കൊച്ചി: അമ്പതോളം മോഷണ കേസുകളിലെ പ്രതി കുറുപ്പംപടിയിൽ പോലീസ് പിടിയിൽ. ഇരിങ്ങോൾ മനക്കപ്പടി പാറയ്ക്കൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന നീലഗിരി സ്വദേശി ജോസ് മാത്യു (എരമാട് ജോസ് 50) ആണ് പോലീസ് പിടിയിലായത്. ബർമുഡ കള്ളൻ എന്നറിയപ്പെടുന്ന ഇയാളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് ഇരുപതോളം മോഷണ കേസുകൾ. മൂന്നു മാസം മുമ്പ് വട്ടയ്ക്കാട്ട് പടിയിലെ പ്ലൈവുഡ് കമ്പനി ഉടമയുടെ വീട്ടിൽ നിന്ന് 16 പവൻ സ്വർണ്ണവും, പണവും കവർന്ന കേസിലാണ് ഇയാൾ പിടിയിലാകുന്നത്.
എഴു വർഷമായി ഇരിങ്ങോളിലെ വിലാസത്തിൽ ഒറ്റയ്ക്കാണ് താമസം. ഈ കാലയളവിൽ പെരുമ്പാവൂർ, കാലടി, കുറുപ്പംപടി, കോതമംഗലം പ്രദേശങ്ങളിൽ ഇയാൾ നടത്തിയ മോഷണം തെളിഞ്ഞിട്ടുണ്ടെന്ന് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാർ പറഞ്ഞു. മോഷണം നടത്തേണ്ട വീട് ജോസ് മാത്യു നേരത്തെ കണ്ട് വയ്ക്കും. ആൾത്താമസമുള്ള സമ്പന്നരുടെ വീടാണ് ഇയാൾ തിരഞ്ഞെടുക്കുക.
ALSO READ : കൃത്രിമ തിരക്കുണ്ടാക്കൽ പതിവ് ; ലോക്കിട്ട് കവർച്ച നടത്തുന്ന ദക്ഷിണേന്ത്യൻ കവർച്ച സംഘം പിടിയിൽ
ബർമുഡ ധരിച്ച് നാലു കിലോമീറ്ററോളം നടന്ന് മോഷണം നടത്തി അത്രയും ദൂരം തിരിച്ചു നടന്നു പോവുകയാണ് രീതി. മുപ്പതോളം കേസുകളിൽ ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൂൺ കൃഷി നടത്തുകയാണെന്നാണ് ഇയാൾ ആളുകളോട് പറഞ്ഞിരുന്നത്.
എ.എസ്.പി അനൂജ് പലിവാൽ, ഇൻസ്പെക്ടർമാരായ എം.കെ.സജീവ് (കുറുപ്പംപടി) ആർ.രഞ്ജിത് (പെരുമ്പാവൂർ) എ.എസ്.ഐമാരായ അബ്ദുൾ സത്താർ, ജോബി ജോർജ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ് കുര്യാക്കോസ്, അബ്ദുൾ മനാഫ്, എം.എം.സുധീർ, സുബൈർ തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.