ആർത്തവ സമയത്ത് ഉപയോഗിക്കാവുന്ന ഏറ്റവും പ്രകൃതി സൗഹൃദമായ ഉത്പന്നങ്ങളിൽ ഒന്നാണ് മെൻസ്ട്രൽ കപ്പുകൾ. നാപ്കിനുകളോ, ടെമ്പോണുകളോ ഉപയോഗിക്കുന്നതിനേക്കാൾ അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും ഒഴിവാക്കാനും പലപ്പോഴും മെൻസ്ട്രൽ കപ്പുകൾക്ക് കഴിയാറുണ്ട്. ഇത് ഉപയോഗിക്കുന്നത് വഴി പാഡുകൾ പോലെയുള്ള ഹാനികരമായ മാലിന്യങ്ങൾ അടിഞ്ഞ് കൂടുന്നതും ഒഴിവാക്കാൻ സഹായിക്കും. മൂത്രാശയ അണുബാധ ഉൾപ്പടെയുള്ള അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും.
മെഡിക്കൽ ഗ്രേഡ് സിലിക്കൺ അല്ലെങ്കിൽ ലാറ്റക്സ് റബ്ബറുകൾ ഉപയോഗിച്ചാണ് മെൻസ്ട്രൽ കപ്പുകൾ ഉണ്ടാക്കുക. മെൻസ്ട്രൽ കപ്പുകൾ കപ്പ് ആകൃതിയിലുള്ളതോ മണിയുടെ ആകൃതിയിലുള്ളതോ ആണ്. ഇവയുടെ ഏറ്റവും പ്രധാന ആകർഷണം അവ വീണ്ടും ഉപയോഗിക്കാവുന്നവയാണ് എന്നതാണ്. പാടുകൾ പുറത്താണ് വെക്കുന്നതെങ്കിൽ യോനിയിൽ കടത്തിവയ്ക്കുന്ന വിധത്തിലുള്ള ഉത്പന്നങ്ങളാണ് മെൻസ്ട്രൽ കപ്പുകൾ.
ആദ്യമായി കപ്പ് ഉപയോഗിക്കുന്ന സ്ത്രീകൾക്ക്, അൽപം ബുദ്ധിമുട്ട് അനുഭവപ്പെടാൻ സാധ്യതയുണ്ട്. പലർക്കും ഇതിന്റെ വലുപ്പമായിരിക്കും പ്രധാന പ്രശ്നം. അതിനാൽ മെൻസ്ട്രൽ കപ്പ് തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾക്ക് ആവശ്യമായ കൃത്യമായ വലുപ്പത്തിലുള്ളത് തിരഞ്ഞെടുക്കുക. ഒഴുക്കിന്റെ തീവ്രതയെ ആശ്രയിച്ച്, നാല് മുതൽ 12 മണിക്കൂറിനുള്ളിൽ കപ്പ് മാറ്റേണ്ടതാണ്.
മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ
ആർത്തവ കപ്പുകൾ ഉപയോഗിക്കുന്ന സ്ത്രീകളിൽ അണുബാധ നിരക്കിൽ വർധനവ് കണ്ടെത്തിയിട്ടില്ല. കൂടാതെ, അവ മൃദുവായതും അണുവിമുക്തമാക്കാൻ എളുപ്പമുള്ളതുമായ മെഡിക്കൽ ഉൽപ്പന്നങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. പഠനങ്ങൾ അനുസരിച്ച്, ഈ ഉത്പന്നം യോനിയിൽ അണുബാധയ്ക്ക് കാരണമാകുന്നില്ലെന്ന് കണ്ടെത്തി. മെൻസ്ട്രൽ കപ്പ് മൂലം ടിഷ്യൂവിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തി. എന്നിരുന്നാലും, ആദ്യമായി ഉപയോഗിക്കുന്നവർക്ക് ബുദ്ധിമുട്ട് തോന്നിയേക്കാം.
മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നതിന്റെ ദോഷങ്ങൾ
ഒരു സ്ത്രീക്ക് അവളുടെ ജനനേന്ദ്രിയ ഘടനയെക്കുറിച്ച് നന്നായി അറിയില്ലെങ്കിൽ മെൻസ്ട്രൽ കപ്പ് വയ്ക്കാൻ പ്രയാസമാണ്. കൃത്യസമയത്ത് വൃത്തിയാക്കിയില്ലെങ്കിൽ അണുബാധയുണ്ടാകും. അതിനാൽ ഇവ നാല് മുതൽ 12 മണിക്കൂറിനുള്ളിൽ വൃത്തിയാക്കേണ്ടത് പ്രധാനമാണ്. ഗ്രാമ പ്രദേശങ്ങളിലെ സ്ത്രീകൾക്ക് മെൻസ്ട്രൽ കപ്പുകളെക്കുറിച്ച് കൂടുതൽ അവബോധം ഇല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...