ബീഹാർ : ദേശീയ ബാസ്കറ്റ് ബോൾ താരം കെ.സി ലിതാരയുടെ മരണം ബീഹാർ പോലീസിൻറെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. അന്വേഷണം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറണമെന്നാവശ്യപ്പെട്ട് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് പരാതി നൽകിയിരുന്നു.
പരാതി പാറ്റ്ന സീനിയർ എസ്.പിക്ക് കൈമാറിയതായി ഇന്നലെ മുഖ്യമന്ത്രി പരാതിക്കാരനായ സലീം മടവൂരിനെ അറിയിച്ചു.തുടർന്നാണ് പാറ്റ്ന സബ് ഡിവിഷണൽ പോലീസ് ഓഫീസർ സഞ്ജയ് കുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
അന്വേഷണത്തിന് പാറ്റ്ന സീനിയർ എസ്.പി എം.എസ് ധില്ലോൺ മേൽനോട്ടം വഹിക്കും.2018ൽ ദേശീയ ചാമ്പ്യൻമാരായ കേരളാ ബാസ്കറ്റ് ബോൾ ടീം അംഗമായിരുന്നു ലിതാര. മധ്യ പൂർവ റെയിൽവേയിൽ ധാനാപൂരിൽ ജൂനിയർ ക്ലർക്കായിരുന്നു.
കോച്ച് രവി സിംഗിൻറെ തുടർച്ചയായ മാനസിക ശാരീരിക പീഡനങ്ങളെത്തുടർന്നാണ് ലിതാര ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഒരിക്കൽ കൈയിൽ കയറിപ്പിടിച്ചതിനെത്തുടർന്ന് ലിതാര കോച്ച് രവി സിംഗിനെ അടിച്ചിരുന്നു. തുടർന്ന് പലപ്പോഴും ഒറ്റക്ക് പ്രാക്ടീസിനെത്താൻ ലിതാരയെ നിർബന്ധിക്കുകയും പലപ്പോഴും പ്രാക്ടീസിനെത്തുന്നില്ലെന്ന് കാണിച്ച് റെയിൽവേക്ക് റിപ്പോർട്ട് ചെയ്ത് ജോലിയിൽ നിന്ന് പുറത്താക്കാനും ശ്രമിച്ചിരുന്നുവെന്നും, ഇതാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.
പാറ്റ്ന-രാജീവ് നഗർ പോലീസ് സ്റ്റേഷനിൽ 185/2022 ആയി സെക്ഷൻ 306 പ്രകാരം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി എഫ് ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇതേ വരെ ആരുടെയും
അറസ്റ്റ് ഉണ്ടായിട്ടില്ല. തുടർന്നാണ് അന്വേഷണത്തിന് എസ്.ഐ.ടി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത് ലിതാരയുടെ ജോലിയുടെ ബലത്തിൽ കുടുംബം വായ്പയെടുത്ത 16 ലക്ഷത്തിൻ്റെ ഭവന വായ്പ എങ്ങനെ തിരിച്ചടയ്ക്കുമെന്നത് കുടുംബത്തിനെ അലട്ടുന്നുണ്ട്.
മാതാവ് ലളിത കാൻസർ രോഗിയാണ്. കൂലിപ്പണിക്കാരനായ അച്ഛൻ കരുണനും രോഗിയാണ്.അതിനിടെ ലിതാരയുടെ മരണത്തിന് ശേഷം റെയിൽവേ, പ്പോർട്സ് വകുപ്പ് ഉദ്യോഗസ്ഥരാരും കുടുംബവുമായി ബന്ധപ്പെടാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...