ആരോഗ്യം ശ്രദ്ധിക്കുക എന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. ഇന്ന് ആളുകൾക്കിടയിൽ കണ്ട് വരുന്ന ഒരുപാട് ശീലങ്ങൾ ആരോഗ്യത്തിന് വളരെ ദോഷം ചെയ്യുന്നവയാണ്. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന നിരവധി ദുശീലങ്ങൾ ആളുകൾക്കിടയിലുണ്ട്. പലപ്പോഴും ഇവ നമ്മൾ തിരിച്ചറിയുന്നില്ല. നമ്മുടെ ആരോഗ്യത്തിന് ഇത് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കും. ആരോഗ്യത്തെ ബാധിക്കുന്ന അത്തരം ശീലങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.
1. വെള്ളം കുടിക്കുന്ന ശീലം പലരിലും വളരെ കുറവാണ്. ആ ശീലം മാറ്റിയെടുക്കേണ്ടതുണ്ട്. മിക്ക ആരോഗ്യ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് ധാരാളം വെള്ളം കുടിക്കുക എന്നത്. ശരീരത്തിൽ നീർജ്ജലീകരണം ഉണ്ടാകാതെയിരിക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കണം. ചർമ്മ സംരക്ഷണത്തിനും ഇത് പ്രധാനമാണ്. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ ഇത് സഹായിക്കുന്നു.
2. ആവശ്യത്തിന് ഉറങ്ങാത്തതും ആരോഗ്യത്തെ ബാധിക്കും. വേണ്ടത്ര ഉറക്കം ലഭിക്കാതെ വന്നാൽ അത് ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കരോഗം, പ്രമേഹം, സ്ട്രോക്ക്, പൊണ്ണത്തടി, വിഷാദം എന്നിവയുൾപ്പെടെ നിരവധി വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.
രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് എത്രയും വേഗം ഒഴിവാക്കേണ്ട ഒരു ശീലമാണ്. ഉറങ്ങുന്നതിന് തൊട്ട്മുൻപായി അത്താഴം കഴിക്കുന്നത് ദഹനത്തെ ബാധിക്കും. വൈകി ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. അതിനാൽ നേരത്തെ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.
വ്യായാമം ചെയ്യാതിരിക്കുന്നത് ആരോഗ്യത്തെ ബാധിക്കും. നിരവധി ആരോഗ്യ ഗുണങ്ങളുണ്ട് വ്യായാമത്തിന്. ശരീരഭാരം നിയന്ത്രിക്കൽ, തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു, അസ്ഥികൾ, പേശികൾ, ഹൃദയം, ശ്വാസകോശം എന്നിവയെ ശക്തിപ്പെടുത്തുന്നു, നന്നായി ഉറങ്ങാൻ സഹായിക്കുന്നു, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു, നല്ല ഏകാഗ്രത ലഭിക്കുന്നു അങ്ങനെ ദൈനംദിന ജീവിതത്തിൽ ചെയ്യേണ്ട എല്ലാ കാര്യങ്ങൾക്കും സഹായിക്കുന്നതാണ് വ്യായാമം.
ജോലിക്കിടയിൽ ഭക്ഷണം കഴിക്കാൻ പോലും സമയം കിട്ടാത്തവരുണ്ട്. ജോലി ചെയ്ത് കൊണ്ടാകും ഇവർ ചിലപ്പോൾ ഭക്ഷണം കഴിക്കുന്നത് തന്നെ. ലാപ്ടോപിലോ, ഫോണിലോ നോക്കി കൊണ്ട് തന്നെ ഭക്ഷണം കഴിക്കുന്നവർ നമുക്കിടയിലുണ്ട്. എന്താണ് തങ്ങൾ കഴിക്കുന്നതെന്ന് പോലും ചിലപ്പോൾ ഇവർ അറിയുന്നുണ്ടാകില്ല. ഇത് ആരോഗ്യത്തെ വളരെ മോശമായി ബാധിക്കും. ശരീരഭാരം കൂടാൻ ഇത് കാരണമാകും. കഴിക്കുമ്പോൾ നമ്മുടെ ശ്രദ്ധ ഭക്ഷണത്തിൽ തന്നെയാകണം. ആസ്വദിച്ച് ഭക്ഷണം കഴിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...