New Delhi: കോവിഡിനു പിന്നാലെ പുതിയ വെല്ലുവിളിയായി ബ്ലാക്ക് ഫംഗസ് (Black Fungus). ഇതിനോടകം രാജ്യത്ത് ഏഴായിരത്തിലേറെ പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു...
കോവിഡ് ബാധിതരില്‍ കണ്ടുവരുന്ന ബ്ലാക്ക് ഫംഗസ് (Black Fungus) കഴിഞ്ഞവര്‍ഷവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, കോവിഡ് രണ്ടാം തരംഗത്തില്‍ ബ്ലാക്ക് ഫംഗസ് ബാധ കൂടുതല്‍ സംസ്ഥാനങ്ങളില്‍ കാണുന്നുണ്ട്. കൂടാതെ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചതോടെ അപകടകരമായ സാഹചര്യം ഉടലെടുത്തിരിയ്ക്കുകയാണ്.
രാജ്യത്ത് ഇതുവരെ 7,250 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. ഇതുവരെ 219 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. മഹാരാഷ്ട്രയില്‍ രണ്ടായിരത്തിലധികം കേസുകളാണ് ഉള്ളത്.
കര്‍ണാടക, ഉത്തരാഖണ്ഡ്, തെലങ്കാന, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഹരിയാന, ബീഹാര്‍ എന്നിവിടങ്ങളിലും ബ്ലാക്ക് ഫംഗസ് കേസുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. 13 സംസ്ഥാനങ്ങള്‍ ബ്ലാക്ക് ഫംഗസ് ഭീതിയിലാണ് എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ബ്ലാക്ക് ഫംഗസ് പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. പകര്‍ച്ചവ്യാധി നിയമത്തിന്‍റെ പരിധിയില്‍പ്പെടുത്തണമെന്നറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ചത്.
Also Read: ബ്ലാക്ക് ഫംഗസ് ബാധ; മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്, ജാഗ്രത നിർദേശം
ബ്ലാക്ക് ഫംഗസ് ചികിത്സക്ക് തയ്യാറെടുക്കാന്‍ ഡല്‍ഹിയിലെ 3 പ്രമുഖ ആശുപത്രികള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശവും നല്‍കിയിരിയ്ക്കുകയാണ്. 35 രോഗികള്‍ വീതം എയിംസിലും ഗംഗാറാം ആശുപത്രിയിലും ചികിത്സയിലാണ്.
ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്ക് സ്റ്റീറോയിഡ് നല്‍കുന്നതാവാം ബ്ലാക്ക് ഫംഗസിന് കാരണമാകുന്നത് എന്നാണ് അനുമാനം. എന്നാല്‍ ഇതെപ്പറ്റി വ്യക്തമായ സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
Also Read: Black Fungus : ബ്ലാക്ക് ഫംഗസ് Epidemic ആയി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാർ
രാജ്യത്ത് കോവിഡിനൊപ്പം നിശബ്ദ കൊലയാളിയായി ബ്ലാക് ഫംഗസ് മുന്നേറുമ്പോള്‍ ബീഹാറില്‍ വൈറ്റ് ഫംഗസ് രോഗവും സ്ഥിരീകരിച്ചു. പറ്റ്നയിലാണ് ഡോക്ടര്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി തരണം ചെയ്യാന്‍ പാടുപെടുന്ന ഇന്ത്യയുടെ ആരോഗ്യ മേഖലയ്ക്ക് മറ്റൊരു വലിയ പ്രതിസന്ധി കൂടി നേരിടേണ്ട അവസ്ഥയാണ് ഇപ്പോള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA