Air India Express Crisis: എയര്‍ ഇന്ത്യയില്‍ നടന്നത് ജീവനക്കാരുടെ പ്രതിഷേധ സമരം; തെറിപ്പിച്ചത് 30 ലേറെ ജീവനക്കാരെ! ഇനിയും പിരിച്ചുവിടും? അന്ത്യശാസനം

Air India Express Crisis: മുന്നോറോളം ജീവനക്കാരാണ് ആരോഗ്യ പ്രശ്നം പറഞ്ഞ് കൂട്ട അവധിയെടുത്തത്. നൂറിലേറെ വിമാന സർവ്വീസുകൾ എയർ ഇന്ത്യയ്ക്ക് റദ്ദാക്കേണ്ടി വന്നു.

Written by - Zee Malayalam News Desk | Last Updated : May 9, 2024, 11:43 AM IST
  • വിഷയത്തിൽ ഡിജിസിഎ, എയർ ഇന്ത്യ എക്സ്പ്രസിനോട് വിശദീകരണം തേടിയിരുന്നു
  • കൂടുതൽ ജീവനക്കാരെ പിരിച്ചുവിട്ടേക്കും എന്നാണ് റിപ്പോർട്ടുകൾ
  • അവധിയിലുള്ളവർക്ക് ജോലിയിൽ തിരികെ പ്രവേശിക്കാൻ അന്ത്യശാസനം നൽകി
Air India Express Crisis: എയര്‍ ഇന്ത്യയില്‍ നടന്നത് ജീവനക്കാരുടെ പ്രതിഷേധ സമരം; തെറിപ്പിച്ചത് 30 ലേറെ ജീവനക്കാരെ! ഇനിയും പിരിച്ചുവിടും? അന്ത്യശാസനം

ദില്ലി: കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ സംഭവിച്ചത് യാത്രക്കാര്‍ക്ക് പൊറുക്കാനാകാത്ത സംഭവങ്ങള്‍ ആയിരുന്നു. ജീവനക്കാരുടെ അഭാവം മൂലം ഒട്ടേറെ ഫ്‌ലൈറ്റുകള്‍ ആണ് റദ്ദാക്കപ്പെട്ടത്. തുടര്‍ന്ന ടിക്കറ്റെടുത്ത് യാത്ര ചെയ്യാനെത്തിയ നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി. ഇത് വലിയ പ്രതിഷേധത്തിനാണ് വഴിവച്ചത്. ഡിജിസിഎ ഈ വിഷയത്തിൽ എയർ ഇന്ത്യ എക്സ്പ്രസിനോട് വിശദീകരണം തേടുകയും ചെയ്തു.

പിന്നീടാണ് ഈ വിഷയത്തില്‍ എന്താണ് സംഭവിച്ചത് എന്ന യാഥാര്‍ത്ഥ്യം പുറത്ത് വന്നത്. ജീവനക്കാര്‍ കൂട്ട അവധി എടുത്തതായിരുന്നു പ്രതിസന്ധിയ്ക്ക് വഴിവച്ചത്. മാനേജ്‌മെന്റിനെതിരെയുള്ള പ്രതിഷേധ സമരത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ കൂട്ട അവധിയെടുക്കല്‍. എന്തായാലും ഈ പ്രതിഷേധത്തെ വെറുതേ വിടാനുള്ള തീരുമാനത്തിലല്ല എയര്‍ ഇന്ത്യ അധികൃതര്‍.

Read Also: വിമാന സർവീസുകൾ റദ്ദാക്കിയ സംഭവം; എയർ ഇന്ത്യയോട് റിപ്പോർ‍ട്ട് തേടി വ്യോമയാന മന്ത്രാലയം

30 ലേറെ ക്യാബിന്‍ ക്രൂ അംഗങ്ങളെ എയര്‍ ഇന്ത്യ മാനേജ്‌മെന്റ് പിരിച്ചുവിട്ടുകഴിഞ്ഞു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം. ഇനിയും പിരിച്ചുവിടല്‍ നടപടികള്‍ തുടര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  ശേഷിക്കുന്ന ജീവനക്കാർക്ക് അന്ത്യശാസനം നൽകുകയും ചെയ്തിട്ടുണ്ട്. മെയ് 9, വ്യാഴാഴ്ച വൈകുന്നേരം 4 മണിയ്ക്ക് മുമ്പ് എല്ലാവരും ജോലിയിൽ തിരികെ പ്രവേശിച്ചിരിക്കണം എന്നതാണ് അന്ത്യശാസനം. പൊതുമേഖലയില്‍ നിന്ന് ടാറ്റ ഏറ്റെടുത്തതോടെ ഏയര്‍ ഇന്ത്യ സേവനങ്ങള്‍ മെച്ചപ്പെടും എന്ന പ്രതീക്ഷയിലായിരുന്നു വിമാനയാത്രക്കാര്‍. എന്നാല്‍, ഏറ്റെടുക്കലിന് ശേഷവും സേവനങ്ങളുടെ കാര്യത്തില്‍ വലിയ മാറ്റമൊന്നും ഇല്ലെന്ന വിമര്‍ശനം എയര്‍ ഇന്ത്യ ഇപ്പോഴും നേരിടുന്നുണ്ട്.

