Neem Health Benefits: ആര്യവേപ്പ് എന്നാല്‍, ഒരു സമ്പൂര്‍ണ്ണ ഔഷധശാല എന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. അതിനു കാരണമുണ്ട്. അത്രയധികം ഗുണങ്ങളാണ് ഈ ചെടിയ്ക്കുള്ളത്.
ആര്യവേപ്പിന്‍റെ ഇലകൾ, വിത്ത്, തൊലി, എന്നിവയെല്ലാം ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ്. ഈ വൃക്ഷം ആയുർവേദം പ്രകാരം നമ്മുടെ 'നല്ല ആരോഗ്യത്തെ' പ്രതിനിധാനം ചെയ്യുന്നു. മിക്ക വീടുകളിലും ഉള്ള ഒരു വൃക്ഷമാണ് ആര്യവേപ്പ്. സൗന്ദര്യ സംരക്ഷണത്തില്‍ ആര്യവേപ്പ് ഏറെ പ്രധാന സ്ഥാനം വഹിക്കുന്നു. ആര്യവേപ്പിന്‍റെ മറ്റ് ചില ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വെറും വയറ്റില്‍ ആര്യവേപ്പില കഴിക്കുന്നത് ഇടയ്ക്കിടെ വരുന്ന പനി, ചുമ, കഫക്കെട്ട് തുടങ്ങിയവ മാറ്റാന്‍ സഹായിക്കുന്നു. ശ്വസനസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു ഒറ്റമൂലിയാണ് ആര്യവേപ്പില.
ആര്യവേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ സ്ഥിരമായി കുളിച്ചാല്‍ എല്ലാവിധ ത്വക്ക് രോഗങ്ങള്‍ക്കും ശമനമുണ്ടാകും. ഫംഗസ് അണുബാധയ്ക്കെതിരായ പോരാട്ടത്തിലും വേപ്പ് ഗുണം ചെയ്യും. ഇതിന്‍റെ ആൻറി ഫംഗസ്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ദോഷകരമായ ബാക്ടീരിയകളെയും ഫംഗസുകളെയും അകറ്റിനിർത്തുന്നു. അങ്ങനെ ഇത് ചർമ്മത്തെ സംരക്ഷിക്കുകയും ചർമ്മവുമായി ബന്ധപ്പെട്ട രോഗങ്ങളെ അകറ്റുകയും ചെയ്യുന്നു. തൊലിപ്പുറത്തുണ്ടാകുന്ന അലര്‍ജി രോഗങ്ങളുടെ ചൊറിച്ചില്‍ ശമിക്കുവാന്‍ വേപ്പില അരച്ച് പുരട്ടുന്നത് നല്ലതാണ്.
മുടിയ്ക്ക് ഏറെ നല്ലതാണ് ആര്യവേപ്പ്. മുടിയുടെ ഗുണനിലവാരം ശക്തിപ്പെടുത്തുന്നതിനും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും വേപ്പ് സഹായിക്കുന്നു. ഹെയർ കണ്ടീഷണറായി വേപ്പ് പേസ്റ്റ് ഉപയോഗിക്കാം.
പൊള്ളലിന് ഏറെ സഹായകമാണ് ആര്യവേപ്പ്. പൊള്ളലേറ്റ ഭാഗത്ത് ആര്യവേപ്പില അരച്ചു പുരട്ടിയാല്‍ മുറിവ് വേഗത്തിലുണങ്ങും.
സന്ധിവേദനയും പ്രായം കൂടുന്നതിന് അനുസരിച്ച് ഉണ്ടാകുന്ന കാഠിന്യവും വേദനയും ഒഴിവാക്കാൻ പ്രായമായ രോഗികൾക്ക് വേപ്പ് ഇലകളും വേപ്പ് എണ്ണയും വിദഗ്ദ്ധർ നിർദ്ദേശിക്കാറുണ്ട്. വേപ്പ് എണ്ണ ഉപയോഗിച്ച് ചർമ്മത്തിൽ പതിവായി മസാജ് ചെയ്യുന്നത് അസ്ഥികളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.
പതിവായി വേപ്പ് ഇല ചവയ്ക്കുന്നത് പലരും ഇഷ്ടപ്പെടുന്നു. ഇത് പുതു ശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയും ഉമിനീരിൽ പി.എച്ച് നില സന്തുലിതമായി നിലനിർത്തുകയും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്ന് വായയെ സംരക്ഷിക്കുകയും ചെയ്യുന്നു. അതേ കാരണത്താൽ, പലതരം ടൂത്ത് പേസ്റ്റുകളിൽ അടങ്ങിയിരിക്കുന്ന സജീവ ഘടകമാണ് വേപ്പ്.
വേപ്പിൻ തൈലം കൈകാലുകളിൽ പുരട്ടിയാലോ, വെള്ളവുമായി മിശ്രണം ചെയ്ത് മുറിക്കുള്ളിൽ സന്ധ്യാസമയത്ത് ചെറുതായി സ്പ്രേ ചെയ്താലോ കൊതുകിന്‍റെ ശല്യം മാറും. പ്രാണികളെ അകറ്റാൻ വേപ്പ് ഇലകൾ കത്തിച്ചാല്‍ മതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...