New Delhi: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതയെ വിമര്‍ശിച്ച് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. മഹാത്മാഗാന്ധിക്ക് നിയമ ബിരുദം ഇല്ലെന്നായിരുന്നു സിന്‍ഹയുടെ പരാമര്‍ശം.
ഐടിഎം ഗ്വാളിയോറിൽ ഡോ. റാം മനോഹർ ലോഹ്യ മെമ്മോറിയൽ മുഖ്യ പ്രഭാഷണത്തിനിടെയാണ് സിന്‍ഹ ഈ വിവാദ പരാമര്‍ശം നടത്തിയത്. മഹാത്മാഗാന്ധിക്ക് "ഒറ്റ യൂണിവേഴ്‌സിറ്റി ബിരുദം" പോലും ഇല്ലായിരുന്നുവെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ വെള്ളിയാഴ്ച അവകാശപ്പെട്ടു, ഗാന്ധിജിക്ക് നിയമ ബിരുദമുണ്ടെന്ന് ധാരാളം വിദ്യാസമ്പന്നർ വിശ്വസിക്കുന്നുണ്ടെന്നും എന്നാൽ അദ്ദേഹത്തിന് ബിരുദമൊന്നും ഇല്ലായിരുന്നുവെന്നും സിൻഹ പറഞ്ഞു.
അതേസമയം, തന്‍റെ പൂര്‍വ്വികരുടെ വിദ്യാഭ്യാസ യോഗ്യതയെകുറിച്ച് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ നടത്തിയ വാദങ്ങളെ തള്ളി മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി രംഗത്തെത്തി. തെളിവുകള്‍ നിരത്തിയ അദ്ദേഹം ഗാന്ധിജിയുടെ വിദ്യാഭ്യാസം സംബന്ധിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തി.
തന്‍റെ മുത്തച്ഛൻ രണ്ട് മെട്രിക് പരീക്ഷകളിൽ വിജയിച്ചു, ഒന്ന് ആൽഫ്രഡ് ഹൈസ്‌കൂൾ രാജ്‌കോട്ടിൽ നിന്നും മറ്റൊന്ന്, ലണ്ടനിലെ അതിന് തുല്യമായ ബ്രിട്ടീഷ് മെട്രിക്കുലേഷനിൽ നിന്നും. മാത്രമല്ല, ലണ്ടൻ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ലോ കോളേജായ ഇന്നർ ടെമ്പിളിൽ നിന്ന് പഠിച്ച് പരീക്ഷകളിൽ വിജയിച്ചുകൊണ്ട് അദ്ദേഹം നിയമ ബിരുദവും നേടി. രണ്ട് ഡിപ്ലോമകളും അദ്ദേഹം ഒരേസമയം നേടിയിരുന്നു, ഒന്ന് ലാറ്റിനിലും മറ്റൊന്ന് ഫ്രഞ്ചിലുമായിരുന്നു, തുഷാര്‍ ഗാന്ധി വ്യക്തമാക്കി.
കൂടാതെ, ബാപ്പുവിന്‍റെ ആത്മകഥയുടെ ഒരു പകർപ്പ് താന്‍ ജമ്മുവിലെ രാജ്ഭവനിലേക്ക് അയച്ചതായും തുഷാര്‍ ഗാന്ധി അറിയിച്ചു, ലെഫ്റ്റനന്‍റ് ഗവർണർക്ക് വായിക്കാൻ കഴിയുമെങ്കിൽ അദ്ദേഹം സ്വയം വായിച്ച് മനസിലാക്കട്ടെ, തുഷാര്‍ ഗാന്ധി ട്വീറ്റില്‍ കുറിച്ചു.
അതേസമയം, മനോജ് സിന്‍ഹയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസത്തിന് വഴിതെളിച്ചു. വാട്ട്സ്ആപ്പ് അറിവാണ് ചില നേതാക്കള്‍ പൊതു വേദിയില്‍ വിളമ്പുന്നത് എന്നായിരുന്നു ചിലര്‍ പരിഹസിച്ചത്... അല്പം അറിവുമായി ഇത്രയും വലിയ പദവി ഇദ്ദേഹം അലങ്കരിയ്ക്കുന്നുവല്ലോ എന്നാണ് ചിലര്‍ അമ്പരപ്പോടെ ചോദിച്ചത്. ഒപ്പം ഗവര്‍ണര്‍ പോലെയുള്ള പദവികളിലേയ്ക്ക് മിനിമം വിദ്യാഭ്യാസ യോഗ്യത അനിവാര്യമാണ് എന്ന് ചൂണ്ടിക്കാട്ടിയവരും ഏറെയാണ്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...