വയനാട്: സുൽത്താൻ ബത്തേരിയിൽ കാറിൽ മയക്കുമരുന്നുവെച്ച് മുൻഭാര്യയെയും ഭർത്താവിനെയും കേസിൽ കുടുക്കാൻ ശ്രമിച്ച യുവാവ് ഒടുവിൽ പോലീസിന്റെ പിടിയിൽ. ചീരാൽ കുടുക്കി പുത്തൻപുരക്കൽ പി.എം. മോൻസിയെയാണ് ബത്തേരി എസ്.ഐ. സാബുചന്ദ്രന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
വിവരമറിഞ്ഞ് ഒളിവിൽപ്പോയ യുവതിയുടെ മുൻ ഭർത്താവും മുഖ്യപ്രതിയുമായ ചീരാൽ സ്വദേശി മുഹമ്മദ് ബാദുഷയ്ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. പതിനായിരം രൂപ പ്രതിഫലം വാങ്ങി കാറിൽ എം.ഡി.എം.എ. വെച്ച യുവാവിന്റെ സുഹൃത്തിനെ പിടികൂടിയ ബത്തേരി പോലീസിന്റെ സന്ദർഭോചിതമായ ഇടപെടലാണ് ദമ്പതിമാരെ രക്ഷിച്ചത്.
ഈ മാസം 17നാണ് കേസിന് ആസ്പദമായ സംഭവം. വിൽപ്പനയ്ക്കായി ഓൺലൈൻ ആപ്പിൽ പോസ്റ്റ് ചെയ്ത കാർ, ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരിൽ വാങ്ങിയശേഷം ഡ്രൈവിങ് സീറ്റിന്റെ റൂഫിൽ എം.ഡി.എം.എ. ഒളിപ്പിച്ചുവെച്ച് പോലീസിന് രഹസ്യവിവരം നൽകുകയായിരുന്നു. പുല്പള്ളി ഭാഗത്തുനിന്ന് വരുന്ന കാറിൽ എം.ഡി.എം.എ. കടത്തുന്നുണ്ടെന്നാണ് പോലീസ് സ്റ്റേഷനിൽ വിളിച്ചുപറഞ്ഞത്.
വിവരമറിഞ്ഞയുടൻ ബത്തേരി പോലീസ് കോട്ടക്കുന്ന് ജങ്ഷനിൽ പരിശോധന നടത്തി. അതുവഴി വന്ന അമ്പലവയൽ സ്വദേശികളായ ദമ്പതിമാർ സഞ്ചരിച്ച കാറിൽനിന്ന് 11.13 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. എന്നാൽ, തുടർന്നുള്ള ചോദ്യംചെയ്യലിൽ പോലീസിന് ഇവർ നിരപരാധികളാണെന്ന് ബോധ്യപ്പെട്ടു.
ഓൺലൈൻ ആപ്പിൽ വിൽപ്പനയ്ക്കിട്ട ഇവരുടെ വാഹനം ടെസ്റ്റ് ഡ്രൈവിനായി ശ്രാവൺ എന്നയാൾക്ക് കൊടുക്കാൻ പോയതാണെന്നാണ് ദമ്പതിമാർ പോലീസിനോട് പറഞ്ഞത്. ഇക്കാര്യം ഉറപ്പുവരുത്താനായി ശ്രാവണിന്റെ ഫോൺനമ്പർ വാങ്ങി പോലീസ് വിളിച്ചുനോക്കിയപ്പോൾ സ്വിച്ച്ഡ് ഓഫ് ആയിരുന്നു.
സംശയം തോന്നിയ പോലീസ് മൊബൈൽ നമ്പറിന്റെ ലൊക്കേഷൻ കണ്ടെത്തി ഇയാളെ പിടികൂടിയപ്പോഴാണ് സത്യം പുറത്തുവന്നത്. ശ്രാവൺ എന്നത് മോൻസിയുടെ കള്ളപ്പേരാണെന്ന് പോലീസ് മനസ്സിലാക്കി. യുവതിയുടെ മുൻഭർത്താവിന് ഇവരോടുള്ള വിരോധം കാരണം ഇരുവരെയും കേസിൽ കുടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി സുഹൃത്തായ മോൻസിക്ക് 10,000 രൂപ നൽകി, കാറിൽ എം.ഡി.എം.എ. ഒളിച്ചുവെക്കാൻ നിർദേശിക്കുകയായിരുന്നു.
വിവരമറിഞ്ഞ് ഒളിവിൽപ്പോയ യുവതിയുടെ മുൻ ഭർത്താവും മുഖ്യപ്രതിയുമായ ചീരാൽ സ്വദേശി മുഹമ്മദ് ബാദുഷയ്ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. എസ്.സി.പി.ഒ. നൗഫൽ, സി.പി.ഒ.മാരായ അജ്മൽ, പി.ബി. അജിത്ത്, നിയാദ്, സീത എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.