Ramayana Masam 2021: രാമായണം മുപ്പതാം ദിനം പാരായണം ചെയ്യേണ്ട ഭാഗം

Ramayana Masam 2021: കര്‍ക്കടക മാസത്തിനെ നാം രാമായണ മാസം എന്നും വിളിക്കുന്നുണ്ട്. കാരണം കർക്കിടകം തുടങ്ങിയാൽ എല്ലാ ഹിന്ദു ഭവനങ്ങളിലും രാമായണം വായിക്കാന്‍ തുടങ്ങും.   

Written by - Ajitha Kumari | Last Updated : Aug 15, 2021, 06:10 PM IST
  • കര്‍ക്കടക മാസത്തിനെ നാം രാമായണ മാസം എന്നും വിളിക്കുന്നുണ്ട്.
  • രാമായണപാരായണം മുപ്പതാം ദിനം
  • ഇന്ന് പാരായണം ചെയ്യേണ്ട ഭാഗങ്ങൾ
Ramayana Masam 2021: രാമായണം മുപ്പതാം ദിനം പാരായണം ചെയ്യേണ്ട ഭാഗം

Ramayana Masam 2021: കര്‍ക്കടക മാസത്തിനെ നാം രാമായണ മാസം എന്നും വിളിക്കുന്നുണ്ട്. കാരണം കർക്കിടകം തുടങ്ങിയാൽ എല്ലാ ഹിന്ദു ഭവനങ്ങളിലും രാമായണം വായിക്കാന്‍ തുടങ്ങും. അതുകൊണ്ടുതന്നെ ഈ മാസം മുഴുവനും രാമായണം പാരായണം ചെയ്യുകയാണ് വേണ്ടത്. 

ഒരു മാസത്തെ പാരായണത്തിലൂടെ രാമായണം പൂര്‍ണമായി വായിച്ചു തീര്‍ക്കണമെന്നാണ് വിശ്വാസം. ബാലകാണ്ഡത്തിലെ ശ്രീരാമ രാമ രാമ എന്ന ഭാഗത്തില്‍ നിന്നായിരിക്കണം രാമായണപാരായണം ആരംഭിക്കേണ്ടത്. ഏതൊരു ഭാഗം വായിക്കുന്നതിനുമുന്‍പും ബാലകാണ്ഡത്തിലെ ഈ ഭാഗം പാരായണം ചെയ്തതിനുശേഷം വേണം വായിക്കാന്‍.

Also Read: Raksha Bandhan 2021: സഹോദരിമാർ രക്ഷാബന്ധൻ ദിനത്തിൽ രാശിയുടെ അടിസ്ഥാനത്തിൽ രാഖി കെട്ടുക, സഹോദരന്റെ ഭാഗ്യം തിളങ്ങും

മുപ്പതാം ദിനമായ ഇന്ന് ഏത് ഭാഗമാണ് രാമായണത്തിൽ വായിക്കേണ്ടത് എന്ന് നോക്കാം..  

ലക്ഷ്മണനോടരുള്‍ചെയ്തിതു രാമനും
“രക്ഷോവരനാം വിഭീഷണനായ് മയാ
ദത്തമായൊരു ലങ്കാരാജ്യമുള്‍പ്പുക്കു
ചിത്തമോദാലഭിഷേകം കഴിക്ക നീ.”
എന്നതു കേട്ടു കപിവരന്മാരോടും
ചെന്നു ശേഷിച്ച നിശാചരന്മാരുമായ്
അര്‍ണ്ണവതോയാദിതീര്‍ത്ഥജലങ്ങളാല്‍
സ്വര്‍ണ്ണ കലശങ്ങള്‍ പൂജിച്ചു ഘോഷിച്ചു
വാദ്യഘോഷത്തോടു താപസന്മാരുമാ
യാര്‍ത്തുവിളിച്ചിതഭിഷേകവും ചെയ്തിതു;
ഭൂമിയും ചന്ദ്രദിവാകരാദിയും
രാമകഥയുമുള്ളന്നു വിഭീഷണന്‍
ലങ്കേശനായ് വാഴ്കെന്നു കിരീടാദ്യ
ലങ്കാരവും‌ചെയ്തു ദാനപുരസ്കൃതം
പൂജ്യനായൊരു വിഭീഷണനായ്‌ക്കൊണ്ടു
രാജ്യനിവാസികള്‍ കാഴ്ചയും വെച്ചിതു
വാച്ച കുതൂഹലം പൂണ്ടു വിഭീഷണന്‍
കാഴ്ചയുമെല്ലാമെടുപ്പിച്ചുകൊണ്ടവ
ന്നാസ്ഥയാ രാഘവന്‍‌തൃകകല്‍ക്കല്‍ വെച്ചഭി-
വാദ്യവും ചെയ്തു വിഭീഷണനാദരാല്‍.
നക്തഞ്ചരേന്ദ്രപ്രസാദത്തിനായ് രാമ-
ഭദ്രനെല്ലാം പരിഗ്രഹിച്ചീടിനാന്‍.
ഇപ്പോള്‍ കൃതകൃത്യനായേനഹമെന്നു
ചില്‍‌പുരുഷന്‍ പ്രസാദിച്ചരുളീടിനാന്‍.
അഗ്രേ വിനീതനായ് വന്ദിച്ചു നില്‌ക്കുന്ന
സുഗ്രീവനെപ്പുനരാലിംഗനം‌ചെയ്തു
സന്തുഷ്ടനായരുള്‍ചെയ്തിതു രാഘവന്‍
“ചിന്തിച്ചിതെല്ലാം ലഭിച്ചിതു നമുക്കെടോ!
ത്വത്സഹായത്വേന രാവണന്‍‌തന്നെ ഞാ-
നുത്സാഹമോടു വധിച്ഛതു നിശ്ചയം
ലങ്കേശ്വരനായ് വിഭീഷണന്‍‌തന്നെയും
ശങ്കാവിഹീനമഭിഷേകവും ചെയ്തു.”

