മനുഷ്യന് ഉണ്ടായകാലം മുതല്‍, അല്ലെങ്കില്‍ മനുഷ്യര്‍ സമൂഹമായി ജീവിക്കാന്‍ തുടങ്ങിയ കാലം മുതലേ ഏതെങ്കിലും തരത്തിലുള്ള ലഹരികള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു എന്നാണ് പറയപ്പെടുന്നത്. അന്നൊന്നും ലഹരി വസ്തുക്കള്‍പ്രത്യേകമായി ഉത്പാദിപ്പിക്കാന്‍ മനുഷ്യന് കഴിഞ്ഞിരുന്നില്ല. പ്രകൃത്യാ ലഭ്യമായ ചില വസ്തുക്കളായിരുന്നു ഉപയോഗിക്കപ്പെട്ടിരുന്നത്. എന്നാലിന്ന്, ലഹരി എന്നത് ലോകത്തിലെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ്. പ്രകൃത്യാലുള്ള ലഹരികള്‍ കൂടാതെ രാസലഹരികള്‍ ഒഴുകുന്ന ഒരു കാലഘട്ടം കൂടിയാണിത്.
എന്നാല്‍ ഒരു രാസലഹരിയും ഇല്ലാതെ, പ്രത്യേകമായ ഒരു നിര്‍മാണ പ്രവര്‍ത്തനമോ പ്രക്രിയയോ ഇല്ലാതെ തന്നെ ഈ ലോകത്ത് ഒരുപാട് ലഹരികളുണ്ട്. നമ്മള്‍ കഴിക്കുന്ന മീന്‍ അത്തരത്തില്‍ ലഹരി നല്‍കുന്ന ഒന്നാണെങ്കിലത്തെ സ്ഥിതി എന്തായിരിക്കും? അത്തരമൊരു മീനിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.
'സര്‍പ സല്‍പ' എന്നാണ് ഈ മീനിന്റെ പേര്. ഡ്രീം ഫിഷ്, സലേമ, സലേമ പോര്‍ഗി, കൗ ബ്രീം, ഗോള്‍ഡ്‌ലൈന്‍ തുടങ്ങി അനേകം പേരുകള്‍ വേറേയും ഉണ്ട് ഈ മീനിന്. 'സ്വപ്‌നങ്ങള്‍ സൃഷ്ടിക്കുന്ന മത്സ്യം' എന്നാണ് അറബിക് ഭാഷയില്‍ ഈ പേരിന്റെ അര്‍ത്ഥം. പേരുപോലെ തന്നെ ഈ മീന്‍ കഴിക്കുന്നവരെ ഒരു സ്വപ്‌നലോകത്തേക്ക് നയിക്കുകയും ചെയ്യും. മാരക ലഹരി വസ്തു ആയ എല്‍എസ്ഡിയുടെ അതേ ഫലം ആണ് ഈ മീന്‍ ഭക്ഷിക്കുമ്പോള്‍ കിട്ടുക എന്നാണ് പറയുന്നത്. റോമൻ സാമ്രാജ്യത്തിൽ ആചാരപരമായ ചടങ്ങുകളിൽ ഈ മീനിനെ ഭക്ഷണമായി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.
ഈ മീന്‍ കഴിച്ച പലര്‍ക്കും ഉണ്ടായ അനുഭവങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എല്‍എസ്ഡി പോലെയുള്ള ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നതിന് സമാനമായ അവസ്ഥകളിലൂടെയാണ് ഇവര്‍ കടന്നുപോയത്. കാഴ്ച മങ്ങുക, പേശികള്‍ ദുര്‍ബലമാവുക, ഛര്‍ദ്ദിക്കാന്‍ തോന്നുക, പിന്നീട് പൂര്‍ണമായും ബോധം നഷ്ടപ്പെടുക എന്നീ അവസ്ഥകളിലൂടെയാണ് ഇവര്‍ കടന്നുപോയത്. 36 മണിക്കൂര്‍ വരെ സമയമെടുക്കും ഈ അവസ്ഥയില്‍ നിന്ന് പുറത്ത് കടക്കാന്‍ എന്നാണ് പറയുന്നത്.
