ദുർഗാ ദേവിയുടെ ഒമ്പത് രൂപങ്ങൾ; ആരാധിക്കാം നവരാത്രി ദിനത്തിൽ

ദുർഗ്ഗയുടെ ഒൻപത് രൂപങ്ങളെയാണ് നവരാത്രി ദിനത്തിൽ ആരാധിക്കുന്നത്. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാലരാത്രി/ ഭദ്രകാളി, മഹാഗൗരി, സിദ്ധിദാത്രി എന്നിവയാണ് ദേവിയുടെ രൂപങ്ങൾ.

Written by - Zee Malayalam News Desk | Last Updated : Apr 2, 2022, 02:08 PM IST
  • ഇന്ന് (ഏപ്രിൽ 2) മുതൽ ചൈത്ര നവരാത്രി ആരംഭിക്കുകയാണ്.
  • കോവി‍ഡ് മഹാമാരി നിയന്ത്രണാതീതമായതോടെ രാജ്യത്ത് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നിരിക്കുകയാണ്.
  • ഇതോടെ നവരാത്രി ഉത്സവവും വിശ്വാസികൾ ആഘോഷിക്കുകയാണ്.
ദുർഗാ ദേവിയുടെ ഒമ്പത് രൂപങ്ങൾ; ആരാധിക്കാം നവരാത്രി ദിനത്തിൽ

ഹിന്ദുമത വിശ്വാസപ്രകാരം ആദിപരാശക്തിയായ ദുർഗ്ഗാഭഗവതിയുടെ ഒൻപത് ഭാവങ്ങളെ നവദുർഗ്ഗ എന്നാണ് പറയുന്നത്. ഇന്ന് (ഏപ്രിൽ 2) മുതൽ ചൈത്ര നവരാത്രി ആരംഭിക്കുകയാണ്. കോവി‍ഡ് മഹാമാരി നിയന്ത്രണാതീതമായതോടെ രാജ്യത്ത് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നിരിക്കുകയാണ്. ഇതോടെ നവരാത്രി ഉത്സവവും വിശ്വാസികൾ ആഘോഷിക്കുകയാണ്. 

ദുർഗ്ഗയുടെ ഒൻപത് രൂപങ്ങളെയാണ് നവരാത്രി ദിനത്തിൽ ആരാധിക്കുന്നത്. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാലരാത്രി/ ഭദ്രകാളി, മഹാഗൗരി, സിദ്ധിദാത്രി എന്നിവയാണ് ദേവിയുടെ രൂപങ്ങൾ. നവരാത്രിയിൽ ഓരോ ദിവസവും ദുർ​ഗാ ദേവിയുടെ ഓരോരൂപത്തെയാണ് ആരാധിക്കുന്നത്. 

ശൈലപുത്രി - ദുർഗ്ഗയുടെ ആദ്യ രൂപം ശൈലപുത്രിയുടെ രൂപമാണ്. ഹിമവാന്റെ മകളായി ജനിച്ചതിനാലാണ് ശൈലപുത്രി എന്ന നാമം വന്നത്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ ശക്തികൾ ഒത്തുചേർന്ന മൂർത്തിഭാവമാണ് ദേവിയുടെ ശൈലപുത്രി രൂപം. വാഹനമായ കാളയുടെ പുറത്ത് ഇരിക്കുന്ന ദേവിയുടെ വലത് കയ്യിൽ ത്രിശൂലവും ഇടതുകയ്യിൽ താമരപ്പൂവുമാണ്. നവരാത്രി പൂജയുടെ ആദ്യ ദിവസം ശൈലപുത്രി രൂപത്തെയാണ് ആരാധിക്കുന്നകത്. 

ബ്രഹ്മചാരിണി - ബ്രഹ്മചാരിണി ആണ് രണ്ടാമത്തെ രൂപം. ഇവിടെ ബ്രഹ്മം എന്ന വാക്കിന്റെ അർത്ഥം തപസ്സ് എന്നാണ്. ബ്രഹ്മചാരിണിയുടെ അർത്ഥം തപസ്സിന്റെ ചാരിണി എന്നാണ്, അതായത് തപസ്സു ചെയ്യുന്നവൾ. ബ്രഹ്മചാരിണി ദേവിയുടെ രൂപം തികച്ചും പ്രഭാപൂരിതവും അതി ഗംഭീരവുമാണ്. ഇടതുകയ്യിൽ കമണ്ഡലവും വലതുകൈയിൽ ജപമാലയും ഉണ്ട്. ദുർഗാപൂജയുടെ രണ്ടാം ദിവസമാണ് ബ്രഹ്മചാരിണി രൂപത്തെ ആരാധിക്കുന്നത്. 