സീതാസ്വീകരണം

പിന്നെ ഹനുമാനെ നോക്കിയരുള്‍ചെയ്തു
മന്നവന്‍ ‘നീ പൊയ്‌ വിഭീഷണാനുജ്ഞയാ
ചെന്നു ലങ്കാപുരം പുക്കറിയിക്കണം
തന്വംഗിയാകിയ ജാനകിയോടിദം
നക്തഞ്ചരാധിപനിഗ്രഹമാദിയ‍ാം
വൃത്താന്തമെല്ല‍ാം പറഞ്ഞു കേള്‍പ്പിക്കണം
എന്നാലവളുടെ ഭാവവും വാകുമി-
ങ്ങെന്നോടു വന്നു പറക നീ സത്വരം’
എന്നതു കേട്ടു പവനതനയനും
ചെന്നുലങ്കാപുരം പ്രാപിച്ചനന്തരം
വന്നു നിശാചരര്‍ സല്‍ക്കരിച്ചീടിനാര്‍
നന്ദിതനായൊരു മാരുത പുത്രനും
രാമപാദാബ്ജവും ധ്യാനിച്ചിരിയ്ക്കുന്ന
ഭൂമിസുതയെ നമസ്കരിച്ചീടിനാന്‍
വക്ത്രപ്രസാദമാലോക്യ കപിവരന്‍
വൃത്താന്തമെല്ല‍ാം പറഞ്ഞുതുടങ്ങിനാന്‍
‘ലക്ഷ്മണനോടും വിഭീഷന്‍തന്നൊടും
സുഗ്രീവനാദിയ‍ാം വാനരന്മാരൊടും
രക്ഷോവരന‍ാം ദശഗ്രീവനെക്കൊന്നു
ദുഃഖമകന്നു തെളിഞ്ഞു മേവീടിനാന്‍
ഇത്ഥം ഭവതിയോടൊക്കെപ്പറകെന്നു
ചിത്തം തെളിഞ്ഞരുള്‍ചെയ്തിതറിഞ്ഞാലും’
സന്തോഷമെത്രയുണ്ടായിതു സീതയ്ക്കെ-
ന്നെന്തു ചൊല്ലാവതു ജാനകീദേവിയും
ഗദ്ഗദവര്‍ണ്ണേന ചൊല്ലിനാ’ളെന്തു ഞാന്‍
മര്‍ക്കടശ്രേഷ്ഠ! ചൊല്ലേണ്ടതു ചൊല്ലു നീ
ഭര്‍ത്താവിനെക്കണ്ടുകൊള്‍വാനുപായമെ-
ന്തെത്ര പാര്‍ക്കേണമിനിയും ശുചൈവ ഞാന്‍
നേരത്തിതിന്നു യോഗം വരുത്തീടുനീ
ധീരത്വമില്ലിനിയും പൊറുത്തീടുവാന്‍’
വാതാത്മജനും രഘുവരന്‍തന്നോടു
മൈഥിലീഭാഷിതം ചെന്നു ചൊല്ലീടിനാന്‍
ചിന്തിച്ചു രാമന്‍ വിഭീഷണന്‍ തന്നോടു
സന്തുഷ്ടനായരുള്‍ചെയ്താന്‍ ‘വിരയെ നീ
ജാനകീദേവിയെച്ചെന്നു വരുത്തുക
ദീനതയുണ്ടുപോല്‍ കാണായ്കകൊണ്ടുമ‍ാം
സ്നാനം കഴിപ്പിച്ചു ദിവ്യ‍ാംബരാഭര-
ണാനുലേപാദ്യലങ്കാരമണിയിച്ചു
ശില്‍പമായോരു ശിബികമേലാരോപ്യ
മല്‍പുരോഭാഗേ വരുത്തുക സത്വരം.’
മാരുതിതന്നോടുകൂടെ വിഭീഷണ-
നാരാമദേശം പ്രവേശിച്ചു സാദരം
വൃദ്ധമാരായ നാരീജനത്തെക്കൊണ്ടു
മുഗ്ദ്ധ‍ാംഗിയെക്കുളിപ്പിച്ചു ചമയിച്ചു
തണ്ടിലെടുപ്പിച്ചുകൊണ്ടു ചെല്ലുന്നേര-
മുണ്ടായ്‌ ചമഞ്ഞിതൊരു ഘോഷനിസ്വനം
വാനരവീരരും തിക്കിത്തിരക്കിയ-
ജ്ജാനകീദേവിയെക്കണ്ടുകൊണ്ടീടുവാന്‍
കൂട്ടമിട്ടങ്ങണയുന്നതു കണ്ടൊരു
യാഷ്ടികന്മാരണഞ്ഞാട്ടിയകറ്റിനാര്‍
കോലാഹലം കേട്ടു രാഘവന്‍ കാരുണ്യ-
ശാലി വിഭീഷണന്‍ തന്നോടരുള്‍ചെയ്തു
‘വാനരന്മാരെയുപദ്രവിപ്പാനുണ്ടോ
ഞാനുരചെയ്തിതു നിന്നോടിതെന്തെടോ?
ജാനകീദേവിയെക്കണ്ടാലതിനൊരു
ഹാനിയെന്തുള്ളതതു പറഞ്ഞീടു നീ?
മാതാവിനെച്ചെന്നു കാണുന്നതുപോലെ
മൈഥിലിയെച്ചെന്നു കാണ്ടാലുമേവരും
പാദചാരേണ വരേണമെന്നന്തികേ
മേദിനീനന്ദിനി കിം തത്ര ദൂഷണം?’
കാര്യാര്‍ത്ഥമായ്‌ പുരാ നിര്‍മ്മിതമായൊരു
മായാജനകജാരൂപം മഹോഹരം
കണ്ടു കോപം പൂണ്ടു വാച്യവാദങ്ങളെ-
പ്പുണ്ഡരീകാക്ഷന്‍ ബഹുവിധം ചൊല്ലിനാന്‍
ലക്ഷ്മണനോടു മായാസീതയും ശുചാ
തല്‍ക്ഷണേ ചൊല്ലിനാളേതുമേ വൈകാതെ
‘വിശ്വാസമാശു മല്‍ഭര്‍ത്താവിനും മറ്റു
വിശ്വത്തില്‍ വാഴുന്നവര്‍ക്കും വരുത്തുവാന്‍
കുണ്ഡത്തിലഗ്നിയെ നന്നായ്‌ ജ്വലിപ്പിക്ക
ദണ്ഡമില്ലേതുമെനിക്കതില്‍ ചാടുവാന്‍’
സൗമിത്രിയുമതു കേട്ടു രഘൂത്തമ
സൗമുഖഭാവമാലോക്യ സസംഭ്രമം
സാമര്‍ത്ഥ്യമേറുന്ന വാനരന്മാരുമായ്‌
ഹോമകുണ്ഡം തീര്‍ത്തു തീയും ജ്വലിപ്പിച്ചു
രാമപാര്‍ശ്വം പ്രവേശിച്ചു നിന്നീടിനാന്‍
ഭൂമിസുതയുമന്നേരം പ്രസന്നയായ്‌
ഭര്‍ത്താരമാലോക്യ ഭക്ത്യാ പ്രദക്ഷിണം
