സംസ്ഥാനത്ത് കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 34 മുതൽ 36 വരെ ഡിഗ്രി ചൂടാണ് സാധാരണ ലഭിക്കാറുളളത്. എന്നാൽ ഇത്തവണ താപനില അനുഭവപ്പെടുന്നത് 38.7 ഡിഗ്രിക്ക് മുകളിലാണ്. സംസ്ഥാനത്ത് ഏറ്റവും ചൂട് കൂടിയ സാഹചര്യമാണ് നിലവിലുള്ളതെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. പല ജില്ലകളിലും ചൂട് ക്രമാതീതമായി വർദ്ധിച്ചു വരുന്നു. അതിനാൽ തന്നെ സൂര്യാഘാതമേല്‍ക്കാനും സൂര്യാതപത്തിനും സാധ്യത കൂടുതലാണ്.
കാലാവസ്ഥ മാറുന്നതനുസരിച്ച് നാം നമ്മുടെ ജീവിത ശൈലിയും മാറ്റാറുണ്ട്. അതായത് ഭക്ഷണകാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തില്ലെങ്കിൽ അത് നമ്മുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കും. അതിലൂടെ നിരവധി ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും. അതിനാൽ, ചൂടുകാലത്ത് ചില ഭക്ഷണപദാർത്ഥങ്ങൾ നാം ഒഴിവാക്കുന്നതാണ് നല്ലത്.
ചായ, കാപ്പി
ചൂട് കാലത്ത് ചായ, കാപ്പി എന്നിവ കുടിക്കുന്നത് അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും അതുപോലെ മലബന്ധ പ്രശ്നങ്ങള്‍ക്കും കാരണമായേക്കും. സ്ഥിരമായി ചായയോ കാപ്പിയോ കുടിക്കുന്നതിലൂടെ ഉറക്കകുറവ് ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. ഇതിന് പകരമായി കരിക്കിൻ വെളളം, മോര്, ജ്യൂസുകൾ, നാരങ്ങാവെളളം തുടങ്ങിയവ ശീലമാക്കുക.
ഇഞ്ചി, വെളുത്തുളളി
വേനൽക്കാലത്ത് ഇഞ്ചിയും വെളുത്തുള്ളിയും കഴിവതും ഒഴിവാക്കുക. വേനൽക്കാലത്ത് ഇഞ്ചി കൂടുതലായി കഴിച്ചാൽ ഹൃദയമിടിപ്പ് കൂടാൻ സാധ്യതയുണ്ട്. വയറുണങ്ങാനും ഇത് കാരണമാകും. അതുപോലെ വേനൽക്കാലത്ത് വെളുത്തുളളി കൂടുതലായി ഉപയോഗിച്ചാൽ വയറിളക്കം ഉണ്ടാകാൻ സാധ്യതയുണ്ട്. ശരീരത്തിൽ ചൂട് കൂടുകയും ശരീരം കൂടുതൽ വിയർക്കുകയും ചെയ്യാൻ സാധ്യതയുണ്ട്.
എണ്ണമയമുളള ഭക്ഷണങ്ങള്‍ കഴിക്കാമോ ?
വേനൽക്കാലത്ത് എണ്ണമയമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് ഏറ്റവും ഉത്തമം. എണ്ണമയമുള്ള ഭക്ഷണങ്ങള്‍ കഴിച്ചാൽ അവ ദഹിക്കാന്‍ കൂടുതൽ സമയമെടുക്കും. നോൺ വെജിറ്റേറിയൻ ഭക്ഷണപദാർത്ഥങ്ങൾ, വറുത്തും പൊരിച്ചും കഴിക്കുന്നതും നല്ലതല്ല. ഇത്തരം സമയങ്ങളിൽ ശരീരത്തിന് എത്രത്തോളം തണുപ്പ് നല്‍കുന്ന ഭക്ഷണങ്ങള്‍ കഴിക്കാൻ സാധിക്കുന്നോ അത്രയും കഴിക്കുന്നതാണ് നല്ലത്. പയറുകൾ, ധാന്യങ്ങൾ എന്നിവ വേവിച്ച് കഴിക്കുന്നതും നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...