ശരീരത്തിലെ മറ്റേത് അവയവങ്ങളെയും ബാധിക്കുന്നത് പോലെ തന്നെ പ്രമേഹം കണ്ണുകളെയും ബാധിക്കാറുണ്ട്. ക്രമേണ ഇത് അന്ധതയിലേക്ക് വരെ നയിക്കാം. പ്രമേഹം കണ്ണിലെ റെറ്റിനയെ ബാധിച്ച് കാഴ്ച വൈകല്യത്തിലേക്ക് നയിക്കുന്ന അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപ്പതി. പ്രമേഹം മൂലം റെറ്റിനയ്ക്കും കണ്ണിലെ ചെറിയ രക്തക്കുഴലുകൾക്കും ഉണ്ടാകുന്ന വൈകല്യങ്ങളെയാണ് ഡയബറ്റിക് റെറ്റിനോപ്പതി എന്ന് പറയുന്നത്.
റെറ്റിനയിലും നേത്രനാഡിയിലും ഉണ്ടാകുന്ന ചെറിയ ക്ഷതങ്ങൾപോലും കണ്ണിന്റെ കാഴ്ചയെ ബാധിക്കും. റെറ്റിനയിൽ കൃത്യമായ പ്രതിബിംബങ്ങൾ രൂപപ്പെടാതിരിക്കുകയും പ്രതിബിംബങ്ങൾ കൃത്യമായി തലച്ചോറിലെത്തിക്കാൻ സാധിക്കാതെയും ആകും. മറ്റ് ശാരീരകാവയവങ്ങളെ പോലെ തന്നെ റെറ്റിനയും പോഷകങ്ങൾ സ്വീകരിക്കുന്നത് രക്തത്തിൽ നിന്ന് തന്നെയാണ്. പ്രമേഹം കൂടുന്നതോടെ ഈ ഭാഗത്തേക്കുള്ള രക്തക്കുഴലുകൾ സങ്കോചിക്കുകയും രക്തപ്രവാഹം കുറയുകയും ചെയ്യുന്നു.
ഡയബറ്റിക് റെറ്റിനോപ്പതിയുടെ ആദ്യ ഘട്ടം തുടങ്ങുന്നത് റെറ്റിനയിൽ നിന്ന് തന്നെയാണ്. രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ റെറ്റിനയിലെ രക്തക്കുഴലുകളിൽ നിന്നും രക്തം ചോർന്ന് റെറ്റിനയ്ക്ക് ക്ഷതം സംഭവിക്കും. തുടർന്ന് പുതിയ രക്തക്കുഴലുകൾ വികസിച്ചുവരുന്നു. പുതിയതായി വന്നവ ദുർബലവും പെട്ടെന്ന് പൊട്ടി പോകുന്നതുമാണ്. പ്രമേഹം ബാധിച്ച ഒരാൾക്ക് ഉടൻ തന്നെ ഡയബറ്റിക് റെറ്റിനോപ്പതി സംഭവിക്കുന്നില്ല. പ്രമേഹം വന്ന് ദീർഘനാൾ കഴിയുമ്പോഴാണ് റെറ്റിനോപ്പതിയിലേക്ക് നയിക്കുന്നത്. ഗർഭസമയത്ത് കണ്ടുവരുന്ന പ്രമേഹം മിക്കവരിലും പ്രസവത്തോടെ മാറുന്നതാണെങ്കിലും ഇവർക്ക് ഡയബറ്റിക് റെറ്റിനോപ്പതി വരാനുള്ള സാധ്യത കൂടുതലാണ് .
ലക്ഷണങ്ങൾ
*പെട്ടെന്ന് കാഴ്ചമങ്ങുക
* വെളിച്ചത്തിന് ചുറ്റും വൃത്തങ്ങൾ കാണുക
*കാഴ്ച കുറഞ്ഞുവരിക
ചികിത്സാ രീതികൾ
*പ്രമേഹം നിയന്ത്രണവിധേയമാക്കുന്നതിനായി ചികിത്സ തേടുക
*റെറ്റിനോപ്പതിക്ക് ലേസർ ചികിത്സ ഗുണം ചെയ്യും
*തുടക്കത്തിൽ തന്നെ ചികിത്സിക്കുന്നതിലൂടെ ഡയബറ്റിക് റെറ്റിനോപ്പതിയുടെ തീവ്രതയും വ്യാപനവും കുറയ്ക്കാൻ സാധിക്കും
മുൻകരുതലുകൾ എടുക്കാം...
* ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹം നിയന്ത്രിക്കാം
* പ്രമേഹ നിരക്ക് കൂടിയും കുറഞ്ഞുമിരിക്കുന്നത് റെറ്റിനോപ്പതിക്കുള്ള സാധ്യത കൂട്ടും
* പ്രമേഹരോഗികൾ 6-9 മാസം കൂടുമ്പോൾ നേത്രപരിശോധന നടത്തണം
* നിയന്ത്രണവിധേയമല്ലാത്ത പ്രമേഹമുള്ളവർ മൂന്ന് മാസം കൂടുമ്പോൾ നേത്രപരിശോധന നടത്തണം
* പാരമ്പര്യമായി പ്രമേഹമുള്ളവർ നേരത്തെ പരിശോധന തുടങ്ങണം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...