കൃത്വാ മുഹുസ്ത്രയം ബദ്ധാഞ്ജലിയൊടും
ദേവദ്വിജേന്ദ്രതപോധനന്മാരെയും
പാവകന്‍തന്നെയും വന്ദിച്ചു ചൊല്ലിനാള്‍
‘ഭര്‍ത്താവിനെയൊഴിഞ്ഞന്യനെ ഞാന്‍ മമ
ചിത്തേ നിരൂപിച്ചതെങ്കിലതിന്നു നീ
സാക്ഷിയല്ലോ സകലത്തിനുമാകയാല്‍
സാക്ഷാല്‍ പരമാര്‍ത്ഥമിന്നറിയിക്ക നീ’
എന്നു പറഞ്ഞുടന്‍ മൂന്നു വലം വച്ചു
വഹ്നിയില്‍ ചാടിനാള്‍ കിഞ്ചില്‍ ഭയം വിനാ
ദുശ്‌ച്യവനാദികള്‍ വിസ്മയപ്പെട്ടിതു
നിശ്‌ചലമായിതു ലോകവുമന്നേരം
ഇന്ദ്രനും കാലനും പാശിയും വായുവും
വൃന്ദാകരാധിപന്മാരും കുബേരനും
മന്ദാകിനീധരന്‍താനും വിരിഞ്ചനും
സുന്ദരിമാരാകുമപ്സരസ്ത്രീകളും
ഗന്ധര്‍വ്വ കിന്നര കിംപുരുഷന്മാരു
ദന്ദശുകന്മാര്‍ പിതൃക്കള്‍ മുനികളും
ചാരണഗുഹ്യസിദ്ധസാദ്ധ്യന്മാരും
നാരദ തുംബുരുമുഖ്യജനങ്ങളും
മറ്റും വിമാനാഗ്രചാരികളൊക്കവേ
ചുറ്റും നിറഞ്ഞിതു, രാമന്‍തിരുവടി
നിന്നരുളും പ്രദേശത്തിങ്കലന്നേരം
വന്ദിച്ചിതെല്ലാവരേയും നരേന്ദ്രനും
രാമചന്ദ്രം പരമാത്മാനമന്നേരം
പ്രേമമുള്‍ക്കൊണ്ടു പുകഴ്‌ന്നു തുടങ്ങിനാര്‍
‘സര്‍വ്വലോകത്തിനും കര്‍ത്താ ഭവാനല്ലോ
സര്‍വ്വത്തിനും സാക്ഷിയാകുന്നുതും ഭവാന്‍
അജ്ഞാനവിഗ്രഹനാകുന്നതും ഭവാന്‍
അജ്ഞാനനാശകനാകുന്നതും ഭവാന്‍
സൃഷ്ടികര്‍ത്താവ‍ാം വിരിഞ്ചനാകുന്നതു-
മഷ്ടവസുക്കളിലഷ്ടമനായതും
ലോകത്തിനാദിയും മദ്ധ്യവുമന്തവു-
മേകന‍ാം നിത്യസ്വരൂപന്‍ ഭവാനല്ലോ
കര്‍ണ്ണങ്ങളായതുമശ്വനീദേവകള്‍
കണ്ണുകളായതുമാദിത്യചന്ദ്രന്മാര്‍
ശുദ്ധനായ്‌ നിത്യനായദ്വയനായൊരു
മുക്തനാകുന്നതും നിത്യം ഭവാനല്ലൊ
നിന്നുടെ മായയാ മൂടിക്കിടപ്പവര്‍
നിന്നെ മനുഷ്യനെന്നുള്ളിലോര്‍ത്തീടുവോര്‍
നിന്നുടെ നാമസ്മരണമുള്ളോരുള്ളില്‍
നന്നായ്‌ പ്രകാശിയ്ക്കുമാത്മപ്രബോധവും
ദുഷ്ടന‍ാം രാവണന്‍ ഞങ്ങളുടെ പദ-
മൊട്ടൊഴിയാതെയടക്കിനാന്‍ നിര്‍ദ്ദയം
നഷ്ടനായാനവനിന്നു നിന്നാലിനി-
പ്പുഷ്ടസൗഖ്യം വസിക്ക‍ാം ത്വല്‍ക്കരുണയാ’
ദേവകളിത്ഥം പുകഴ്ത്തും ദശാന്തരേ
ദേവന്‍ വിരിഞ്ചനും വന്ദിച്ചു വാഴ്ത്തിനാന്‍
‘വന്ദേ പദം പരമാനന്ദമദ്വയം
വന്ദേ പദമശേഷസ്തുതികാരണം
അദ്ധ്യാത്മജ്ഞാനികളാല്‍ പരിസേവിതം
ചിത്തസത്താമാത്രമവ്യയമീശ്വരം
സര്‍വ്വഹൃദിസ്ഥിതം സര്‍വ്വജഗന്മയം
സര്‍വ്വലോകപ്രിയം സര്‍വ്വജ്ഞമത്ഭുതം
രത്നകിരീടം രവിപ്രഭം കാരുണ്യ-
രത്നാകരം രഘുനാഥം രമാവരം
രാജരാജേന്ദ്രം രജനീചരാന്തകം
രാജീവലോചനം രാവണനാശനം
മായാപരമജം മായാമയം മനു-
നായകം മായാവിഹീനം മധുദ്വിഷം
മാനവം മാനഹീനം മനുജോത്തമം
മാധുര്യസാരം മനോഹരം മാധവം
യോഗിചിന്ത്യം സദാ യോഗിഗമ്യം മഹാ-
യോഗവിധാനം പരിപൂര്‍ണ്ണമച്യുതം
രാമം രമണീയരൂപം ജഗദഭി-
രാമം സദൈവ സീതാഭിരാമം ഭജേ’
ഇത്ഥം വിധാതുസ്തുതികേട്ടു രാഘവന്‍
ചിത്തമാനന്ദിച്ചിരുന്നരുളുന്നേരം
ആശ്രയാശന്‍ ജഗദാശ്രയഭൂതയാ-
നാശ്രിതവത്സലയായ വൈദേഹിയെ
കാഴ്ചയായ്‌ കൊണ്ടുവന്നാശു വണങ്ങിനാ-
നാശ്ചര്യമുള്‍ക്കൊണ്ടു നിന്നിതെല്ലാവരും
‘ലങ്കേശനിഗ്രഹാര്‍ത്ഥം വിപിനത്തില്‍ നി-
ന്നെങ്കലാരോപിതയാകിയ ദേവിയെ
ശങ്കാവിഹീനം പരിഗ്രഹിച്ചീടുക
സങ്കടം തീര്‍ന്നു ജഗത്ത്രയത്തിങ്കലും’
പാവകനെപ്രതി പൂജിച്ചു രാഘവന്‍
ദേവിയെ മോദാല്‍ പരിഗ്രഹിച്ചീടിനാന്‍
പങ്കേരുഹാക്ഷനും ജാനകീദേവിയെ-
സ്വാങ്കേ സമാവേശ്യ ശോഭിച്ചിതേറ്റവും

