കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട നടനും നിർമാതാവുമായ വിജയ്ബാബു ജോർജിയയിൽ തന്നെയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അതിനിടെ വിജയ് ബാബുവിനെ കണ്ടെത്താൻ അർമേനിയയിലെ ഇന്ത്യൻ എംബസിയുടെ സഹായം തേടിയിരിക്കുകയാണ് പോലീസ്. നിലവിൽ പ്രതി ഉണ്ടെന്ന് സംശയിക്കുന്ന ജോർജിയയിൽ ഇന്ത്യക്ക് എംബസിയില്ല. ഈ സാഹചര്യത്തിലാണ് അയൽരാജ്യമായ അർമേനിയയിലെ എംബസിയുടെ സഹായം തേടുന്നത്. വിദേശകാര്യവകുപ്പ് വഴിയാണ് കൊച്ചി സിറ്റി പോലീസ് അർമേനിയയിലെ എംബസിയുമായി ബന്ധപ്പെട്ടത്.
കേസിൽ വിജയ് ബാബുവിന്റെ പാസ്പോർട്ട് നേരത്തെ റദ്ദാക്കിയിരുന്നു. കൊച്ചി പോലീസിന്റെ ആവശ്യ പ്രകാരം കേന്ദ്ര വിദേശകാര്യ വകുപ്പായിരുന്നു ഈ നടപടി സ്വീകരിച്ചത്. ഇനി റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കുന്നതോടെ വിജയ്ബാബുവിന് കീഴടങ്ങേണ്ടി വരുമെന്നാണ് സിറ്റി പോലീസിന്റെ പ്രതീക്ഷ. മെയ് 24നുള്ളിൽ കീഴടങ്ങാനാണ് നിർദേശം നൽകിയിട്ടുള്ളത്. എന്നാൽ ഇതിന് തയാറായില്ലെങ്കിൽ വിജയ്ബാബുവിന്റെ നാട്ടിലുള്ള സ്വത്തുവകകൾ കണ്ടുകെട്ടാൻ നിയമോപദേശം തേടിയിരിക്കുകയാണ് പോലീസ്. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ഉടമ്പടിയില്ലാത്ത രാജ്യമാണ് ജോർജിയ.
Also Read: Vijay Babu: പാസ്പോർട്ട് റദ്ദാക്കി; പിന്നാലെ വിജയ് ബാബു കടന്നത് ജോര്‍ജിയയിലേക്കോ?
അതേസമയം ഒരു വെബ്സീരീസിന് വേണ്ടി വിജയ്ബാബുവുമായി കരാറിലേർപ്പെട്ടിരുന്ന ഒടിടി കമ്പനി പിന്മാറി. 50 കോടി രൂപയുടെ കരാറായിരുന്നു ഇത്. മലയാള സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’ ഈ കരാർ ഏറ്റെടുക്കാൻ നീക്കം നടത്തിയിട്ടുണ്ട്. മറ്റ് ഒടിടി കമ്പനികളുടെ കേരളത്തിലെ പ്രതിനിധികളും വിജയ്ബാബുവിനെതിരായ കേസിന്റെ വിശദാംശങ്ങൾ കൊച്ചി സിറ്റി പോലീസിനോട് തിരക്കിയിട്ടുണ്ടെന്നാണ് വിവരം.
പാസ്പോർട്ട് റദ്ദാക്കിയ ശേഷം ഇന്റർപോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനായിരുന്നു പോലീസിന്റെ ശ്രമം. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നതുവരെ ദുബായിൽ തങ്ങാൻ വിജയ് ബാബുവിന് നിയമോപദേശം ലഭിച്ചിരിന്നു. ഇതിനിടയിലാണ് പാസ്പോർട്ട് റദ്ദാക്കിയത്. കഴിഞ്ഞ മാസം 22നാണ് പുതുമുഖ നടിയുടെ പരാതിയിൽ വിജയ് ബാബുവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...