി അടുത്തിടപഴകിയാൽ വൈറസ് ബാധയുണ്ടാകാം. രോ​ഗബാധിതനായ വ്യക്തി ഉപയോ​ഗിച്ച വസ്ത്രങ്ങൾ, പുതപ്പുകൾ, തൂവാലകൾ, ഭക്ഷണ പാത്രങ്ങൾ തുടങ്ങിയ വസ്തുക്കളിലൂടെ വൈറസ് ബാധയുണ്ടാകാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News