ദേവേന്ദ്രസ്തുതി

സംക്രന്ദനന്‍ തദാ രാമനെ നിര്‍ജ്ജര-
സംഘേന സാര്‍ദ്ധം വണങ്ങി സ്തുതിച്ചിതു
‘രാമചന്ദ്ര! പ്രഭോ! പാഹി മ‍ാം പാഹി മ‍ാം
രാമഭദ്ര! പ്രഭോ! പാഹി മ‍ാം പാഹി മ‍ാം
ഞങ്ങളെ രക്ഷിപ്പതിന്നു മറ്റാരുള്ള-
തിങ്ങനെ കാരുണ്യപീയൂഷവാരിധേ!
നിന്തിരുനാമാമൃതം ജപിച്ചീടുവാന്‍
സന്തതം തോന്നേണമെന്‍പോറ്റി മാനസേ
നിന്‍ ചരിതാമൃതം ചൊല്‌വാനുമെപ്പൊഴു-
മെന്‍ ചെവികൊണ്ടു കേള്‍പ്പാനുമനുദിനം
യോഗം വരുവാനനുഗ്രഹിച്ചീടണം
യോഗമൂര്‍ത്തേ! ജനകാത്മജാവല്ലഭ!
ശ്രീമഹാദേവനും നിന്തിരുനാമങ്ങള്‍
രാമരാമേതി ജപിയ്ക്കുന്നിതന്വഹം
ത്വല്‍പാദതീര്‍ത്ഥം ശിരസി വഹിയ്ക്കുന്നി-
തെപ്പോഴുമാത്മശുദ്ധിയ്ക്കുമാവല്ലഭന്‍’
ഏവം പലതരം ചൊല്ലി സ്തുതിച്ചോരു
ദേവേന്ദ്രനോടരുള്‍ചെയ്തിതു രാഘവന്‍
‘മൃത്യു ഭവിച്ച കപികുലവീരരെ-
യത്തല്‍ക്കളഞ്ഞു ജീവിപ്പിക്കയും വേണം
പക്വഫലങ്ങള്‍ കപികള്‍ ഭക്ഷിയ്ക്കുമ്പോ-
ളൊക്കെ മധുരമാക്കിച്ചമച്ചീടുക
വാനരന്മാര്‍ക്കു കുടിപ്പാന്‍ നദികളും
തേനായൊഴുകേണ’മെന്നു കേട്ടിന്ദ്രനും
എല്ലാമരുള്‍ചെയ്തവണ്ണം വരികെന്നു
കല്യാണമുള്‍ക്കൊണ്ടനുഗ്രഹിച്ചീടിനാന്‍
നന്നായുറങ്ങിയുണര്‍ന്നവരെപ്പോലെ
മന്നവന്‍തന്നെത്തൊഴുതാരവര്‍കളും
ചന്ദ്രചൂഡന്‍ പരമേശ്വരനും രാമ-
ചന്ദ്രനെ നോക്കിയരുള്‍ചെയ്തിതന്നേരം
‘നിന്നുടെ താതന്‍ ദശരഥന്‍ വന്നിതാ
നിന്നു വിമാനമമര്‍ന്നു നിന്നെക്കാണ്മാന്‍
ചെന്നു വണങ്ങുകെ’ന്നന്‍പോടു കേട്ടഥ
മന്നവന്‍ സംഭ്രമം പൂണ്ടു വണങ്ങിനാന്‍
വൈദേഹിതാനും സുമിത്രാതനയനു-
മാദരവോടു വന്ദിച്ചു ജനകനെ
ഗാഢം പുണര്‍ന്നു നിറുകയില്‍ ചുംബിച്ചു
ഗൂഢനായോരു പരമപുരുഷനെ
സൗമിത്രിതന്നെയും മൈഥിലിതന്നെയും
പ്രേമപൂര്‍ണ്ണം പുണര്‍ന്നാനന്ദമഗ്നനായ്‌
ചിന്മയനോടു പറഞ്ഞു ദശരഥ-
നെന്മകനായി പിറന്ന ഭവാനെ ഞാന്‍
നിര്‍മ്മലമൂര്‍ത്തേ! ധരിച്ചതിന്നാകയാല്‍
ജന്മമരാണാദി ദുഃഖങ്ങള്‍ തീര്‍ന്നിതു
നിന്മഹാമായ മോഹിപ്പിയായ്കെന്നെയും
കല്‍മഷനാശന! കാരുണ്യവാരിധേ!
താതവാക്യം കേട്ടു രാമചന്ദ്രന്‍ തദാ
മോദേന പോവാനനുവദിച്ചീടിനാന്‍
ഇന്ദ്രാദിദേവകളോടും ദശരഥന്‍
ചെന്നമരാവതി പുക്കു മരുവിനാന്‍
സത്യസന്ധന്‍തന്നെ വന്ദിച്ചനുജ്ഞയാ
സത്യലോകം ചെന്നു പുക്കു വിരിഞ്ചനും
കാത്യായനീദേവിയോടും മഹേശ്വരന്‍
പ്രീത്യാ വൃഷാരൂഢനായെഴുന്നള്ളിനാന്‍
ശ്രീരാമചന്ദ്രനിയോഗേന പോയിതു
നാരദനാദി മഹാമുനിവൃന്ദവും
പുഷ്കരനേത്രനെ വാഴ്ത്തി നിരാകുലം
പുഷ്കരചാരികളും നടന്നീടിനാര്‍

