ആലുവ: മോഫിയ പർവീന്റെ ആത്മഹത്യയിൽ (Mofia Suicide Case) അറസ്റ്റിലായ ഭർത്താവ് മുഹമ്മദ് സുഹൈൽ, ഭർതൃമാതാവ് റുഖിയ, പിതാവ് യൂസഫ് എന്നിവരെ റിമാൻഡ് (Remand) ചെയ്തു. 14 ദിവസത്തേക്കാണ് ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (First Class Magistrate Court) പ്രതികളെ റിമാൻഡ് ചെയ്തത്. ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്കു (Kakkanad District Jail) മാറ്റി. പോലീസിന്റെ (Police) കസ്റ്റഡി അപേക്ഷ പിന്നീട് പരിഗണിക്കും.
ചൊവ്വാഴ്ച അർധരാത്രിയായിരുന്നു പ്രതികളെ കോട്ടപ്പടി ഉപ്പുകണ്ടത്തെ ബന്ധുവീട്ടിൽ നിന്ന് ആലുവ ഈസ്റ്റ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കേസ് വിവാദമായതോടെ മൂവരും ഒളിവിൽ പോകുകയായിരുന്നു. ഒളിവിൽ കഴിയുന്നതിനിടെയാണ് പിടികൂടിയത്.
ഐപിസി 304(ബി), 498(എ), 306, 34 എന്നീ വകുപ്പുകൾ പ്രകാരം സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, വിവാഹിതയ്ക്കെതിരെയുള്ള ക്രൂരത തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
മൂന്നാം വർഷ നിയമ വിദ്യാർഥിയായ മോഫിയയെ തിങ്കളാഴ്ച വൈകിട്ടാണ് സ്വന്തം വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെയും ബന്ധുക്കളുടെയും മാനസികവും ശാരീരികവുമായ പീഡനം മൂലമാണു ജീവനൊടുക്കുന്നതെന്നു മോഫിയ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. സ്റ്റേഷനിൽ പരാതിയുമായി എത്തിയപ്പോൾ മോശമായി പെരുമാറിയ ഇൻസ്പെക്ടർക്കെതിരെ നടപടിയെടുക്കണമെന്നും ആത്മഹത്യാക്കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു.
എട്ട് മാസങ്ങൾക്ക് മുൻപാണ് മോഫിയ പർവീൻ്റെ വിവാഹം കഴിഞ്ഞത്. പിന്നീട് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...