പത്തനംതിട്ട: ഏഴു വയസുകാരിയായ മകളോട് ലൈംഗിക അതിക്രമം കാട്ടിയ 40 കാരന് 66 വർഷം കഠിന തടവ് വിധിച്ച് കോടതി. ഇതിന് പുറമെ ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും ചുമത്തി. പത്തനംതിട്ട പ്രിൻസിപ്പൾ പോക്സോ ജഡ്ജി ജയകുമാർ ജോണാണ് ശിക്ഷ വിധിച്ചത്. 2021-ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
അമ്മയും സഹോദരങ്ങളും ഉറങ്ങിക്കഴിയുമ്പോൾ പതിവായി ഏഴ് വയസുകാരിയായ മകളെ അടുക്കളയിലേക്ക് കൊണ്ട് പോയി പിതാവ് പീഡിപ്പിക്കുകയായിരുന്നു. ഇതിൽ കുട്ടിയുടെ അമ്മയ്ക്ക് ചില സംശയങ്ങളുണ്ടായി. അമ്മയ്ക്ക് ഉണ്ടായ സംശയങ്ങൾ സ്കൂളിലെ അധ്യാപകരുമായി പങ്കുവെച്ചിരുന്നു. കുട്ടിയുമായി സംസാരിച്ചപ്പോൾ പീഡന വിവരം കുട്ടി അധ്യാപകരെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇലവുംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി.
ALSO READ: പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ; ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് ഏഴര വർഷം തടവ്
ഇതിനിടെ, വിസ്താര വേളയിൽ കുട്ടിയുടെ അമ്മ കൂറ് മാറി. എന്നാൽ പെൺകുട്ടിയുടെ മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി എന്ന പ്രത്യേക പരാമർശം ഉള്ളതിനാൽ പ്രതി 25 വർഷം കഠിന തടവ് അനുഭവിച്ചാൽ മതിയാകും. പിഴ നൽകിയില്ലെങ്കിൽ മൂന്ന് വർഷം അധിക കഠിന തടവും അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജെയ്സൻ മാത്യുസ് ഹാജരായി.
വടകരയിൽ കാണാതായ യുവാവിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
വടകരയിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവിൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. അറക്കിലാട്ട് സ്വദേശി ശ്രീജേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹന പരിശോധനയ്ക്കിടെ പോലീസ് കൈ കാണിച്ചിട്ട് നിർത്താതെ പോയതിന് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ശ്രീജേഷിന് പോലീസിൻറെ സന്ദേശം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീജേഷിൻ്റെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്നും പുറത്തുപോയ ശ്രീജേഷ് ഉച്ചയായിട്ടും തിരികെ എത്താതിരുന്നതോടെ വീട്ടുകാരും ബന്ധുകളും തിരച്ചിൽ ആരംഭിച്ചിരുന്നു. ഒരു രാത്രി മുഴുവൻ ബന്ധുക്കൾ ഇയാളെ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെ ഒരു വീടിനു മുന്നിൽ ശ്രീജേഷിൻറെ ബൈക്ക് കണ്ടെത്തുകയും തുടർന്ന് ബന്ധുക്കൾ പരിസര പ്രദേശങ്ങളിൽ ഇയാളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു.
മരപ്പണിക്കാരനായിരുന്നു ശ്രീജേഷ്. ഇയാളുടെ ബൈക്ക് കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിർമാണത്തിലിരിക്കുന്ന വീട്ടിൽ
ശ്രീജേഷ് ജോലിക്കെത്തിയിരുന്നു. ഇത് മനസിലാക്കിയ ബന്ധുക്കൾ വീടിനുള്ളിൽ പരിശോധിച്ചപ്പോഴാണ് ശ്രീജേഷിൻറെ മൃതശരീരം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വീടിൻറെ വാതിൽ അകത്ത് നിന്നും അടച്ചിട്ട നിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, വാഹന പരിശോധനയും സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞ സംഭവവുമായി ശ്രീജേഷിൻ്റെ മരണത്തിന് ബന്ധമില്ലെന്നാണ് പോലീസുകാർ പറയുന്നത്. നേരത്തെ എപ്പോഴെങ്കിലും ചെയ്ത നിയമ ലംഘനത്തിന് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശം ചൊവ്വാഴ്ച അയച്ചതാകാം എന്നാണ് പോലീസിൻ്റെ ഭാഗം. ശ്രീജേഷിൻറെ മൃതദേഹം പൊസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...