ന്യൂഡൽഹി: യുഎസ്-ഇന്ത്യ വിദ്യാഭ്യാസ ഫൗണ്ടേഷൻ (യു.എസ്.ഐ.ഇ.എഫ്.) നടത്തിവരുന്ന പ്രശസ്തമായ ഫുൾബ്രൈറ്റ്-നെഹ്റു ഫെലോഷിപ്പ് ഉൾപ്പെടെയുള്ള ഫുൾബ്രൈറ്റ് ഫെലോഷിപ്പുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചുതുടങ്ങിയതായി യു.എസ്.ഐ.ഇ.എഫ്. അറിയിച്ചു. യു.എസ്. ഡിപ്പാർട്ട്മെൻറ് ഓഫ് സ്റ്റേറ്റിൻറെയും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻറെയും ധനസഹായത്തോടെ വിദ്യാർഥികൾക്ക് അക്കാദമിക, ഗവേഷണ, അദ്ധ്യാപന, തൊഴിൽപരമായ കഴിവുകൾ എന്നിവയെ സമ്പന്നമാക്കുന്ന അവസരങ്ങൾ ഒരുക്കുന്നതിലൂടെ ഇന്ത്യയിലെയും യുണൈറ്റഡ് സ്റ്റേറ്റ്സിലെയും ജനങ്ങളെ കൂടുതൽ അടുപ്പിക്കാൻ ഇത്തരം എക്സ്ചേഞ്ച് പ്രോഗ്രാമുകൾ സഹായിച്ചിട്ടുണ്ട്. അത്തരം എക്സ്ചേഞ്ചുകളുടെയും സ്കോളർഷിപ്പ് പ്രോഗ്രാമുകളുടെയും ഭാഗമായിത്തീരുന്നതിന് അവസരം സിദ്ധിച്ച പൂർവ്വ വിദ്യാർത്ഥികൾ, അവരുടെ പാഠ്യവിഷയങ്ങളിലും തൊഴിൽ മേഖലകളിലും ഉന്നതമായ നേതൃപാടവം പ്രകടമാക്കിയിട്ടുണ്ട്. പഠനത്തിൽ അസാധാരണമായ മികവ് പ്രദർശിപ്പിച്ചിട്ടുളള ഇന്ത്യൻ വിദ്യാർത്ഥികൾ, വിവിധ വിഷയങ്ങളിൽ പാണ്ഡ്യത്യമുളളവർ, അദ്ധ്യാപകർ, കലാകാരന്മാർ, വിവിധ പശ്ചാത്തലങ്ങളിൽ നിന്നുളള ഉദ്യോഗസ്ഥർ എന്നിവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഫുൾബ്രൈറ്റ് ഫെലോഷിപ്പുകൾ നേടിയ ചില ഇന്ത്യൻ വിദ്യാർഥികളുടെ അനുഭവങ്ങൾ
“ഫുൾബ്രൈറ്റ്-നെഹ്റു സ്കോളർഷിപ്പ് എൻറെ വ്യക്തിപരമായ ജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും ഒരേ പോലെ മാറ്റിമറിച്ചു. ഈ അവസരം, വിശാലമായ തോതിലുളള ബന്ധങ്ങളും അറിവ് പങ്കു വെക്കുന്നതിനുളള വേദികളും എനിക്ക് ഒരുക്കി തന്നു. ഫുൾബ്രൈറ്റ്-നെഹ്റു സ്കോളർഷിപ്പ് പ്രാദേശിക തലത്തിൽ മാത്രം ശ്രദ്ധയൂന്നിക്കൊണ്ടിരുന്ന പ്രവണതയിൽ നിന്ന് എൻറെ വീക്ഷണത്തിന് ഒരു അന്താരാഷ്ട്ര മാനം നൽകി വിശാലമാക്കിത്തീർത്തു. ഇന്ന് ബ്ലൂംബെർഗ് സ്കൂളിലെ ഏഷ്യാ പസഫിക് പബ്ലിക് ഹെൽത്ത് നെറ്റ് വർക്ക് പ്രസിഡണ്ടായി ഞാൻ അഭിമാനത്തോടെ സേവനമനുഷ്ഠിക്കുകയാണ്. എൻറെ ജീവിതത്തിലും തൊഴിൽപരമായ യാത്രയിലും ഫുൾബ്രൈറ്റ് ചെലുത്തിയ ആഴത്തിലുള്ള സ്വാധീനമാണ് ഇന്നത്തെ എൻറെ ഈ പദവി ലഭിക്കാനുള്ള കാരണം.” - നവീൻ അനശ്വര, 2023-2024 ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ ഫുൾബ്രൈറ്റ്-നെഹ്റു മാസ്റ്റേഴ്സ് ഫെലോ