അയോദ്ധ്യയിലേക്കുള്ള യാത്ര
മന്നവന്‍തന്നെ വന്ദിച്ചപേക്ഷിച്ചിതു
പിന്നെ വിഭീഷണനായ ഭക്തന്‍ മുദാ
‘ദാസനാമെന്നെക്കുറിച്ചു വത്സല്യമു-
ണ്ടേതാനുമെങ്കിലത്രൈവ സന്തുഷ്ടനായ്‌
മംഗലദേവതയാകിയ സീതയാ
മംഗലസ്നാനവുമാചരിച്ചീടണം
മേളമായിന്നു വിരുന്നും കഴിഞ്ഞിങ്ങു
നാളെയങ്ങോട്ടെഴുന്നള്ളീടുകയുമ‍ാം’
എന്നു വിഭീഷണന്‍ ചൊന്നതു കേട്ടുടന്‍
മന്നവര്‍മന്നവന്‍ താനുമരുള്‍ചെയ്തു
‘സോദരനായ ഭരതനയോദ്ധ്യയി-
ലാധിയും പൂണ്ടു സഹോദരന്‍ തന്നൊടും
എന്നെയും പാര്‍ത്തിരിക്കുന്നിതു ഞാനവന്‍-
തന്നോടുകൂടിയൊഴിഞ്ഞലങ്കാരങ്ങള്‍
ഒന്നുമനുഷ്ഠിയ്ക്കയെന്നുള്ളതില്ലെടോ!
ചെന്നൊരു രാജ്യത്തില്‍ വാഴ്കയെന്നുള്ളതും.
സ്നാനാശനാദികളാചരിക്കെന്നതും
നൂനമവനോടുകൂടിയേയാവിതു
എന്നു പതിനാലു സംവത്സരം തിക-
യുന്നതെന്നുള്ളതും പാര്‍ത്തവന്‍ വാഴുന്നു
ചെന്നീല ഞാനന്നുതന്നെയെന്നാലവന്‍
വഹ്നിയില്‍ ചാടിമരിക്കുമേ പിറ്റേന്നാള്‍
എന്നതുകൊണ്ടുഴറുന്നിതു ഞാനിഹ
വന്നു സമയവുമേറ്റമടുത്തങ്ങു
ചെന്നുകൊള്‍വാന്‍ പണിയുണ്ടതിന്‍ മുന്നമേ
നിന്നില്‍ വാത്സല്യമില്ലായ്കയുമല്ല മേ
സല്‍ക്കരിച്ചീടു നീ സത്വരമെന്നുടെ
മര്‍ക്കടവീരരെയൊക്കവെ സാദരം
പ്രീതിയവര്‍ക്കു വന്നാലെനിയ്ക്കും വരും
പ്രീതി,യതിന്നൊരു ചഞ്ചലമില്ല കേള്‍
എന്നെക്കനിവോടു പൂജിച്ചതിന്‍ഫലം
വന്നുകൂടും കപിവീരരെപ്പൂജിച്ചാല്‍’
പാനാശനസ്വര്‍ണ്ണരത്ന‍ാംബരങ്ങളാല്‍
വാനരന്മാര്‍ക്കലംഭാവം വരുംവണ്ണം
പൂജയും ചെയ്തു കപികളുമായ്‌ ചെന്നു
രാജീവനേത്രനെക്കൂപ്പി വിഭീഷണന്‍
‘ക്ഷിപ്രമയോദ്ധ്യയ്ക്കെഴുന്നള്ളുവാനിഹ
പുഷ്പകമായ വിമാനവുമുണ്ടല്ലോ’
രാത്രിഞ്ചരാധിപനിത്ഥമുണര്‍ത്തിച്ച
വാര്‍ത്ത കേട്ടാസ്ഥയോടും പുരുഷോത്തമന്‍
കാലത്തു നീ വരുത്തീടുകെന്നാനഥ
പൗലസ്ത്യയാനവും വന്നു വന്ദിച്ചിതു
ജാനകിയോടുമനുജനോടും ചെന്നു
മാനവവീരന്‍ വിമാനവുമേറിനാന്‍
അര്‍ക്കാത്മജാദി കപിവരന്മാരൊടും
നക്തഞ്ചാധിപനോടും രഘൂത്തമന്‍
മന്ദസ്മിതം പൂണ്ടരുള്‍ചെയ്തിതാദരാല്‍
‘മന്ദേതരം ഞാനയദ്ധ്യയ്ക്കു പോകുന്നു
മിത്രകാര്യം കൃത്യമായിതു നിങ്ങളാല്‍
ശത്രുഭയമിനി നിങ്ങള്‍ക്കകപ്പെടാ
മര്‍ക്കടരാജ! സുഗ്രീവ! മഹാമതേ!
കിഷ്കിന്ധയില്‍ ചെന്നു വാഴ്ക നീ സൗഖ്യമായ്‌
ആശരാധീശ! വിഭീഷണ! ലങ്കയി-
ലാശു പോയ്‌ വാഴ്ക നീയും ബന്ധുവര്‍ഗ്ഗവും’
കാകുത്സ്ഥനിത്ഥമരുള്‍ചെയ്ത നേരത്തു
വേഗത്തില്‍ വന്ദിച്ചവര്‍കളും ചൊല്ലിന്നാര്‍
‘ഞങ്ങളും കൂടെ വിടകൊണ്ടയോദ്ധ്യയി-
ലങ്ങു കൗസല്യാദികളെയും വന്ദിച്ചു
മംഗലമാമ്മാറഭിഷേകവും കണ്ടു
