ഒടുവിൽ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിരിക്കുകയാണ്. അപ്രതീക്ഷിത തിരിച്ചടികളുടേയും വിജയങ്ങളുടേയും ചിത്രങ്ങളാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പുകളിൽ ആകെ ദൃശ്യമാകുന്നത്. ജനവിധി പുറത്തു വന്നപ്പോൾ അപ്രതീക്ഷിത തോൽവി ഏറ്റു വാങ്ങിയ പ്രമുഖർ ആരൊക്കെയെന്ന് നോക്കാം.
ചരൺജിത് സിങ് ഛന്നി
ദേശീയ രാഷ്ട്രീയം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന തെരഞ്ഞടുപ്പ് ഫലമാണ് പഞ്ചാബിലേത്. ആം ആദ്മി പാർട്ടി പുതു ചരിത്രം കുറിച്ച് സംസ്ഥാനത്ത് വൻ മുന്നേറ്റം നടത്തിയതോടെ പല വമ്പൻമാർക്കും കാലിടറുകയായിരുന്നു. രണ്ടു സീറ്റുകളിൽ മത്സരിച്ച നിലവിലെ മുഖ്യമന്ത്രിയും കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ ചരൺ ജിത്ത് സിംഗ് ഛന്നി ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. ബർണാല ജില്ലയിലെ ബദൗർ മണ്ഡലത്തിലും ചംകോർ സാഹിബ് മണ്ഡലത്തിലുമാണ് ഛന്നി ഭാഗ്യ പരീക്ഷണം നടത്തിയത്.
നവ്ജ്യോത് സിംഗ് സിദ്ദു
അമൃത്സർ ഈസ്റ്റിൽ മത്സരിച്ച പഞ്ചാബ് പിസിസി അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദുവും ദയനീയമായി പരാജയപ്പെട്ടു. 6750 വോട്ടിനാണ് തോൽവി. ഈ സീറ്റും ആം ആദ്മി പാർട്ടി പിടിച്ചെടുക്കുകയായിരുന്നു. സിദ്ദു മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. എ എ പി യുടെ ജീവൻ ജ്യോത് കൗർ ആണ് 5999 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഇവിടെ ജയിച്ചു.ഇവിടുത്തെ ശിരോമണി അകാലിദൾ സ്ഥാനാർഥി ബിക്രം സിങ് മജീദിയ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഹരീഷ് റാവത്ത്
കോൺഗ്രസ് പാർട്ടിക്ക് ഇത് അക്ഷരാർത്ഥത്തിൽ തിരിച്ചടിയുടെ തിരഞ്ഞെടുപ്പാണ്. ഉത്തരാഖണ്ഡിലെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥി ഹരീഷ് റാവത്തിന്റെ തോൽവിയും ഇതിൽ എടുത്തു പറയേണ്ടതാണ്. ലാൽഖുവയിൽ ബിജെപി സ്ഥാനാർഥിയെക്കാൾ 16,000ൽ അധികം വോട്ടിനായിരുന്നു ഹരീഷ് റാവത്ത് പരാജയം രുചിച്ചത്. കോൺഗ്രസിന്റെ ശക്തികേന്ദ്രത്തിലായിരുന്നു ഹരീഷ് റാവത്ത് ദയനീയ പരാജയം ഏറ്റുവാങ്ങിയത്.
പുഷ്കർ സിങ് ധാമി
ഉത്തരാഖണ്ഡിൽ ബിജെപി തുടർ ഭരണം നേടുമ്പോഴും നിലവിലെ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ പരാജയം ബി.ജെ.പിക്ക് വലിയ ഞെട്ടലാകുകയാണ്. ഖാത്തിമയിൽ കോൺഗ്രസിന്റെ ഭുവൻ ചന്ദ്ര കാപ്രിയോടാണ് 6,932 വോട്ടിന് പുഷ്കർ സിങ് ധാമി പരാജയപ്പെട്ടത്.
ആദ്യ റൗണ്ടിൽ ഒപ്പത്തിനൊപ്പം പോരാടിയ കോൺഗ്രസിനെ ബഹുദൂരം പിന്നിലാക്കിയാണ് ബിജെപി സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകൾ മറികടന്നത്.
അമരീന്ദർ സിങ്
കോൺഗ്രസുമായി പിണങ്ങി ബിജെപി പാളയത്തിൽ ചേക്കേറിയ അമരീന്ദർ സിങ് പരാജയപ്പെട്ടു. 19,873 വോട്ടുകൾക്കായിരുന്നു തോൽവി.
പട്യാല മണ്ഡലത്തിൽ നിന്നാണ് മുൻ മുഖ്യമന്ത്രി കൂടിയായ അമരീന്ദർ സിങ് പരാജയപ്പെട്ടത്. മണ്ഡലത്തിൽ നിന്ന് ആംആദ്‌മി സ്ഥാനാർഥി അജിത് പാൽ സിങ് കോഹ്‌ലി വിജയിച്ചപ്പോൾ ക്യാപ്‌റ്റൻ നാലാം സ്ഥാനത്തേക്ക് തഴയപ്പെടുകയായിരുന്നു. കോൺഗ്രസിൽ നിന്ന് പുറത്തു വന്ന് സ്വന്തമായി പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പാർട്ടി രൂപികരിച്ചുകൊണ്ടായിരുന്നു അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടത്. പാർട്ടി ബിജെപിയുടെ സഖ്യകക്ഷിയാണ്. ജനങ്ങളുടെ വിധിയെ ഞാൻ വിനയത്തോടെ സ്വീകരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഉത്പൽ പരീക്കർ
ഗോവയിൽ പരീക്കറിന്റെ മണ്ഡലത്തിൽ മകന് തോൽവി. ഗോവയിലെ ഏറ്റവും ശ്രദ്ധേയ മണ്ഡലങ്ങളിലൊന്നായ പനാജിയിലാണ് മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കറിന് തോൽവി ഏറ്റു വാങ്ങേണ്ടി വന്നത്. 1994 മുതൽ ബിജെപിയുടെ ഉരുക്കുകോട്ടയായിരുന്നു പനാജി. മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് ഉത്പൽ പരീക്കർ മത്സരിച്ചത്. 716 വോട്ടിനാണ് ബിജെപി സ്ഥാനാർഥി അതനാസിയോ ബാബുഷ് മൊൺസെരാറ്റയോട് ഉത്പൽ പരീക്കർ പരാജയപ്പെട്ടത്. കോൺഗ്രസ് സ്ഥാനാർഥി എൽവിസ് ഗോമസ് മൂന്നാം സ്ഥാനത്തേക്ക് പിൻ തള്ളപ്പെടുകയായിരുന്നു.
പ്രകാശ് സിങ് ബാദൽ
പഞ്ചാബിലെ ലംബി മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ ശിരോമണി അകാലിദൾ നേതാവായ പ്രകാശ് സിങ് ബാദൽ പരാജയപ്പെട്ടു. മുതിർന്ന നേതാവായ അദ്ദേഹം അഞ്ച് തവണ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന നേതാവാണ്. എഎപി സ്ഥാനാർഥിയോടാണ് അദ്ദേഹം പരാജയപ്പെട്ടത്. 9600ലേറെ വോട്ടുകൾക്കായിരുന്നു പർകാശ് സിങ് ബാദലിന്റെ പരാജയം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...