“ഫുൾബ്രൈറ്റ്-നെഹ്റു ഡോക്ടറൽ റിസർച്ച് ഫെലോഷിപ്പ് എൻറെ അക്കാദമികവും വ്യക്തിപരവുമായ യാത്രയെ ഗണ്യമായി മാറ്റിമറിക്കുകയുണ്ടായി. ജോലി സംബന്ധമായി എനിക്ക് ഗവേഷണത്തിലെ വൈവിദ്ധ്യമാർന്ന കഴിവുകൾ, കാഴ്ചപ്പാടുകൾ, മൂല്യവത്തായ പരസ്പര സഹകരണത്തിനുളള അവസരങ്ങൾ എന്നിവയിലേക്ക് ഈ ഫെലോഷിപ്പ് വാതിലുകൾ തുറന്നു. എൻറെ വ്യക്തിത്വത്തെയും മൂല്യങ്ങളെയും കുറിച്ച് ആഴത്തിൽ ചിന്തിക്കുന്നതിന് എനിക്ക് പ്രചോദനം പകർന്നു കൊണ്ട് എന്നെത്തന്നെ കണ്ടെത്തുന്നതിനുളള ഒരു സവിശേഷ സ്ഥലം ഒരുക്കിത്തന്നു ഈ ഫെലോഷിപ്പ്. നമ്മിൽ പൂർണ്ണമായും പ്രഭാവം സൃഷ്ടിക്കുന്ന ഈ അനുഭവം എൻറെ മൊത്തത്തിലുള്ള വ്യക്തിത്വത്തിലും ക്ഷേമസ്ഥിതിയിലും ആഴത്തിലുളളതും സുസ്ഥിരവുമായ ഒരു സ്വാധീനം ചെലുത്തി.” - സന ഇംതിയാസ്ബായി ജിൻദാനി, 2023 കാലിഫോർണിയ സർവകലാശാല - ഡേവിസ് ഫുൾബ്രൈറ്റ്-നെഹ്റു ഡോക്ടറൽ റിസേർച്ച് ഫെലോ
“സിയാറ്റിലിലെ വാഷിംഗ്ടൺ സർവകലാശാലയിലെ എൻറെ ഫുൾബ്രൈറ്റ് യാത്ര എന്നിൽ വലിയ പരിവർത്തനമുണ്ടാക്കി. ഇവിടെ ചെലവഴിച്ച സമയം എൻറെ ഗവേഷണപരമായ ചോദ്യങ്ങളെ മെച്ചപ്പെടുത്തി എന്ന് മാത്രമല്ല ഉത്തരങ്ങൾ കണ്ടെത്തുന്നതിനെ ഞാൻ സമീപിക്കുന്ന രീതിയിലും നന്നായി സ്വാധീനം ചെലുത്തി. കാലാവസ്ഥാ വ്യതിയാനത്തിലും ശുദ്ധജലവുമായി ബന്ധപ്പെട്ട പരിസ്ഥിതി ശാസ്ത്രത്തിലും പ്രാഗൽഭ്യം സിദ്ധിച്ചിട്ടുളള വിശിഷ്ട വ്യക്തികളുമായി ആശയവിനിമയം ചെയ്യുന്നതിന് ലഭിച്ച അവസരങ്ങൾ മികച്ച ഒരു അനുഭവം തന്നെയായിരുന്നു. ഇത് അക്കാദമിക തലത്തിലും തൊഴിൽപരമായ തലത്തിലുമുളള എൻറെ വളർച്ചയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്.” - ആഷ്ന ശർമ്മ, യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടൺ - സിയാറ്റിൽ, പോസ്റ്റ്ഡോക്ടറൽ റിസർച്ചിന് വേണ്ടിയുളള 2023-2024 ഫുൾബ്രൈറ്റ്-കലാം ക്ലൈമറ്റ് ഫെലോ
കഴിഞ്ഞ 78 വർഷങ്ങളായി യു.എസ്. സർക്കാർ ലോകത്തുടനീളം നടത്തുന്ന ഫുൾബ്രൈറ്റ് പ്രോഗ്രാം ശാശ്വതമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാനും തെറ്റിദ്ധാരണകൾ നീക്കാനും പൊതു ലക്ഷ്യങ്ങൾക്കായി ഒരുമിച്ച് പ്രവർത്തിക്കാൻ വ്യക്തികളേയും രാജ്യങ്ങളേയും സഹായിക്കുകയും ചെയ്തിട്ടുണ്ട്.
ഫുൾബ്രൈറ്റ് പ്രോഗ്രാം 2025-2026 അധ്യയന വർഷത്തേക്ക് നേടാനായി ഇന്ത്യൻ പൗരന്മാരിൽ നിന്ന് യു.എസ്.ഐ.ഇ.എഫ്. ഇപ്പോൾ അപേക്ഷകൾ സ്വീകരിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിച്ച് ഒരു സാംസ്കാരിക അംബാസഡറാകാൻ കഴിയുന്നയാളാണോ നിങ്ങൾ അല്ലെങ്കിൽ നിങ്ങൾക്കറിയാവുന്ന മറ്റാരെങ്കിലും എന്ന് വിലയിരുത്തുക. അങ്ങനെയെങ്കിൽ ഈ അവസരത്തിൻറെ മഹത്വം നേരിട്ട് അനുഭവിച്ചറിയാനുള്ള ഒരു അവസരമായിരിക്കും ലഭിക്കുക.
കൂടുതൽ വിവരങ്ങൾക്ക്, www.usief.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകർക്ക് അവരുടെ എന്തെങ്കിലും സംശയങ്ങൾ ip@usief.org.in എന്ന ഇമെയിലിലേക്ക് അയക്കുകയോ ന്യൂഡൽഹി, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലെ യു.എസ്.ഐ.ഇ.എഫ്. ഓഫീസുകളിലൊന്നുമായി ബന്ധപ്പെട്ട് ഉന്നയിക്കാവുന്നതുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.