തങ്ങള്‍തങ്ങള്‍ക്കുള്ളവിടെ വാണീടുവാന്‍
ഉണ്ടാകവേണം തിരുമനസ്സെങ്കിലേ
കുണ്ഠത ഞങ്ങള്‍ക്കു തീരു ജഗല്‍പ്രഭോ!’
‘അങ്ങനെതന്നെ നമുക്കുമഭിമതം
നിങ്ങള്‍ക്കുമങ്ങനെ തോന്നിയതത്ഭുതം
എങ്കിലോ വന്നു വിമാനമേറീടുവിന്‍
സങ്കടമെന്നിയേ മിത്രവിയോഗജം’
സേനയാ സാര്‍ദ്ധം നിശാചരരാജനും
വാനര്‍ന്മാരും വിമാനമേറീടിനാര്‍
സംസാരനാശനാനുജ്ഞയാ പുഷ്പകം
ഹംസസമാനം സമുല്‍പതിച്ചു തദാ
നക്തഞ്ചരേന്ദ്രസുഗ്രീവാനുജപ്രിയാ-
യുക്തന‍ാം രാമനെക്കൊണ്ടു വിമാനവും
എത്രയും ശോഭിച്ചതംബരാന്തേ തദാ
മിത്രബിംബം കണക്കേ ധനദാസനം
ഉത്സംഗസീമ്‌നി വിന്യസ്യ സീതാഭക്ത-
വത്സലന്‍ നാലു ദിക്കും പുനരാലോക്യ
‘വത്സേ! ജനകാത്മജേ! ഗുണ വല്ലഭേ!
സത്സേവിതേ! സരസീരുഹലോചനേ!
പശ്യ ത്രികൂടാചലോത്തമ‍ാംഗസ്ഥിതം
വിശ്വവിമോഹനമായ ലങ്കാപുരം
യുദ്ധാങ്കണം കാണ്‍കതിലങ്ങു ശോണിത-
കര്‍ദ്ദമമ‍ാംസാസ്ഥിപൂര്‍ണ്ണം ഭയങ്കരം
അത്രൈവ വാനര രാക്ഷസന്മാര്‍ തമ്മി-
ലെത്രയും ഘോരമായുണ്ടായി സംഗരം
അത്രൈവ രാവണന്‍ വീണു മരിച്ചിതെ-
ന്നസ്ത്രമേറ്റുത്തമേ! നിന്നുടെ കാരണം
കുംഭകര്‍ണ്ണന്‍ മകരാക്ഷനുമെന്നുടെ-
യമ്പുകൊണ്ടത്ര മരിച്ചിതു വല്ലഭേ!
വൃത്രാരിജിത്തുമതികായനും പുന-
രത്ര സൗമിത്രിതന്നസ്ത്രമേറ്റുത്തമേ!
വീണു മരിച്ചിതു പിന്നെയും മറ്റുള്ള
കൗണപന്മാരെക്കപികള്‍ കൊന്നീടിനാര്‍
സേതു ബന്ധിച്ചതും കാണെടോ! സാഗരേ
ഹേതു ബന്ധിച്ചതതിന്നു നീയല്ലയോ?
സേതുബന്ധം മഹാതീര്‍ത്ഥം പ്രിയേ! പഞ്ച-
പാതകനാശനം ത്രൈലോക്യപൂജിതം
കണ്ടാലുമുണ്ട‍ാം ദുരിതവിനാശനം
കണ്ടാലുമങ്ങതിന്നത്ര രാമേശ്വരം
എന്നാല്‍ പ്രതിഷ്ഠിതനായ മഹേശ്വരന്‍
പന്നഗഭൂഷണന്‍ തന്നെ വണങ്ങു നീ
അത്ര വന്നെന്നെശ്ശരണമായ്‌ പ്രാപിച്ചി-
തുത്തമനായ വിഭീഷണന്‍ വല്ലഭേ!
പുഷ്കരനേത്രേ! പുരോഭുവി കാണേടോ!
കിഷ്കിന്ധയാകും കപീന്ദ്രപുരീമിമ‍ാം’
ശ്രുത്വാ മനോഹരം ഭര്‍ത്തൃവാക്യം മുദാ
പൃത്ഥ്വീസുതയുമപേക്ഷിച്ചതന്നേരം
‘താരാദിയായുള്ള വാനരസുന്ദരി-
മാരെയും കണ്ടങ്ങു കൊണ്ടുപോയീടണം
കൗതൂഹലമയോദ്ധ്യാപുരിവാസിന‍ാം
ചേതസി പാരമുണ്ടായ്‌വരും നിര്‍ണ്ണയം
വാനരവീരരുമൊട്ടുനാളുണ്ടല്ലോ
മാനിനിമാരെപ്പിരിഞ്ഞിരുന്നീടുന്നു!
ഭര്‍ത്തൃവിയോഗജദുഃഖമിന്നെന്നോള-
മിത്രിലോകത്തിങ്കലാരറിഞ്ഞിട്ടുള്ളു!
എന്നാലിവരുടെ വല്ലഭമാരെയു-
മിന്നുതന്നെ കൂട്ടികൊണ്ടുപോയീടണം
രാഘവന്‍ ത്രൈലോക്യനായകന്‍തന്നിലു-
ള്ളാകൂതമപ്പോളറിഞ്ഞു വിമാനവും
ക്ഷോണീതലം നോക്കി മന്ദമന്ദം തദാ
താണതുകണ്ടരുള്‍ചെയ്തു രഘൂത്തമന്‍
‘വാനരവീരരേ നിങ്ങള്‍ നിജനിജ-
മാനിനിമാരെ വരുത്തുവിനേവരും’
