ന്യൂ ഡൽഹി : തങ്ങളുടെ സിബിഎസ്ഇ പരീക്ഷയെ ബാധിക്കുന്നു എന്ന വിദ്യാർഥികളുടെ ആവശ്യത്തെ മുൻനിർത്തി ദേശീയ ടെസ്റ്റിങ് ഏജൻസി (NTA) ഇന്ന് മാർച്ച് 14ന് ജോയിന്റ് എൻട്രൻസ് പരീക്ഷയുടെ (JEE) തിയതികളിൽ മാറ്റം വരുത്തിയിരുന്നു. ഏപ്രിൽ 16 മുതൽ 21 വരെ നടത്താൻ തീരുമാനിച്ചിരുന്ന ജെഇഇ മെയിൻ 2022 ഏപ്രിൽ മാസത്തെ പ്രവേശന പരീക്ഷ ഏപ്രിൽ 21, 24, 25, 29, മെയ് 1, 4 തിയതികളിലേക്ക് മാറ്റി നടത്താൻ തീരുമാനിച്ചിരിക്കുന്നത്. വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ് പരീക്ഷ നടത്തുന്ന തിയതികളിൽ മാറ്റം വരുത്തിയിരിക്കുന്നത് എൻടിഎ അറിയിച്ചിരിക്കുന്നത്. എന്നാൽ പുതുക്കിയ തിയതിയോ വിദ്യാർഥികളിൽ കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നതാണ്.
ഏപ്രിൽ 26ന് ആരംഭിക്കുന്ന സിബിഎസ്ഇ പരീക്ഷയ്ക്കും മെയ് മാസത്തിലെ ജെഇഇ പരീക്ഷയ്ക്ക് ഇടയിൽ ഒരു വ്യക്തമായ ഇടവേള വേണമെന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം. മാർച്ച് ഏപ്രിൽ മാസങ്ങളിലേക്ക് വരുമ്പോൾ വിദ്യാർഥികൾ പരീക്ഷയ്ക്കായിട്ടുള്ള അവരുടെ അവസാനഘട്ട തയ്യാറെടുപ്പുകളിലും പ്രാക്ടിക്കൽ മോഡൽ പരീക്ഷയുടെ തിരക്കിലായിരിക്കും. ഈ സമർദ്ദത്തെ മുൻ നിർത്തി പരീക്ഷ തിയതി മാറ്റി നിർണയിക്കണമെന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം.
ഇനി ഇത് കൂടാതെ മെയ് മാസത്തിലെ ജെഇഇ പരീക്ഷ ഒരു വിഭാഗം വിദ്യാർഥികളെ ബാധിക്കുമെന്ന് ഉറപ്പാണ്. സിബിഎസ്ഇയുടെ ടൈം ടേബിൾ പ്രകാരം മേയ് 28ന് എക്കണോമിക്സ് പരീക്ഷയാണ്. എൻടിഎ പുറത്ത് വിട്ട മെയ് മാസത്തിലെ പരീക്ഷ തിയതിയിൽ മെയ് 24 മുതൽ 29 തിയതികളിൽ വരെയാണ് പ്രവേശന പരീക്ഷ സംഘടിപ്പിക്കുന്നത്.
അതായത് സയൻസ് വിദ്യാർഥികളിൽ എക്കണോമിക്സ് സ്പെഷ്യൽ ഇലക്ടീവായി എടുത്ത വിദ്യാർഥികൾക്ക് ജെഇഇയുടെ മെയ് മാസത്തിലെ പരീക്ഷ പങ്കെടുക്കുവാൻ സാധിക്കാതെയാകും. കൊമേഴ്സ് വിദ്യാർഥികൾക്ക് മാത്രമാണ് എക്കണോമിക്സ് വിഷയമുള്ളതെന്ന ധാരണയിലാണ് പരീക്ഷ തിയതികൾ നിർണയിച്ചരിക്കുന്നത് എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.
ALSO READ : JEE Main 2022 : ജെഇഇ മെയിൻ പരീക്ഷ തിയതികളിൽ മാറ്റം; വിദ്യാർഥികൾ വീണ്ടും ആശയകുഴപ്പത്തിൽ
ജെഇഇ പരീക്ഷയുടെ പുതിയ തിയതി കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതാണെന്നാണ് വിദ്യാർഥികളിൽ ബഹുഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. ഏപ്രിൽ 28ന് സിബിഎസ്ഇ പരീക്ഷ ആരംഭിക്കുമെങ്കിലും മൈനർ വിഷയങ്ങളാണെന്ന നിലപാടിലാണ് എൻടിഎ മെയ് 4 വരെ ജെഇഇ പരീക്ഷ സംഘടിപ്പിക്കുന്നത്. മെയ് 7ന് കെമിസ്ട്രിയോടെയാണ് സിബിഎസ്ഇ സയൻസ് വിഭാഗത്തിന്റെ പ്രധാന വിഷയങ്ങൾക്ക് തുടക്കമിടുന്നത്.
വിദ്യാർഥികൾക്ക് അൽപം ആശ്വാസം നൽകാമെന്ന് കരുതി എൻടിഎ മാറ്റം വരുത്തിയ പരീക്ഷ തിയതി അക്ഷരാർഥത്തിൽ അവരെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.