പൂനെ: ശവസംസ്കാര ചടങ്ങിനിടെ മൃതദേഹം വേഗത്തില്‍ ദഹിപ്പിക്കനായി പെട്രോൾ ഒഴിച്ചു, തീ ആളിപ്പടര്‍ന്നതോടെ ചുറ്റുപാടും നിന്നിരുന്ന 11 പേര്‍ക്ക് പൊള്ളലേറ്റു.
ശനിയാഴ്ച വൈകുന്നേരം 7 മണിയോടെ പൂനെയിലെ കൈലാഷ് ശ്മശാനത്തിലാണ് ശവസംസ്കാര ചടങ്ങിനിടെ ഇത്തരമൊരു സംഭവം അരങ്ങേറിയത്.
പൊള്ളലേറ്റവരെ സസ്സൂൺ ജനറൽ ആശുപത്രിയിലും സൂര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ് എന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സാഗർ പാട്ടീൽ പറഞ്ഞു. ചിതയില്‍ പെട്രോള്‍ ഒഴിച്ചയാൾ ഉൾപ്പെടെ 11 പേർക്ക് പൊള്ളലേറ്റിരുന്നു.
എന്നാല്‍, ദൃക്സാക്ഷികള്‍ പറയുന്നതനുസരിച്ച് ശവസംസ്കാര ചടങ്ങ് വേഗത്തില്‍ പൂര്‍ത്തിയാക്കാനായി ഒരു യുവാവ് എരിയുന്ന ചിതയിലേയ്ക്ക് പെട്രോള്‍ ഒഴിയ്ക്കുകയായിരുന്നു. പെട്ടെന്ന് തീ ആളിപ്പടരുകയും പെട്രോള്‍ ഒഴിച്ച യുവാവ് ഉള്‍പ്പെടെ ചുറ്റും നിന്നവര്‍ക്ക് പൊള്ളലേല്‍ക്കുകയുമായിരുന്നു.
Also Read: ആറ് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു; പ്രതിയെ വെടിവച്ച് വീഴ്ത്തി പിടികൂടി പോലീസ്
ആത്മഹത്യ ചെയ്തുവെന്ന് പറയപ്പെടുന്ന ദീപക് കാംബ്ലെ എന്ന വ്യക്തിയുടെ സംസ്‌കാരം നടക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. കാംബ്ലെയുടെ മകൻ പറയുന്നതനുസരിച്ച്, കുടുംബാംഗങ്ങൾ ഉൾപ്പെടെ 80 ഓളം പേർ ശ്മശാനത്തിൽ ഉണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...