ക്ലിനിക്കല്‍ ടോക്‌സിക്കോളജി എന്ന ജേര്‍ണലില്‍ 2006 ല്‍ ആയിരുന്നു ഈ മീനിനെ കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചത്. 1994 ല്‍ ഒരു 40 കാരന്‍ ഫ്രഞ്ച് റിവീരയില്‍ അവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു. ഇവിടെവച്ച് സര്‍പ സാല്‍പ മീന്‍ കഴിച്ചു. രണ്ട് മണിക്കൂറിന് ശേഷം പ്രശ്‌നങ്ങള്‍ തുടങ്ങി. ഒടുക്കം അത് മതിഭ്രമം പോലെയായി. കാര്‍ ഓടിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായി. ഒടുവില്‍ മറ്റൊരാളുടെ സഹായത്തോടെ ആശുപത്രിയില്‍ ചികിത്സ തേടി. 36 മണിക്കൂറിന് ശേഷം ആണ് ബോധം വന്നത്. ആ സമയത്ത് സംഭവിച്ച ഒരു കാര്യവും ഇയാള്‍ക്ക് പിന്നീട് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ലത്രെ.
2002 ലും ഫ്രഞ്ച് റിവീരയില്‍ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 90 വയസ്സുകാരനായിരുന്നു ഇര. മീന്‍ കഴിച്ച് മണിക്കൂറുകള്‍ക്കകം ഇയാള്‍ കടുത്ത മതിഭ്രമത്തിലൂടെ കടന്നുപോവുകയായിരുന്നു. പക്ഷികളുടെ ശബ്ദവും ആളുകളുടെ നിലവിളിയും എല്ലാം ആയിരുന്നു എപ്പോഴും കേട്ടുകൊണ്ടിരുന്നത്. രണ്ട് രാത്രികള്‍ പൂര്‍ണമായും ദു:സ്വപ്‌നങ്ങളില്‍ പെട്ട് ഉഴലുകയായിരുന്നു ഇയാള്‍. എന്നാല്‍ അന്ന് ഇക്കാര്യം തുറന്ന് പറയാന്‍ ഈ 90 കാരന്‍ തയ്യാറായിരുന്നില്ല. എന്തായാലും രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് തിരികെ എത്തി. 2006 ല്‍, ഒരു മെഡിറ്ററേനിയന്‍ റസ്‌റ്റൊറന്റില്‍ നിന്ന് ഈ മീന്‍ ഭക്ഷിച്ച രണ്ട് പേര്‍ക്ക് സമാനമായ അനുഭവം ഉണ്ടായതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഈസ്റ്റ് അറ്റ്‌ലാന്റിക് സമുദ്രത്തിലും സൗത്ത് ആഫ്രിക്കന്‍ തീരത്തും മെഡിറ്ററേനിയന്‍ തീരത്തും എല്ലാം സുലഭമായി കണ്ടുവരുന്ന ഒരു മത്സ്യമാണ് സര്‍പ സാല്‍പ. അപൂര്‍വ്വമായെങ്കിലും ബ്രിട്ടീഷ് തീരത്തും ഈ മത്സ്യം ഉണ്ടാകാറുണ്ട്. 15 മുതല്‍ 45 സെന്റീമീറ്റര്‍ വരെയാണ് ഈ മീനിന്റെ വലിപ്പം. ശരീരത്തിലെ സ്വര്‍ണനിറമുള്ള വരകള്‍ കൊണ്ട് ഇവയെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും.
വളരെ സുലഭമായി ലഭിക്കുന്ന മീന്‍ ആയിട്ടും, ഇത് കഴിച്ചതുകൊണ്ടുള്ള 'മതിഭ്രമം' പോലുള്ള പ്രശ്‌നങ്ങള്‍ അധികം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് എന്തുകൊണ്ട് എന്ന സംശയം പലരും ഉന്നയിക്കാറുണ്ട്. എല്ലാ ആളുകളിലും ലഹരി സൃഷ്ടിക്കാന്‍ ഈ മീനിന് കഴിയാറില്ല. സമുദ്രത്തിലെ പ്രത്യേക തരം പ്ലവകങ്ങളും ആല്‍ഗെകളും ആണ് ഇവയുടെ ഭക്ഷണം. ചില ആല്‍ഗെകളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ലഹരി മരുന്നിന്റെ ഫലം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...