ഇന്‍ഡോര്‍: ആകാശ് വിജയവര്‍ഗിയയുടെ എതിര്‍പ്പ് വിലപോയില്ല, അനധികൃത കെട്ടിടം പൊളിച്ചുനീക്കി ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍!!
ബിജെപി എംഎല്‍എ ആകാശ് വിജയവര്‍ഗിയ നടത്തിയ എതിര്‍പ്പിനെത്തുടര്‍ന്ന് പൊളിച്ചുമാറ്റാന്‍ കഴിയാതിരുന്ന ഇന്‍ഡോറിലെ വിവാദമായ അനധികൃത കെട്ടിടമാണ് ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിച്ചുനീക്കിയത്.
കെട്ടിടത്തിന്‍റെ ഉടമയായ ഭുരെ ലാല്‍ കെട്ടിടം പൊളിക്കുന്നതിനെതിരെ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഹര്‍ജി തള്ളുകയായിരുന്നു. തുടര്‍ന്നാണ് നഗരസഭ കെട്ടിടം പൊളിച്ചുനീക്കിയത്. എന്നാല്‍ ഭൂരെ ലാലിന് മൂന്ന് മാസം താത്കാലികമായി താമസിക്കാന്‍ സൗകര്യമൊരുക്കണമെന്ന് മുന്‍സിപ്പല്‍ കൗണ്‍സിലിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇന്‍ഡോറിലെ ഗഞ്ച് പ്രദേശത്ത് അനധികൃതമായി സ്ഥാപിക്കപ്പെട്ട കെട്ടിടം പൊളിച്ചു നീക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ ബിജെപി എംഎല്‍എ ആകാശ് വിജയവര്‍ഗിയ ആക്രമിച്ചത് വന്‍ വിവാദമായിരുന്നു. ക്രിക്കറ്റ് ബാറ്റുമായി എത്തിയ ആകാശ് വിജയവര്‍ഗിയ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ എംഎല്‍എയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ആകാശ് വിജയവര്‍ഗിയ ഇപ്പോള്‍ ജാമ്യത്തിലാണ്.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയുടെ മകനാണ് ആകാശ് വിജയവര്‍ഗിയ.
അതേസമയം, എം.എല്‍.എയെയുടെ നടപടിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് ആരായാലും അവര്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകേണ്ടിവരുമെന്നും മോദി പറഞ്ഞിരുന്നു.