മര്‍ക്കടവീരരതു കേട്ടു മോദേന
കിഷ്കിന്ധപുക്കു നിജ‍ാംഗനമാരെയും
പോകെന്നു ചൊല്ലി വിമാനം കരേറ്റിനാര്‍
ശാഖാമൃഗാധിപന്മാരും കരേറിനാര്‍
താരാര്‍മകളായ ജാനകീദേവിയും
താരാരുമാദികളോടു മോദാന്വിതം
ആലോകനാലാപ മന്ദഹാസാദി ഗാ-
ഢാലിംഗനഭ്രൂചലനാദികള്‍കൊണ്ടു
സംഭാവനചെയ്തവരുമായ്‌ വേഗേന
സംപ്രീതിപൂണ്ടു തിരിച്ചു വിമാനവും
വിശ്വൈകനായകന്‍ ജാനകിയോടരു-
ളിച്ചെയ്തിതു പരമാനന്ദസംയുതം
‘പശ്യ മനോഹരേ! ദേവി! വിചിത്രമാ-
മൃശ്യമൂകാചലമുത്തുംഗമെത്രയും
അത്രൈവ വൃത്രാരിപുത്രനെക്കൊന്നതും
മുഗ്ദ്ധ‍ാംഗി പഞ്ചവടി നാമിരുന്നേടം
വന്ദിച്ചുകൊള്‍കഗസ്ത്യാശ്രമം ഭക്തി പൂ-
ണ്ടിന്ദീവരാക്ഷി സുതീക്ഷ്ണാശ്രമത്തെയും
ചിത്രകൂടാചലം പണ്ടു ന‍ാം വാണേട-
മത്രൈവ കണ്ടു ഭരതനെ നാമെടോ!
ഭദ്രേ മുദാ ഭരദ്വാജാശ്രമം കാണ്‍ക!
ശുദ്ധീകരം യമുനാതടശോഭിതം
ഗംഗാനദിയതിന്നങ്ങേ,തതിന്നങ്ങു
ശൃംഗിവേരന്‍ ഗുഹന്‍ വാഴുന്ന നാടെടോ!
പിന്നെസ്സരയൂനദിയതിന്നങ്ങേതു
ധന്യമയോദ്ധ്യനഗരം മനോഹരേ!
ഇത്ഥമരുള്‍ചെയ്ത നേരത്തു രാഘവന്‍-
ചിത്തമറിഞ്ഞാശു താണു വിമാനവും
വന്ദിച്ചിതു ഭരദ്വാജമുനീന്ദ്രനെ
നന്ദിച്ചനുഗ്രഹം ചെയ്തു മുനീന്ദ്രനും
രാമനും ചോദിച്ചിതപ്പോ’ളയോദ്ധ്യയി-
ലാമയമേതുമൊന്നില്ലയല്ലീ മുനേ?’
മാതൃജനത്തിനും സൗഖ്യമല്ലീ മമ
സോദരന്മാര്‍ക്കുമാചാര്യജനത്തിനും?’
താപസശ്രേഷ്ഠനരുള്‍ചെയ്തിതന്നേരം
‘താപമൊരുവര്‍ക്കുമില്ലയോദ്ധ്യാപുരേ
നിത്യം ഭരതശത്രുഘ്നകുമാരന്മാര്‍
ശുദ്ധമാകും ഫലമൂലവും ഭക്ഷിച്ചു
ഭക്ത്യാ ജടാവല്‍ക്കലാദികളും പൂണ്ടു
സത്യസ്വരൂപന‍ാം നിന്നെയും പാര്‍ത്തുപാര്‍-
ത്താഹന്ത! സിംഹാസനേ പാദുകം വച്ചു
മോഹം ത്യജിച്ചു പുഷ്പാഞ്ജലിയും ചെയ്തു
കര്‍മ്മങ്ങളെല്ലാമതിങ്കല്‍ സമര്‍പ്പിച്ചു
സമ്മതന്മാരായിരിക്കുന്നിതെപ്പൊഴും
ത്വല്‍പ്രസാദത്താലറിഞ്ഞിരിയ്ക്കുന്നിതു
ചില്‍പുരുഷപ്രഭോ! വൃത്തന്തമൊക്കെ ഞാന്‍
സീതാഹരണവും സുഗ്രീവസഖ്യവും
യാതുധാനന്മാരെയൊക്കെ വധിച്ചതും
യുദ്ധപ്രകാരവും മാരുതിതന്നുടെ
യുദ്ധപരാക്രമവും കണ്ടിതൊക്കവേ
ആദിമദ്ധ്യാന്തമില്ലാത പരബ്രഹ്മ-
മേതു തിരിക്കരുതാതൊരു വസ്തു നീ
സാക്ഷാല്‍ മഹാവിഷ്ണു നാരായണനായ
മോക്ഷപ്രദന്‍ നിന്തിരുവടി നിര്‍ണ്ണയം
ലക്ഷ്മീഭഗവതി സീതയാകുന്നതും
ലക്ഷ്മണനായതനന്തന്‍ ജഗല്‍പ്രഭോ!
ഇന്നു നീ ശുദ്ധമാക്കേണം മമാശ്രമം
ചെന്നയോദ്ധ്യാപുരം പുക്കീടടുത്തനാള്‍’
കര്‍ണ്ണാമൃതമ‍ാം മുനിവാക്കു കേട്ടുപോയ്‌
പര്‍ണ്ണശാലാമകം പുക്കിതു രാഘവന്‍
പൂജിതനായ്‌ ഭ്രാതൃഭാര്യാസമന്വിതം
രാജീവനേത്രനും പ്രീതിപൂണ്ടീടിനാന്‍

