ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമയിലെ മിത്രിഗാം മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു. പോലീസും സുരക്ഷാ സേനയും സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നതെന്ന് കശ്മീർ സോൺ പോലീസിൻറെ ട്വീറ്റിൽ പറയുന്നു.
അടുത്തിടെ പുൽവാമയിൽ ഒരു കശ്മീർ പണ്ഡിറ്റിനെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സൈന്യം ശക്തമായ പരിശോധനയാണ് പുൽവാമയിൽ നടത്തിയത്. തുടർന്ന് ഫെബ്രുവരി 28ന് പുലർച്ചെ അവന്തിപ്പൊരയിൽ വെച്ച് ഒരു ഭീകരനെ സുരക്ഷാ സേന വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ട ഭീകരൻ കശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നുവെന്ന് പിന്നീട് സ്ഥിരീകരിച്ചു.
Also Read: ഡൽഹിയിൽ വാടക വീടിനുള്ളിൽ യുവതിയുടെ മൃതദേഹം, കഴുത്തറുത്ത നിലയില്‍
ഫെബ്രുവരി 26നാണ് കശ്മീരി പണ്ഡിറ്റിനെ ഭീകരർ കൊലപ്പെടുത്തിയത്. സഞ്ജയ് ശർമ്മ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് കശ്മീർ പോലീസ് അറിയിച്ചിരുന്നു. പുൽവാമയിലെ പ്രാദേശികമായ ഒരു മാർക്കറ്റിലേയ്ക്ക് പോകുന്ന വഴിയാണ് ഭീകരർ സഞ്ജയ് ശർമ്മയ്ക്ക് നേരെ വെടിയുതിർത്തത്. ഉടൻ തന്നെ അദ്ദേഹത്തെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ ജമ്മു കശ്മീരിലും പഞ്ചാബിലും എൻഐഎ വ്യാപകമായ റെയ്ഡ് നടത്തിയിരുന്നു. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനകളുമായി ബന്ധപ്പെട്ട കേസിൻറെ ഭാഗമായി ജമ്മു കശ്മീരിലും പഞ്ചാബിലുമായി 15 സ്ഥലങ്ങളിലായിരുന്നു എൻഐഎയുടെ റെയ്ഡ്. ജമ്മു കശ്മീരിലെ ശ്രീനഗർ, ബരാമുള്ള, പുൽവാമ, അനന്തനാഗ്, ബുദ്ഗാം, കതുവ എന്നീ ആറ് ജില്ലകളിലെ 14 മേഖലകളിലും പഞ്ചാബിലെ ഫത്തേഗഡ് സാഹിബിലുമായിരുന്നു എൻഐഎ റെയ്ഡ്.
ജമ്മു കശ്മീരിലെ യുവാക്കളെ ഭീകര സംഘടനകളിലേയ്ക്ക് ആകർഷിക്കാനും ഇവരെ ഉപയോഗിച്ച് ന്യൂനപക്ഷങ്ങൾ, സുരക്ഷാസേന ഉദ്യോഗസ്ഥർ, മതപരമായ ആഘോഷങ്ങൾ എന്നിവയ്ക്ക് നേരെ ആക്രമണം നടത്താനും ചില ഭീകര സംഘടനകൾ പദ്ധതിയിട്ടിരുന്നതായി എൻഐഎ അറിയിച്ചു. വിവിധ നിരോധിത സംഘടനകളിലെ ഓവർ ഗ്രൌണ്ട് വർക്കർമാരെയും നേതാക്കൻമാരെയും ലക്ഷ്യമിട്ടായിരുന്നു എൻഐഎയുടെ പരിശോധന. അന്വേഷണത്തിൻറെ ഭാഗമായി സംശയം തോന്നിയ 12 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്ക് പാകിസ്താനിലുള്ള ഇടനിലക്കാരുമായി ബന്ധമുണ്ടെന്നും എൻഐഎ കണ്ടെത്തി. ഈ 12 പേരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡിൽ നിരവധി ഡിജിറ്റൽ ഉപകരണങ്ങളും മറ്റ് രേഖകളും കണ്ടെത്തിയിരുന്നു.
കഴിഞ്ഞ വർഷം ജൂണിലാണ് വിവിധ നിരോധിത സംഘടനകളിലെ ഓവർ ഗ്രൌണ്ട് വർക്കർമാർ, നേതാക്കൻമാർ, അവരുടെ സഹായികൾ എന്നിവർക്കെതിരെ എൻഐഎ സ്വമേധയാ കേസ് എടുത്തത്. ഇവർ വ്യാജ പേരുകളിൽ പാകിസ്താനി കമാൻഡർമാരുടെയും ഇടനിലക്കാരുടെയും നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. തുടരന്വേഷണത്തിൽ ഇവർ സൈബർ ഇടങ്ങളിലൂടെ ജമ്മു കശ്മീരിൽ ഭീകരത പ്രചരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും എൻഐഎ സ്ഥിരീകരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...