പനാജി: ഗോവയിൽ പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തിനിടെ കോൺഗ്രസിൽ കൂട്ടരാജി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് പ്രിയങ്ക ഗാന്ധി ഗോവയിൽ സന്ദർശനം നടത്തുന്നത്. ഇതിനിടെയാണ് ഗോവയിലെ കോൺഗ്രസിൽ കൂട്ടരാജിയും ആശയക്കുഴപ്പവും ഉണ്ടായിരിക്കുന്നത്.
പോർവോറിം നിയമസഭാ മണ്ഡലത്തിലെ നേതാക്കളാണ് രാജി പ്രഖ്യാപിച്ചത്. ദക്ഷിണ ഗോവയിൽ നിന്നുള്ള മുതിർന്ന നേതാവ് മൊറീനോ റിബെലോയും രാജി പ്രഖ്യാപിച്ചു. പാർട്ടിക്കെതിരെ പ്രവർത്തിച്ചിട്ടും അലിക്സോ റെജിനൽഡോ ലോറൻകോയ്ക്ക് പാർട്ടി സീറ്റ് നൽകിയതിൽ താൻ അസ്വസ്ഥനാണെന്ന് റിബെലോ വ്യക്തമാക്കി.
ALSO READ: Goa Assembly polls 2022: ഗോവ ലക്ഷ്യമിട്ട് പ്രിയങ്ക ഗാന്ധി, ഡിസംബർ 10 ന് പ്രചാരണത്തിന് തുടക്കം
വരാനിരിക്കുന്ന ഗോവ തെരഞ്ഞെടുപ്പിൽ ഗൗരവമായി മത്സരിക്കാൻ കോൺഗ്രസ് പാർട്ടിക്ക് താൽപ്പര്യമില്ലെന്ന് തോന്നുന്നുവെന്ന് രാജി പ്രഖ്യാപിച്ച നേതാക്കൾ ആരോപിച്ചു. ചില നേതാക്കളുടെ മനോഭാവം തെരഞ്ഞെടുപ്പിനെ ഗൗരവത്തോടെ കാണുന്നില്ലെന്ന് തോന്നിപ്പിക്കുന്നതാണെന്ന് നേതാക്കൾ പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിനായി ഗോവ ഫോർവേഡ് പാർട്ടിയുമായി (ജിഎഫ്‌പി) ധാരണയുണ്ടാക്കിയതിനെച്ചൊല്ലി കോൺഗ്രസിൽ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നതിന് പിന്നാലെയാണ് കൂട്ടരാജി. ജിഎഫ്‌പി കോൺഗ്രസിന് പിന്തുണ നൽകുക മാത്രമാണ് ചെയ്തതെന്നും ഈ ഘട്ടത്തിൽ അതിനെ സഖ്യമായി വിശേഷിപ്പിക്കാൻ സാധിക്കില്ലെന്നുമാണ് ഗോവ കോൺഗ്രസ് തിരഞ്ഞെടുപ്പ് ചുമതലയുള്ള പി ചിദംബരം വ്യക്തമാക്കിയത്.
മുതിർന്ന കോൺഗ്രസ് നേതാവ് ദിനേഷ് ഗുണ്ടു റാവു, ജിഎഫ്‌പി മേധാവി വിജയ് സർദേശായിയും ചോദങ്കറും തമ്മിൽ ശനിയാഴ്ച കൂടിക്കാഴ്ച നടത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഗോവ സന്ദർശന വേളയിൽ പ്രിയങ്ക ഗാന്ധി വിവിധ പരിപാടികളിൽ പങ്കെടുക്കും. പ്രിയങ്ക ഗാന്ധി ഗോവ സന്ദർശനത്തിനിടെ യുവാക്കളോടും സ്ത്രീകളോടും സംവദിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...