Murder: മൂലക്കുരുവിന്റെ ഒറ്റമൂലി രഹസ്യം വെളിപ്പെടുത്തിയില്ല; നാട്ടുവൈദ്യനെ കൊന്ന് കഷ്ണങ്ങളാക്കി ചാലിയാറിൽ തള്ളി, പ്രതി അറസ്റ്റിൽ

ഒറ്റമൂലി മനസ്സിലാക്കി മരുന്നുവ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ഷൈബിന്റെ ലക്ഷ്യം. ഇതിനായാണ് മൈസൂരുവിലെ രാജീവ് നഗറില്‍ ചികിത്സ നടത്തിയിരുന്ന ഷാബാ ശെരീഫിനെ തട്ടിക്കൊണ്ടു വന്നത്.

Written by - Zee Malayalam News Desk | Last Updated : May 11, 2022, 09:43 AM IST
  • ഷൈബിന്റെ വീടിന്റെ ഒന്നാംനിലയില്‍ പ്രത്യേകം മുറി തയ്യാറാക്കി ചങ്ങലയില്‍ ബന്ധിച്ച് തടവില്‍ പാര്‍പ്പിച്ചായിരുന്നു പീഡനം
  • ഒരുവര്‍ഷത്തിലേറെ പീഡിപ്പിച്ചിട്ടും ഷാബാ രഹസ്യം വെളിപ്പെടുത്തിയില്ല
  • മർദനത്തെ തുടർന്ന് 2020ൽ ഷാബാ കൊല്ലപ്പെട്ടു
  • തുടർന്ന് ഇയാൾ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ചാലിയാർ പുഴയിൽ തള്ളിയത്
Murder: മൂലക്കുരുവിന്റെ ഒറ്റമൂലി രഹസ്യം വെളിപ്പെടുത്തിയില്ല; നാട്ടുവൈദ്യനെ കൊന്ന് കഷ്ണങ്ങളാക്കി ചാലിയാറിൽ തള്ളി, പ്രതി അറസ്റ്റിൽ

മലപ്പുറം: മൈസൂരിലെ നാട്ടുവൈദ്യനെ കൊന്ന് കഷ്ണങ്ങളാക്കി പുഴയിൽ തള്ളിയ കേസിൽ പ്രതി അറസ്റ്റിൽ. ഒരു വർഷത്തോളം ബന്ധിയാക്കി വച്ചതിന് ശേഷമാണ് മൈസൂരിലെ നാട്ടുവൈദ്യനായ ഷാബാ ശെരീഫിനെ (60) കൊലപ്പെടുത്തിയത്. ഷാബാ ശെരീഫിനെ കൊലപ്പെടുത്തിയ നിലമ്പൂര്‍ മുക്കട്ടയിലെ പ്രവാസി വ്യവസായി കൈപ്പഞ്ചേരി ഷൈബിന്‍ അഷ്റഫിനെ പോലീസ് അറസ്റ്റ് ചെയ്തതായാണ് സൂചന. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യമറിയുന്നതിനുവേണ്ടി നാട്ടുവൈദ്യന്‍ ഷാബാ ശെരീഫിനെ 2019 ഓഗസ്റ്റില്‍ ഷൈബിന്‍ തട്ടിക്കൊണ്ടുവന്നു. ഒറ്റമൂലി മനസ്സിലാക്കി മരുന്നുവ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ഷൈബിന്റെ ലക്ഷ്യം. ഇതിനായാണ് മൈസൂരുവിലെ രാജീവ് നഗറില്‍ ചികിത്സ നടത്തിയിരുന്ന ഷാബാ ശെരീഫിനെ തട്ടിക്കൊണ്ടു വന്നത്.

ഷൈബിന്റെ വീടിന്റെ ഒന്നാംനിലയില്‍ പ്രത്യേകം മുറി തയ്യാറാക്കി ചങ്ങലയില്‍ ബന്ധിച്ച് തടവില്‍ പാര്‍പ്പിച്ചായിരുന്നു പീഡനം. ഒരുവര്‍ഷത്തിലേറെ പീഡിപ്പിച്ചിട്ടും ഷാബാ രഹസ്യം വെളിപ്പെടുത്തിയില്ല. ഷാബായെ പ്രതി ഷൈബിൻ മർദിക്കുകയും മുഖത്തേക്ക് സാനിറ്റൈസര്‍ ഒഴിച്ചും ഇരുമ്പുപൈപ്പുകൊണ്ട് കാലില്‍ ഉരുട്ടിയും പീഡിപ്പിപ്പിക്കുകയും ചെയ്തു. മർദനത്തെ തുടർന്ന് 2020ൽ ഷാബാ കൊല്ലപ്പെട്ടു. തുടർന്ന് ഇയാൾ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ചാലിയാർ പുഴയിൽ തള്ളിയത്. വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍ (36), കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ് (41), ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരുടെ സഹായത്തോടെയാണ് മൃതദേഹം കഷണങ്ങളാക്കിയത്.

ALSO READ: തിരുവനന്തപുരത്ത് മകളെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ പിതാവിന് 106 വർഷം കഠിനതടവ്

പീഡിപ്പിക്കാനും മൃതദേഹം പുഴയില്‍ തള്ളാനും സഹായിച്ച സുഹൃത്തുക്കള്‍ക്ക് ഷൈബിന്‍ പണം നൽകാമെന്ന് പറഞ്ഞിരുന്നു. പിന്നീട് പണം നൽകാത്തതിനെ തുടർന്നാണ് ഇയാളുടെ വീട്ടില്‍നിന്ന് കവര്‍ച്ച നടത്തിയതെന്നാണ് പ്രതികൾ പോലീസിന് നൽകിയ മൊഴി. വീട്ടിൽ സുഹൃത്തുക്കൾ കവർച്ച നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഏപ്രില്‍ 24-ന് ഷൈബിന്‍ നിലമ്പൂര്‍ പോലീസിൽ പരാതി നല്‍കി. ഈ കേസില്‍ നൗഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കുവേണ്ടി അന്വേഷണം നടക്കുന്നതിനിടെ പ്രതികള്‍ ഏപ്രില്‍ 29-ന് സെക്രട്ടേറിയറ്റിന് മുന്‍പില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തി. തുടർന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു.

ആത്മഹത്യാശ്രമം നടത്തിയവരെയും പിടിയിലായ നൗഷാദിനെയും ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഷാബാ ശെരീഫിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ മൈസൂരു പോലീസിൽ പരാതി നൽകിയിരുന്നു. ഷാബായെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലാക്കി സുഹൃത്തുക്കള്‍ സൂക്ഷിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ ഇവര്‍ പോലീസിന് കൈമാറി. ഈ ദൃശ്യങ്ങൾ ബന്ധുക്കളെ കാണിച്ച് ഇത് ഷാബാ ശെരീഫ് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, കൊലപാതകം നടത്തിയ മൃതദേഹം വെട്ടിനുറുക്കി പുഴയിൽ തള്ളിയിട്ട് രണ്ട് വർഷം പിന്നിട്ടതിനാൽ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുക പ്രയാസമായിരിക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News