തിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂർ ഉഴപ്പാക്കോണം സ്വദേശി സൂര്യഗായത്രി എന്ന പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അരുണിന് ജീവപര്യന്തം ശിക്ഷ. ഇതിന് പുറമെ 20 വർഷം കഠിന തടവും അനുഭവിക്കണം. ആറ് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.വിഷ്ണുവിൻറേതാണ് വിധി.
കേസിൽ അരുൺ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം തന്നെ കോടതി കണ്ടെത്തിയിരുന്നു. പ്രേമനൈരാശ്യം, വിവാഹാലോചന നിരസിച്ചതിലുള്ള വൈരാഗ്യം എന്നിവയാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം, വധശ്രമം, ഭവനഭേദനം, ഭീഷണിപ്പെടുത്തൽ, ആക്രമിച്ച് പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞിട്ടുണ്ട്. വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് സൂര്യഗായത്രിയെ അരുൺ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി എന്നാണ് കേസ്.
ALSO READ: മുഖ്യമന്ത്രിയ്ക്കെതിരെയുള്ള കേസിൽ ലോകായുക്തയിൽ ഭിന്നാഭിപ്രായം; വിശാല ബഞ്ചിന് വിട്ടു
2021 ഓഗസ്റ്റ് 30നാണ് കേസിനാസ്പദായ സംഭവമുണ്ടായത്. അരുൺ നടത്തിയ വിവാഹാഭ്യർത്ഥന നിരസിച്ച ശേഷം സൂര്യഗായത്രി മറ്റൊരു വിവാഹം കഴിച്ച് കൊല്ലത്തേയ്ക്ക് പോയിരുന്നു. പിന്നീട് ഭർത്താവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് സൂര്യഗായത്രി നെടുമങ്ങാട് മടങ്ങിയെത്തി. ഇതറിഞ്ഞ പ്രതി സൂര്യഗായത്രിയുടെ വീടിന് പിന്നിലൂടെ അകത്ത് കടന്നു. ആദ്യം സൂര്യഗായത്രിയുടെ ഭിന്നശേഷിക്കാരിയായ അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചു. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ സൂര്യഗായത്രിയെ പ്രതി തുരുതുരെ കുത്തുകയായിരുന്നു. അക്രമം തടയാൻ ശ്രമിച്ച ഭിന്നശേഷിക്കാരനായ അച്ഛനെയും പ്രതി ആക്രമിച്ചു.
സൂര്യഗായത്രിയുടെ തല മുതൽ കാൽ വരെ ആകെ 33 ഇടങ്ങളിലാണ് പ്രതി കുത്തിയത്. പെൺകുട്ടിയുടെ തല പലവട്ടം ചുമരിൽ ഇടിപ്പിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. സൂര്യഗായത്രിയുടെ അച്ഛൻറെ നിലവിളി കേട്ട് അയൽക്കാർ എത്തിയപ്പോഴേയ്ക്കും പ്രതി ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. അടുത്ത വീടിൻറെ ടെറസിൽ ഒളിച്ചിരുന്ന പ്രതിയെ നാട്ടുകാരും പോലീസും ചേർന്നാണ് പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...