തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഓണം പ്രമാണിച്ച് നൽകുന്ന പ്രത്യേക ഉത്സവബത്ത (ഓണം ബോണസ്) പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും 4,000 രൂപയാണ് സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഓണമാഘോഷിക്കാൻ ശമ്പളത്തിനൊപ്പം അധികം നൽകുന്നത്. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് പ്രത്യേക ഉത്സവബത്തയായി (സ്പെഷ്യൽ ഫെസ്റ്റിവൽ അലൻസ്) 2750 രൂപയും നൽകും. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ നൽകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.
13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക. അതേസമയം ഇത്തവണ ഓണം അഡ്വാൻസായി ജീവനക്കാർക്ക് അനുവദിക്കുന്നത് 20,000 രൂപയാണ്. 2021ൽ 15,000 രൂപയായിരുന്നു സർക്കാർ തങ്ങളുടെ ജീവനക്കാർക്ക് അഡ്വാൻസായി നൽകിയിരുന്നത്. പാർട്ട് ടൈം - കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസായി ലഭിക്കുന്നത് 6000 രൂപയാണ്. കഴിഞ്ഞ വർഷത്തെക്കാൾ 1,000 രൂപ ഉയർത്തിട്ടുണ്ട്. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ - സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവബത്ത ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
ALSO READ : Onam 2022: ഓണം ലക്ഷ്യംവച്ച് പച്ചക്കറിവിലയിൽ കൃത്രിമ വർദ്ധനവ്; തമിഴ്നാട്ടിൽ നിന്ന് റേഷനരി കടത്തും സജീവം
അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സർക്കാർ 3,000 കോടി വായ്പയെടുത്താണ് ജീവനക്കാർക്ക് ബോണസും ഉത്തവബത്തയും നൽകുന്നത്. കൂടാതെ രണ്ട് ക്ഷേമ പെൻഷനും ഈ വായ്പ എടുക്കുന്ന തുകയിൽ നിന്നും തന്നെ മാറ്റിവയ്ക്കുകയും വേണം. കഴിഞ്ഞ ആഴ്ച സംസ്ഥാനം റിസർവ് ബാങ്കിൽ നിന്നും 1,000 കോടി രൂപ വായ്പ എടുത്തിരുന്നു,
കേരളത്തെ വലയ്ക്കുന്നത് വായ്പ എടുക്കാനുള്ള പരിധിയാണ്. കേന്ദ്ര സംസ്ഥാന സർക്കാരിൻറെ ആകെ വായ്പ എടുക്കാനുള്ള പരിധി 2022 ഡിസംബർ വരെ 17,936 കോടി രൂപയാണ്. ഇത് കിഫ്ബി വഴിയുള്ള വികസന പ്രവർത്തനങ്ങൾക്കും മറ്റ് ക്ഷേമ പെൻഷൻ വിതരണങ്ങൾക്കും ബാധകമാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.