ഇടുക്കി : മൂന്നാറിൽ ആഢംബര ബൈക്കുകൾ മോഷ്ടിച്ച രണ്ട് പ്ലസ് ടു വിദ്യാർഥികൾ പിടിയിൽ. വെള്ളത്തൂവൽ സ്വദേശികളായ വിദ്യാർഥികളാണ് മൂന്നാർ പോലീസിന്റെ പിടിയിലായത്. മൂന്നാർ ഉൾപ്പെടെ അടിമാലി, കോതമംഗലം, രാജാക്കാട് എന്നീ ഭാഗങ്ങളിലെ സ്റ്റേഷൻ പരിധിയിൽ നിന്നുമായി വിദ്യാർഥികൾ അഞ്ച് ബൈക്കുളാണ് മോഷ്ടിച്ചതെന്ന് പോലീസ് കണ്ടെത്തി. കുഞ്ചിത്തണ്ണി സ്വദേശി സെഫിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നാർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ലക്ഷങ്ങൾ വില വരുന്ന ആഢംബർ ബൈക്കുകളുടെ കവർച്ചയ്ക്ക് പിന്നിൽ കുട്ടി കള്ളന്മാരാണെന്ന് കണ്ടെത്തിയത്.
പഴയ മൂന്നാർ ഹെഡ് വർക്സ് ഡാമിന് സമീപം നിർത്തിയിരുന്ന സെഫിന്റെ മൂന്നു ലക്ഷം രൂപ വില വരുന്ന ബൈക്ക് കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മൂന്നാർ എസ്എച്ച്ഒ രാജൻ.കെ. അരമനയുടെ നേതൃത്വത്തിലുള്ള സംഘം വിദ്യാർഥികളെ പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സെഫിന്റെ ബൈക്കിന് പുറമെ അടിമാലി, കോതമംഗലം, രാജാക്കാട് മേഖലകളിൽ നിന്നായി നാല് ബൈക്കുകൾ കൂടി തങ്ങൾ മോഷ്ടിച്ചതായി വിദ്യാർഥികൾ സമ്മതിച്ചത്
മോഷ്ടിച്ച ബൈക്കുകൾ ആനച്ചാൽ ശേല്യാമ്പാറ ഭാഗത്ത് ഒളിപ്പിച്ചിരിക്കുകയായിരുന്നു. ബൈക്കിന്റെ നമ്പർ പ്ലേറ്റും പെട്രോൾ ടാങ്കിന്റെ രൂപവും നിറവും മാറ്റിയ നിലയിലാണ് ബൈക്കുകൾ കണ്ടെത്തിയത്. തുടർനടപടികൾക്ക് ശേഷം പിടിയിലായ വിദ്യാർഥികളെ ഇന്ന് തൊടുപുഴ ജുവനൈൽ ജസ്റ്റീസ് ബോർഡ് മുൻപാകെ ഹാജരാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...