ആർത്തവവിരാമം ഒരു സ്ത്രീയുടെ ആർത്തവചക്രത്തിന്റെ അവസാനത്തിൽ സംഭവിക്കുന്ന ഒരു സ്വാഭാവിക ജൈവ പ്രക്രിയയാണ്. 12 മാസം തുടർച്ചയായി ആർത്തവം ഉണ്ടായില്ലെങ്കിൽ ഒരു സ്ത്രീ ആർത്തവവിരാമത്തിലാണെന്ന് കണക്കാക്കുന്നു. നാൽപ്പതിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ആർത്തവ വിരാമം സംഭവിക്കുന്നത്. എന്നിരുന്നാലും ആർത്തവവിരാമം പ്രായം, ജനിതകശാസ്ത്രം, മെഡിക്കൽ അവസ്ഥകൾ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടാം. ആർത്തവവിരാമം സംഭവിക്കുന്നത് വഴി അണ്ഡാശയങ്ങൾ എഗ്സ് ഉൽപ്പാദിപ്പിക്കുന്നത് നിർത്തുകയും സ്ത്രീകളുടെ ലൈംഗിക ഹോർമോണുകളുടെ അളവ് കുറയുകയും ചെയ്യുന്നു. ഇത് ഒരു സ്ത്രീയുടെ പ്രത്യുത്പാദന പ്രക്രിയയുടെ അവസാനത്തെ സൂചിപ്പിക്കുന്നു. ആർത്തവവിരാമം ഒരു സ്ത്രീയുടെ ശരീരത്തിൽ നിരവധി മാറ്റങ്ങൾക്ക് കാരണമാകുന്നു. അടിസ്ഥാനപരമായി, ആർത്തവവിരാമത്തിന്റെ എല്ലാ ലക്ഷണങ്ങളും ശരീരത്തിന്റെ വാർധക്യം മൂലമുണ്ടാകുന്ന ലക്ഷണങ്ങൾക്ക് സമാനമാണ്. പ്രായമാകുന്തോറും വാർധക്യത്തിന്റെ സാധാരണ ലക്ഷണങ്ങളും ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങളും തമ്മിൽ വേർതിരിച്ചറിയാൻ പ്രയാസമാണ്.
ആർത്തവവിരാമം: ലക്ഷണങ്ങൾ
പല ആരോഗ്യസ്ഥിതികളും ശാരീരിക സവിശേഷതകളും ആർത്തവവിരാമത്തെ സൂചിപ്പിക്കുന്നു, ഇത് ഓരോ സ്ത്രീയുടെയും കാര്യത്തിൽ തീവ്രതയിലും ലക്ഷണങ്ങളിലും വ്യത്യാസപ്പെടാം. ഈ ലക്ഷണങ്ങൾ ഈസ്ട്രജൻ ഉൽപാദനത്തിലെ കുറവും ഹോർമോൺ വ്യതിയാനങ്ങളെയും സൂചിപ്പിക്കുന്നു. ആർത്തവ ക്രമക്കേടുകൾ, ആർത്തവവിരാമം, നീണ്ടതോ കുറഞ്ഞതോ ആയ ആർത്തവ ദൈർഘ്യം, കനത്തതോ കുറഞ്ഞതോ ആയ ബ്ലീഡിംഗ് മുതലായവയാണ് ആർത്തവവിരാമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സൂചകങ്ങൾ.
ശരീരത്തിൽ പെട്ടെന്ന് ചൂട് ഉയരുക- ശരീരത്തിൽ പെട്ടെന്ന് ചൂട് വ്യാപിക്കുന്നതായി തോന്നുക. മുഖം, കഴുത്ത്, നെഞ്ച് എന്നിവിടങ്ങളിൽ വിയർപ്പ് കൂടുക.
രാത്രി വിയർപ്പ് അധികമാകുക- രാത്രിയിൽ ശരീരത്തിന് അധികമായി ചൂട് അനുഭവപ്പെടുകയും കൂടുതലായി വിയർക്കുകയും ചെയ്യുക.
ശരീരത്തിന് പെട്ടെന്ന് തണുപ്പ് അനുഭവപ്പെടുക- മെനോപോസ് ആകുന്ന സ്ത്രീകളിൽ പെട്ടെന്ന് ചൂടും തണുപ്പും മാറി വരുന്ന അവസ്ഥയുണ്ടാകും.
