ഇന്ത്യയിൽ കോവിഡ് വ്യാപനം വീണ്ടും വർധിക്കുന്നതിനിടെ വിവിധ പനികളും പടരുന്നത് ആശങ്ക വർധിപ്പിക്കുന്നു. അതിവേഗം പടരുന്ന സ്ക്രബ് ടൈഫസ് അഥവാ ചെള്ളുപനിയും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ ഇതിനകം 15 പേർക്കാണ് സ്ക്രബ് ടൈഫസ് രോഗം ബാധിച്ചത്. ചിൻസുരയിൽ മൂന്ന് പേർക്കും മൊഗ്രയിൽ നാല് പേർക്കും പോൾബയിൽ നാല് പേർക്കും ധന്യാഖാലി, ഹരിപാൽ, പാണ്ഡുവ, പുർസുറ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം ബാധിച്ചത്. ഇവരിൽ മൂന്നുപേരെ ചിൻസുറ ഇമാംബര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ വർഷം ഹൂഗ്ലി ജില്ലയിൽ 97 പേർക്കാണ് ചെള്ളുപനി ബാധിച്ചത്. പനി, ശ്വാസംമുട്ടൽ തുടങ്ങിയ കോവിഡുമായി സാമ്യമുള്ള ലക്ഷണങ്ങളാണ് ഈ പനിക്കും ഉള്ളത്. കൃത്യസമയത്ത് കണ്ടെത്തി ചികിത്സ ഉറപ്പാക്കിയില്ലെങ്കിൽ മരണം വരെ സംഭവിക്കാം. ഈ രോഗം ബുഷ് ടൈഫസ് എന്നും അറിയപ്പെടുന്നു. ഓറിയൻഷ്യ സുസുഗമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണിത്. ചെറിയ പ്രാണികൾ കടിക്കുന്നത് വഴിയാണ് രോഗം പകരുന്നത്.
സ്‌ക്രബ് ടൈഫസ്: ലക്ഷണങ്ങൾ
സ്‌ക്രബ് ടൈഫസ് ബാധിച്ച് 5-7 ദിവസങ്ങൾക്ക് ശേഷമാണ് ഇതിന്റെ ലക്ഷണങ്ങൾ സാധാരണയായി പ്രത്യക്ഷപ്പെടുന്നത്. പനി, തലവേദന, ശ്വാസതടസ്സം, ചൊറിച്ചിൽ, ഛർദ്ദി എന്നിവയാണ് സ്‌ക്രബ് ടൈഫസിന്റെ ലക്ഷണങ്ങൾ. പ്രത്യേകിച്ച് ചർമ്മം മുഴുവൻ ചൊറിച്ചിൽ ഉണ്ടാകുന്നത് ഇതിന്റെ ലക്ഷണങ്ങളിലൊന്നാണ്. പ്രാണികൾ കടിക്കുന്ന ഭാഗത്ത് കറുത്ത പുള്ളികൾ രൂപപ്പെടുന്നു. ഡെങ്കിപ്പനിയുടെയും സ്‌ക്രബ് ടൈഫസിന്റെയും ലക്ഷണങ്ങൾ സമാനമാണ്. അതിനാൽ, മിക്കപ്പോഴും രോഗ നിർണയം പ്രയാസമാണ്. ശരിയായി ചികിത്സ ലഭിച്ചില്ലെങ്കിൽ, അവയവങ്ങൾ തകരാറിലാകാനും സാധ്യതയുണ്ട്.
സ്ക്രബ് ടൈഫസ്: എലിയെ സൂക്ഷിക്കുക
സ്ക്രബ് ടൈഫസ് പരത്തുന്ന തരം പ്രാണികൾ സാധാരണയായി കാട്ടിലാണ് കാണപ്പെടുന്നത്. ഈ പ്രാണികൾ അഴുക്കും പൊടിപടലങ്ങളും നിറഞ്ഞ ഫർണിച്ചറുകളിൽ കൂടുകൂട്ടുന്നു. സ്‌ക്രബ് ടൈഫസിന്റെ വാഹകരിൽ ഒന്നാണ് എലി. അതിനാൽ എലികൾ വീടിനുള്ളിലേക്ക് കയറാനുള്ള സാഹചര്യങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ഒഴിവാക്കണം. പാഴ് വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കരുത്. ഭക്ഷണം തുറന്ന് വയ്ക്കരുത്.
സ്‌ക്രബ് ടൈഫസ്: കുട്ടികളെ ശ്രദ്ധിക്കുക
കുട്ടികൾ കളിക്കുന്നതിനിടയിൽ പലപ്പോഴും കുറ്റിക്കാടുകൾ പോലുള്ള സ്ഥലങ്ങളിലേക്ക് പോകാറുണ്ട്. അതിനാൽ കുട്ടികളെ കൈ മുഴുവൻ മൂടുന്ന ഫുൾകൈ ഷർട്ട് ധരിപ്പിക്കണം. കാലുകൾ പൂർണമായും മൂടുന്നതിന് ഷൂസും ധരിപ്പിക്കണം. വീട്ടിൽ തിരിച്ചെത്തിയ ശേഷം ചൂടുവെള്ളത്തിൽ കുളിച്ച് വസ്ത്രങ്ങൾ നന്നായി കഴുകി വൃത്തിയാക്കുക. ആർക്കെങ്കിലും പനി, തലവേദന, ഛർദ്ദി, ശ്വാസതടസ്സം എന്നിവയുണ്ടെങ്കിൽ ഉടൻ തന്നെ ചികിത്സ തേടുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...