KSEB: വൈദ്യുതി വിതരണത്തില്‍ വര്‍ദ്ധനയില്ല; വരുമാനം മാത്രം കൂടുന്നത് എങ്ങനെ? കെഎസ്ഇബി ബജറ്റിൽ റവന്യൂ വരവ് പെരുപ്പിച്ചു കാട്ടി

വരുമാനം പെരുപ്പിച്ചു കാട്ടിയതിന്റെ ഫലമായി 2022-23 ൽ 496 കോടി രൂപയുടെ ലാഭമുണ്ടാകുമെന്നും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് താരീഫ് വരുമാനത്തില്‍ 12 ശതമാനത്തോളം വര്‍ദ്ധനയുണ്ടാകുമെന്നാണ് കണക്കുകൾ.

Edited by - Zee Malayalam News Desk | Last Updated : Apr 12, 2022, 06:06 PM IST
  • വരുമാനം പെരുപ്പിച്ചു കാട്ടിയതിന്റെ ഫലമായി 2022-23 ൽ 496 കോടി രൂപയുടെ ലാഭമുണ്ടാകുമെന്നും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
  • വൈദ്യുതി വിതരണത്തില്‍ വര്‍ദ്ധനയുണ്ടാകാതെ വരുമാനം മാത്രം എങ്ങനെ കൂടുമെന്ന് വ്യക്തമല്ല.
  • കെഎസ്ഇബി ലിമിറ്റഡ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചിട്ടുള്ള കണക്കുകളേക്കാള്‍ 664 മില്യണ്‍ യൂണിറ്റ് വൈദ്യുതി അധികം വിതരണം ചെയ്യും എന്ന നിലയിലാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.
KSEB: വൈദ്യുതി വിതരണത്തില്‍ വര്‍ദ്ധനയില്ല; വരുമാനം മാത്രം  കൂടുന്നത് എങ്ങനെ? കെഎസ്ഇബി  ബജറ്റിൽ റവന്യൂ വരവ് പെരുപ്പിച്ചു കാട്ടി

തിരുവനന്തപുരം: കെഎസ്ഇബി ബജറ്റില്‍ തെറ്റായ കണക്കുകള്‍ ഉള്‍പ്പെടുത്തി സിഎംഡിയും ഡയറക്ടര്‍ ഫിനാന്‍സും തെറ്റിദ്ധാരണ  സൃഷ്ടിക്കുന്നുവെന്ന് ആക്ഷേപം. 2021-22 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം കെഎസ്ഇബി ലിമിറ്റഡിന്റെ താരീഫില്‍ നിന്നുള്ള വരുമാനം (അന്തർ സംസ്ഥാന വില്പന ഒഴികെ) 15,644 കോടി രൂപയാണ്. 2022-23 ൽ നിലവിലുള്ള താരിഫ് അനുസരിച്ചുള്ള വരുമാനം 17,323 കോടി രൂപയാകുമെന്നാണ് ബജറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്. വരുമാനം പെരുപ്പിച്ചു കാട്ടിയതിന്റെ ഫലമായി 2022-23 ൽ 496 കോടി രൂപയുടെ ലാഭമുണ്ടാകുമെന്നും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് താരീഫ് വരുമാനത്തില്‍ 12 ശതമാനത്തോളം വര്‍ദ്ധനയുണ്ടാകുമെന്നാണ് കണക്കുകൾ. എന്നാൽ വൈദ്യുതി വിതരണത്തില്‍ വര്‍ദ്ധനയുണ്ടാകാതെ വരുമാനം മാത്രം എങ്ങനെ കൂടുമെന്ന് വ്യക്തമല്ല.

കെഎസ്ഇബി ലിമിറ്റഡിന്റെ 2021-22 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റും 22-23 വര്‍ഷത്തേക്കുള്ള ബജറ്റ് എസ്റ്റിമേറ്റും ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മാർച്ച്  14 ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഈ രേഖകള്‍ അംഗീകരിച്ചത്. ബജറ്റിന്റെ പേജ് 22 ല്‍ ഇതുസംബന്ധിച്ചുള്ള കണക്കുകള്‍ നല്‍കിയിട്ടുണ്ട്. ഗാർഹിക ഉപഭോക്താക്കളിൽ നിന്നുള്ള വരുമാനം താരിഫ് കൂട്ടാതെ തന്നെ 6,255 കോടി രൂപയിൽ നിന്നും 6,874 കോടിയായി വർദ്ധിക്കും എന്ന് കണക്കാക്കിയിരിക്കുന്നു. വാണിജ്യ വിഭാഗത്തിൽ നിന്നുള്ള വരുമാനം 3,492 കോടി രൂപയിൽ നിന്നും 3,973 കോടിയായി വർദ്ധിക്കും എന്നും കണക്കാക്കുന്നു. എച്ച്ടി/ ഇഎച്ച്ടി വിഭാഗത്തിൽ 3650 കോടിയിൽ നിന്നും 3916 കോടിയായി വർദ്ധിക്കും എന്നാണ് കണക്ക്. 