ഹനൂമദ്ഭരതസംവാദം

പിന്നെ മുഹൂത്തമാത്രം നിരൂപിച്ചഥ
ചൊന്നാനനിലാത്മജനോടു രാഘവന്‍
‘ചെന്നയോദ്ധ്യാപുരം പ്രാപിച്ചു സോദരന്‍-
തന്നെയും കണ്ടു വിശേഷമറിഞ്ഞു നീ
വന്നീടുകെന്നുടെ വൃത്താന്തവും പുന-
രൊന്നൊഴിയാതെയവനോടു ചൊല്ലണം
പോകുന്നനേരം ഗുഹനെയും ചെന്നു ക-
ണ്ടേകാന്തമായറിയിച്ചീടവസ്ഥകള്‍’
മാരുതി മാനുഷവേഷം ധരിച്ചു പോയ്‌
ശ്രീരാമവൃത്തം ഗുഹനെയും കേള്‍പ്പിച്ചു
സത്വരം ചെന്നു നന്ദിഗ്രാമമുള്‍പ്പുക്കു
ഭക്തനായീടും ഭരതനെ കൂപ്പിനാന്‍
പാദുകവും വച്ചു പൂജിച്ചനാരതം
ചേതസാ രാമനെ ധ്യാനിച്ചു ശുദ്ധനായ്‌
സോദരനോടുമാമാതൃജനത്തൊടു-
മാദരപൂര്‍വ്വം ജടവല്‍ക്കലം പൂണ്ടു
മൂലഫലവും ഭുജിച്ചു കൃശ‍ാംഗനായ്‌
ബാലനോടുംകൂടെ വാഴുന്നതു കണ്ടു
മാരുതിയും ബഹുമാനിച്ചിതേറ്റവു-
‘മാരുമില്ലിത്ര ഭക്തന്മാരവനിയില്‍’
എന്നു കല്‍പിച്ചു വണങ്ങി വിനീതനായ്‌
നിന്നു മധുരമാമ്മറു ചൊല്ലീടിനാന്‍
‘അഗ്രജന്‍ തന്നെ മുഹൂര്‍ത്തമാത്രേണ നി-
ന്നഗ്രേ നിരാമയം കാണ‍ാം ഗുണനിധേ!
സീതയോടും സുമിത്രാത്മജന്‍ തന്നോടു-
മാദരവേറും പ്ലവഗബലത്തൊടും
സുഗ്രീവനോടും വിഭീഷണന്‍ തന്നോടു-
മുഗ്രമായുള്ള രക്ഷോബലം തന്നൊടും
പുഷ്പകമ‍ാം വിമാനത്തിന്മേലേറി വ-
ന്നിപ്പോളിവിടെയിറങ്ങും ദയാപരന്‍
രാവണനെക്കൊന്നു ദേവിയേയും വീണ്ടു
ദേവകളാലഭിവന്ദിതനാകിയ
രാഘവനെക്കണ്ടു വന്ദിച്ചു മാനസേ
ശോകവും തീര്‍ന്നു വസിക്കാമിനിച്ചിരം’
ഇത്ഥമാകര്‍ണ്യ ഭരതകുമാരനും
ബദ്ധസമ്മോദം വിമൂര്‍ച്ഛിതനായ്‌ വീണു
സത്വരമാശ്വസ്തനായ നേരം പുന-
രുത്ഥായ ഗാഢമായാലിംഗനം ചെയ്തു
വാനരവീരശിരസി മുദാ പര-
മാനന്ദബാഷ്പാഭിഷേകവും ചെയ്തിതു
‘ദേവോത്തമനോ നരോത്തമനോ ഭവാ-
നേവമെന്നെക്കുറിച്ചിത്ര കൃപയോടും
ഇഷ്ടവാക്യം ചൊന്നതിന്നനുരൂപമായ്‌
തുഷ്ട്യാ തരുവതിനില്ല മറ്റേതുമേ
ശോകം മദീയം കളഞ്ഞ ഭവാനു ഞാന്‍
ലോകം മഹമേരു സാകം തരികിലും
തുല്യമായ്‌ വന്നുകൂടാ പുനരെങ്കിലും
ചൊല്ലീടെടോ രാമകീര്‍ത്തനം സൗഖ്യദം
മാനവനാഥനു വാനരന്മാരോടു
കാനനേ സംഗമമുണ്ടായതെങ്ങനെ?
വൈദേഹിയെക്കട്ടുകൊണ്ടവാറെങ്ങനെ
യാതുധാനാധിപനാകിയ രാവണന്‍?
ഇത്തരം ചോദിച്ച രാജകുമാരനോ-
ടുത്തരം മാരുതിപുത്രനും ചൊല്ലിന്നന്‍
‘എങ്കിലൊ നിങ്ങളച്ചിത്രകൂടാചല-
ത്തിങ്കല്‍ നിന്നാധി കലര്‍ന്നു പിരിഞ്ഞ നാള്‍
ആദിയായിന്നോളമുള്ളോരവസ്ഥക-
ളാദരമുള്‍ക്കൊണ്ടു ചൊല്ലുന്നതുണ്ടു ഞാന്‍
ഒന്നൊഴിയാതെ തെളിഞ്ഞു കേട്ടീടുക
വന്നുപോം ദുഃഖവിനാശം തപോനിധേ’
എന്നു പറഞ്ഞറിയിച്ചാനഖിലവും
മന്നവന്‍തന്‍ ചരിത്രം പരിത്രം പരം
ശത്രുഘ്നമിത്രഭൃത്യാമാതൃവര്‍ഗ്ഗവും
ചിത്രം വിചിത്രമെന്നൊര്‍ത്തുകൊണ്ടീടിനാര്‍.

കര്‍ക്കടകത്തിലെ ദുസ്ഥിതികള്‍ നീക്കി മനസ്സിനു ശക്‌തി പകരാനുള്ള വഴിയാണ് രാമായണ മാസാചരണം. ആദ്യന്തം ദുഃഖം നിറഞ്ഞതാണ് രാമകഥ. അവതാര പുരുഷനുപോലും വേദനകളിലൂടെ കടന്നു പോകേണ്ടിവന്നു. അതിനു മുന്നില്‍ സാധാരണ മനുഷ്യരുടെ ആകുലതകള്‍ക്ക് എന്തു പ്രസക്‌തിയാണുള്ളതെന്ന ചിന്തയാണ് രാമായണ പാരായണത്തിലൂടെ നമുക്ക് മനസിലാക്കാൻ കഴിയുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News