300 ഓളം ജീവനക്കാരാണ് ഒറ്റയടിയ്ക്ക് കൂട്ട അവധിയെടുത്തത്. ഇവർ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് വയ്ക്കുകയും ചെയ്തു. ജീവനക്കാരുടെ അവധിയെടുത്തുള്ള പ്രതിഷേധം ആസൂത്രിതമായിരുന്നു എന്നാണ് കമ്പനി കണ്ടെത്തിയിട്ടുള്ളത്. ആരോഗ്യ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു അവധികള്‍ എല്ലാം. വിമാന സര്‍വ്വീസികള്‍ റദ്ദാക്കപ്പെടണം എന്നുദ്ദേശിച്ച് തന്നെ ആയിരുന്നു ഈ നീക്കം എന്നാണ് കമ്പനി വിലയിരുത്തുന്നത്. പിരിച്ചുവിടപ്പെട്ടവര്‍ക്ക് നല്‍കിയ കത്തില്‍ ഇക്കാര്യങ്ങള്‍ മാനേജ്‌മെന്റ് വ്യക്തമാക്കുന്നും ഉണ്ട്.

ജീവനക്കാര്‍ സ്വീകരിച്ചത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡ് എംപ്ലോേയീസ് സര്‍വ്വീസ് റൂളുകള്‍ ലംഘിക്കുന്ന നടപടികളാണെന്നാണ് കാണിച്ചാണ് പിരിച്ചുവിടല്‍. ന്യായമില്ലാത്ത രീതിയില്‍ ആണ് ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നത് എന്ന് പിരിച്ചുവിടല്‍ നോട്ടീസിൽ പറയുന്നുണ്ട്. വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നതില്‍ യാത്രക്കാര്‍ക്ക് വന്ന അസൗകര്യങ്ങളും കമ്പനിയ്ക്ക് ഉണ്ടായ സാമ്പത്തിക നഷ്ടവും ചീത്തപ്പേരും എല്ലാം പിരിച്ചുവിടലിന് കാരണമായി വ്യക്തമാക്കിയിട്ടുണ്ട്.

ടാറ്റ ഏറ്റെടുക്കുന്നതിന് മുമ്പും എയര്‍ ഇന്ത്യയില്‍ തൊഴില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായിരുന്നു. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം ഇതില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയില്‍ ആയിരുന്നു ജീവനക്കാര്‍. എന്നാല്‍ യോഗ്യതയ്ക്ക് അനുസരിച്ചുള്ള പ്രതിഫലം അല്ല ലഭിക്കുന്നത് എന്ന ആക്ഷേപമാണ് ജീവനക്കാര്‍ ഉയര്‍ത്തുന്നത്. ഈ വിഷയത്തില്‍ തന്നെ ആയിരുന്നു കൂട്ട അവധി എടുത്തുകൊണ്ടുള്ള പ്രതിഷേധം. ജോലി സമയം സംബന്ധിച്ചും അലവന്‍സുകള്‍ സംബന്ധിച്ചും ജീവനക്കാരും മാനേജ്‌മെന്റും തമ്മിലുള്ള തര്‍ക്കം ഇപ്പോഴും തുടരുകയാണ്. 

ജെആര്‍ഡി ടാറ്റ് 1932 ല്‍ സ്ഥാപിച്ചതാണെങ്കിലും എയര്‍ ഇന്ത്യ പിന്നീട് പൊതുമേഖല സ്ഥാപനം ആക്കി മാറ്റപ്പെടുകയായിരുന്നു. പലതവണ എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും 2022 ല്‍ ആണ് ഒടുവില്‍ അത് സാധ്യമായത്. ഏറെ വിവാദങ്ങള്‍ക്ക് ശേഷമായിരുന്നു ആ ഏറ്റെടുക്കല്‍. ഇതിനിടെ ടാറ്റ മറ്റ് വിമാന കമ്പനികളിൽ പങ്കാളികളാവുകയും ചെയ്തിരുന്നു. എയർ ഏഷ്യ ഇന്ത്യയും വിസ്താരയും ആണ് അവ. ഏയര്‍ ഇന്ത്യ എക്‌സ്പ്രസിനെ ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള മറ്റ് വിമാനക്കമ്പനികളുമായി ലിങ്ക് ചെയ്യാന്‍ പിന്നീട് തീരുമാനിക്കപ്പെട്ടു. എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് ഈ തീരുമാനത്തിലും എതിര്‍പ്പുണ്ട്. കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചതില്‍ ഇനി എത്ര പേര്‍ കൂടി പിരിച്ചുവിടപ്പെടും എന്നതില്‍ വ്യക്തതയില്ല. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News