Read Also: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ജനറേറ്റർ തകരാറിൽ; കാലപ്പഴക്കം മൂലമെന്ന് കെഎസ്ഇബി

കെഎസ്ഇബി ലിമിറ്റഡ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചിട്ടുള്ള കണക്കുകളേക്കാള്‍ 664 മില്യണ്‍ യൂണിറ്റ് വൈദ്യുതി അധികം വിതരണം ചെയ്യും എന്ന നിലയിലാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.  എആര്‍ആര്‍ പെറ്റീഷനില്‍ വൈദ്യുതി ഉപഭോഗത്തില്‍ അഞ്ചുശതമാനത്തോളം വര്‍ദ്ധന ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ ബജറ്റില്‍ 7.5 ശതമാനം ഉപഭോഗ വര്‍ദ്ധനയാണ് പ്രതീക്ഷിക്കുന്നത്. മുന്‍കാലങ്ങളിലെ ഉപഭോഗ വര്‍ദ്ധനവുകളുടെ കണക്കുകളനുസരിച്ച് എആര്‍ആര്‍ കണക്കുകള്‍ വസ്തുതയുമായി ചേര്‍ന്നു നില്‍ക്കുന്നതാണ്. എന്നാല്‍ ബജറ്റിലെ കണക്കുകളുടെ അടിസ്ഥാനമെന്തെന്ന് മനസ്സിലാകുന്നില്ലെന്നും ബോർഡിലെ തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. 

ബജറ്റുപ്രകാരമുള്ള കണക്കുകള്‍ തന്നെ ശരിയെന്ന നിലയിലെടുത്താലും ഓരോ ഉപഭോക്തൃ വിഭാഗത്തിലും ഉണ്ടാകുന്ന ഉപഭോഗ വര്‍ദ്ധനയേക്കാളും വലിയ വര്‍ദ്ധനയാണ് വരുമാനത്തില്‍ കാണിച്ചിട്ടുള്ളത്. ഉദാഹരണത്തിന് ഗാര്‍ഹിക മേഖലയില്‍ 6.5 ശതമാനം ഉപഭോഗ വര്‍ദ്ധന കാണിച്ചിട്ടുണ്ട്. പക്ഷേ പത്തു ശതമാനം വരുമാന വര്‍ദ്ധനയാണ് പ്രതീക്ഷിക്കുന്നത്. എച്ച്ടി/ ഇഎച്ച്ടി മേഖലയില്‍ 4 ശതമാനം ഉപഭോഗവര്‍ദ്ധന പ്രതീക്ഷിക്കുമ്പോള്‍ വരുമാനം 7.5ശതമാനം കൂടുമെന്ന് ബജറ്റുകണക്കുകള്‍ പറയുന്നു. മൊത്തത്തില്‍ വൈദ്യുതി ബോര്‍ഡ് ലാഭകരമായി പ്രവര്‍ത്തിക്കുന്നു എന്ന് സ്ഥാപിക്കുന്നതിന് വരുമാനം പെരുപ്പിച്ചു കാണിക്കുന്ന സമീപനമാണ് ബജറ്റില്‍ ഉള്ളത്. കെഎസ്ഇബി ലിമിറ്റഡ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനു മുന്നില്‍ താരീഫ് പെറ്റീഷന്‍ സമര്‍പ്പിച്ച് അതിന്റെ പൊതുതെളിവെടുപ്പ് നടന്നു വരുന്ന സന്ദര്‍ഭത്തില്‍ അതിലെ കണക്കുകളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു കണക്ക് ബജറ്റിന്റെ ഭാഗമായി നല്‍കുന്നത് എങ്ങിനെയെന്നും ചോദ്യമുയരുന്നു. ബജറ്റിലെ തെറ്റായ ഈ കണക്കാക്കൽ കെഎസ്ഇബി ലിമിറ്റഡ്  റഗുലേറ്ററി കമ്മീഷനു മുന്നിൽ നല്കിയ പെറ്റീഷൻ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്. 

കെഎസ്ഇബിയുടെ ബജറ്റിൽ റവന്യൂ വരവ് പെരുപ്പിച്ചു കാട്ടി,  ബോർഡിനെ തെറ്റിദ്ധരിപ്പിച്ച സിഎംഡിയ്ക്കും ഡയറക്ടര്‍- ഫിനാന്‍സിനുമെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ എംജി സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി ബി ഹരികുമാര്‍ എന്നിവർ രംഗത്തെത്തി.  സിഎംഡിയും ഡയറക്ടര്‍-ഫിനാന്‍സും സ്ഥാപനത്തിന്റെ ഭാവിയേപ്പോലും ബാധിക്കുന്ന ഗുരുതരമായ കൃത്യവിലോപമാണ് നടത്തിയത്. ഈ സ്ഥാപനത്തിന്റെ ഉടമ എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഈ വീഴ്ച ഗൗരവമായി കാണണമെന്നും ഇരുവർക്കുമെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നുമാണ് ട്രേഡ് യുണിയൻ നേതാക്കൾ ആവശ്യപ്പെടുന്നത്.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News