യോനിയിലെ വരൾച്ച- ആർത്തവവിരാമ സമയത്ത്, യോനി വരണ്ടതായിത്തീരുന്നു, ഇത് ലൈംഗിക വേളയിൽ അസ്വസ്ഥതയിലേക്ക് നയിക്കുന്നു.
മൂത്രശങ്ക - തുമ്മൽ, ചുമ, അല്ലെങ്കിൽ ചിരി എന്നിവയ്ക്ക് ശേഷം ചെറിയ അളവിൽ മൂത്രം പോകുന്നത് നിയന്ത്രിക്കാൻ സാധിക്കാതെ വരും. ഇത് പിന്നീട് മൂത്രം പോകുന്നത് നിയന്ത്രിക്കാനുള്ള കഴിവില്ലായ്മ വരെ ഉണ്ടാകാം.
ഉറക്കമില്ലായ്മ- ക്രമരഹിതമായ ഉറക്കം, ഉറക്കമില്ലായ്മ എന്നിവയെല്ലാം ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങളാണ്.
വൈകാരിക മാറ്റങ്ങൾ- മാനസികാവസ്ഥയിൽ അടിക്കടി മാറ്റങ്ങൾ ഉണ്ടാകാം. പ്രകോപനം, ഉത്കണ്ഠ, വിഷാദം എന്നിവയിലേക്ക് നയിക്കുന്ന വൈകാരിക ക്ലേശങ്ങളും ആർത്തവവിരാമത്തിന്റെ തുടക്കത്തിന്റെ ലക്ഷണങ്ങളാണ്.
ശാരീരിക മാറ്റങ്ങൾ- ആർത്തവവിരാമത്തോട് അടുക്കുമ്പോൾ, സ്ത്രീകൾക്ക് അവരുടെ മുടിയും ചർമ്മവും വരണ്ടതും കനംകുറഞ്ഞതുമാകുന്നുവെന്ന് തോന്നിയേക്കാം. ചില സ്ത്രീകൾക്ക് ഭാരം കൂടുകയും അരയ്ക്ക് ചുറ്റും കൂടുതൽ കൊഴുപ്പ് അടിയുന്നതായി അനുഭവപ്പെടുകയും പേശീബലം കുറയുകയും വേദനാജനകവും കഠിനവുമായ സന്ധി വേദന അനുഭവപ്പെടുകയും ചെയ്യും.
ഹൃദയമിടിപ്പ് വർധിക്കുക, തലവേദന, സന്ധികളിലും പേശികളിലും വേദന, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, താൽക്കാലികമായ ഓർമ്മക്കുറവ്, ഭാരം കൂടൽ, മുടികൊഴിച്ചിൽ, ശരീരഭാരം കുറയൽ എന്നിവയും ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങളാണ്.
ആർത്തവവിരാമ ലക്ഷണങ്ങൾ സ്വാഭാവികവും സാധാരണവുമാണ്. ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം, ചില ജീവിതശൈലി പരിഷ്കാരങ്ങൾ എന്നിവ ഈ സമയത്ത് രോഗലക്ഷണങ്ങൾ കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യാവസ്ഥയും ജീവിതശൈലീ നിലവാരവും മെച്ചപ്പെടുത്താനും സഹായിക്കുന്നു. പുകവലി, മദ്യപാനം, കഫീൻ ഉപയോഗം, സമ്മർദ്ദം, ഉത്കണ്ഠ തുടങ്ങിയ ഘടകങ്ങൾ ആർത്തവവിരാമത്തിന്റെ പ്രത്യാഘാതങ്ങൾ കൂടുതൽ വഷളാകുന്നതിന് കാരണമാവുകയും രോഗലക്ഷണങ്ങൾ കൂടുതൽ ഗുരുതരമാക്കുകയും ചെയ്യും. അതുകൊണ്ട് ആർത്തവവിരാമത്തോട് അടുക്കുന്ന സ്ത്രീകൾ പുകവലി, മദ്യപാനം, കഫീൻ ഉപയോഗം എന്നിവ ഒഴിവാക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...