തിരിമറി 21.29 കോടി; പണം ഓണ്‍ലൈന്‍ റമ്മിക്കും ഓഹരി വിപണിക്കും-കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്കിൽ സംഭവിച്ചത്

Kozhikkode Punjab National Bank Scam: കോഴിക്കോട് കോര്‍പറേഷന് നഷ്ടമായത് ആകെ 12.60 കോടി രൂപയാണ്.ഇതില്‍ 2.53 കോടി രൂപ ബാങ്ക് കോര്‍പറേഷന് തിരികെ നല്‍കി

Written by - Zee Malayalam News Desk | Last Updated : Dec 6, 2022, 01:30 PM IST
  • റിജിലിന്റെ ആക്‌സിസ് ബാങ്കിലെ അക്കൗണ്ടും ക്രൈംബ്രാഞ്ച് പരിശോധിച്ചു
  • ഓണ്‍ലൈന്‍ റമ്മിക്കടക്കം അക്കൗണ്ടില്‍ നിന്ന് പണം ചെലവഴിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്
  • ആകെ 15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് കോര്‍പറേഷന്റെ പരാതി
തിരിമറി 21.29 കോടി; പണം  ഓണ്‍ലൈന്‍ റമ്മിക്കും ഓഹരി വിപണിക്കും-കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്കിൽ സംഭവിച്ചത്

കോഴിക്കോട് : ഒരു പക്ഷെ രാജ്യം തന്നെ ഉറ്റു നോക്കുന്ന ബാങ്ക് തട്ടിപ്പുകളിലൊന്നായി മാറാൻ സാധ്യതയുള്ള കേസായിരിക്കും കോഴിക്കോട്ടേത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ നിലവിൽ  21.29 കോടി രൂപയുടെ തിരിമറി നടന്നു എന്നാണ് കണ്ടെത്തിയത്. കോഴിക്കോട് കോർപ്പറേഷൻറെ പരാതിയാണ് കേസിൽ ഏറ്റവും നിർണ്ണായകമായത്.

കോഴിക്കോട് കോര്‍പറേഷന് നഷ്ടമായത് ആകെ 12.60 കോടി രൂപയാണ്.ഇതില്‍ 2.53 കോടി രൂപ ബാങ്ക് കോര്‍പറേഷന് തിരികെ നല്‍കി. ഇനി കോര്‍പറേഷന് കിട്ടാനുള്ളത് 10.7 കോടി രൂപയാണ്. ബാങ്കില്‍ ആകെ 21.29 കോടി രൂപയുടെ തിരിമറിയാണ് നടന്നത്. തട്ടിപ്പ് നടന്നതാകട്ടെ ബാങ്കിലെ 17 അക്കൗണ്ടുകളില്‍.

മാനേജർ മുങ്ങി

മുന്‍ ബാങ്ക് മാനേജരായ റിജില്‍ ആണ് തിരിമറി നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവം പുറത്ത് വന്നത് മുതൽ ഇയാൾ ഒളിവിലാണ്.ഇയാളുടെ അക്കൗണ്ടില്‍ ആയിരം രൂപ പോലും ഇപ്പോഴില്ല. ക്രൈംബ്രാഞ്ച് കേസിൽ അന്വേഷണം തുടരുകയാണ്.റിജില്‍ പണം ചെലവഴിച്ചത് ഓണ്‍ലൈന്‍ റമ്മിക്കും ഓഹരി വിപണിയിലേക്കുമാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

ലിങ്ക് റോഡിലെ ബാങ്കിന്റെ ശാഖയില്‍ ഇന്നലെ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയിരുന്നു. അസിസ്റ്റന്റ് കമ്മീഷണര്‍ ടിഎ ആന്റണിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കോഴിക്കോട് കോര്‍പ്പറേഷന്‍ അക്കൗണ്ട് ഓഫീസര്‍ അടക്കമുള്ളവര്‍ ബാങ്കില്‍ എത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരും കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും പഞ്ചാബ് നാഷണല്‍ ബാങ്ക് ഉദ്യോഗസ്ഥരും ചേര്‍ന്ന് രേഖകള്‍ പരിശോധിച്ചു.പല അക്കൗണ്ടുകളില്‍ നിന്ന് തിരിച്ചും മറിച്ചും ഇടപാടുകള്‍ നടന്നിട്ടുണ്ട്.

ഓണ്‍ലൈന്‍ റമ്മി, ഷെയർ മാർക്കറ്റ്

റിജിലിന്റെ ആക്‌സിസ് ബാങ്കിലെ അക്കൗണ്ടും ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഓണ്‍ലൈന്‍ റമ്മിക്കടക്കം അക്കൗണ്ടില്‍ നിന്ന് പണം ചെലവഴിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്. ആകെ 15 കോടി  24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് കോര്‍പറേഷന്റെ പരാതി. എന്നാല്‍ 12 കോടിയാണ് ബാങ്ക് പുറത്ത് വിടുന്ന കണക്ക്. അതിനിടെ പ്രതിയായ എം പി റിജില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 8 ന് കോഴിക്കോട് ജില്ലാ കോടതി വിധി പറയും.

നവംബര്‍ 29 മുതല്‍ ഇയാള്‍ ഒളിവിലാണ്. ഫണ്ട് തട്ടിപ്പ് ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് എംപി റിജിലിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ബാങ്കിലെ ഉന്നതരും കോര്‍പറേഷന്‍ അധികൃതരും ഗൂഢാലോചനയില്‍ പങ്കാളിയായി. ഒരാള്‍ക്ക് ഒറ്റയ്ക്ക് നടത്താന്‍ പറ്റുന്ന തട്ടിപ്പല്ല. റിജില്‍ സ്ഥലംമാറ്റം നേടിയ ശേഷമാണ് തട്ടിപ്പ് നടന്നതെന്നും റിജിലിന്റെ അഭിഭാഷകന്‍ വാദിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News