ചന്ദ്രഘണ്ഡാ - നവദുർഗ്ഗയിൽ മൂന്നാമത്തേത് ചന്ദ്രഘണ്ടാ രൂപമാണ്. നവരാത്രി ആരാധനയുടെ മൂന്നാം ദിവസം ദേവിയുടെ ഈ രൂപത്തെയാണ് ആരാധിക്കുന്നത്. മനഃശാന്തി,സ്വാസ്ഥ്യം, ജീവിതാഭിവൃദ്ധി എന്നിവയ്ക്കായ് ചന്ദ്രഘണ്ഡാമാതയെ ആരാധിക്കുന്നു. നെറ്റിയിൽ ഒരു മണിയുടെ ആകൃതിയിൽ ചന്ദ്രക്കലയുള്ളതിനാൽ ദേവി ചന്ദ്രഘണ്ഡാ എന്ന നാമത്തിൽ അറിയപ്പെടുന്നു. സിംഹവാഹിനിയാണ് ദേവി. ദേവിയുടെ ഈ രൂപത്തിന് പത്ത് കൈകളുണ്ട്. ഓരോ കൈകളിലുമായ് പത്മം, ധനുഷ്, ബാണം, കമണ്ഡലു, ഖഡ്ഗം, ഗദാ, ശൂലം എന്നീ ആയുധങ്ങളുമുണ്ട്.

കൂഷ്മാണ്ഡ - ദുർഗ്ഗാ ദേവിയുടെ നാലാമത്തെ രൂപത്തിന് കൂഷ്മാണ്ഡ എന്നാണ് പേര്. പ്രപഞ്ചം സൃഷ്ടിച്ച ശക്തിയായതിനാൽ ദേവിക്ക് കൂഷ്മാണ്ഡ എന്ന നാമം വന്നു. നവരാത്രിയുടെ നാലാം ദിവസം കൂഷ്മാണ്ഡ ദേവിയുടെ രൂപത്തെ ആരാധിക്കുന്നു. ശുദ്ധമായ ഹൃദയത്തോടെ ഈ ദിവസം ആരാധനയിൽ ഏർപ്പെടണം. കുഷ്മാണ്ഡ രൂപത്തെ ആരാധിക്കുന്ന വ്യക്തിക്ക് രോഗങ്ങളിൽ നിന്ന് മോചനവും സന്തോഷം, ഐശ്വര്യം, പുരോഗതി എന്നിവ ഉണ്ടാകുന്നു. കു, ഉഷ്മം, അണ്ഡം എന്ന മൂന്നുപദങ്ങൾ കൂടിച്ചേർന്നാണ് കൂഷ്മാണ്ഡ എന്ന നാമം ഉദ്ഭവിച്ചിരിക്കുന്നത്.

സ്കന്ദമാത - ദുർഗ്ഗാ ദേവിയുടെ അഞ്ചാമത്തെ ഭാവമാണ് സ്കന്ദമാതാ. കാർത്തികേയന്റെ മാതാവായതിനാൽ ദുർഗ്ഗയുടെ അഞ്ചാമത്തെ രൂപം സ്കന്ദമാത എന്നറിയപ്പെടുന്നു. നവരാത്രി പൂജയുടെ അഞ്ചാം ദിവസം ഈ രൂപത്തെ ആരാധിക്കുന്നു. താമരയിലാണ് സ്കന്ദമാതാ ദേവിയുടെ ഇരിപ്പിടം. ദേവിയുടെ വാഹനവും സിംഹമാണ്. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ശക്തിയും അതിന്റെ ഫലവും ദേവി നൽകുന്നു. 

കാർത്യായനി - പുത്രിയില്ലാതിരുന്ന കതൻ എന്ന മുനിക്ക് ദേവി പരാശക്തിയെ തന്റെ പുത്രിയായ് ലഭിക്കണം എന്ന് ആ​ഗ്രഹം തോന്നി. അതിനായി അദ്ദേഹം മഹാതപം അനുഷ്ഠിച്ചു. ദേവി ഋഷിയിൽ പ്രസാദിക്കപ്പെടുകയും അദ്ദേഹത്തിന്റെ മകളായ് കാർത്യായനി എന്ന നാമത്തിൽ അവതരിക്കുകയും ചെയ്തു. കാർത്യായനി ഭാവത്തിൽ ആണ് ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചത്. കാർത്യായനി ഭാവമാണ് നവരാത്രിയുടെ ആറാം ദിവസം ആരാധിക്കുന്നത്.

കാലരാത്രി - ഭഗവതിയുടെ ഏഴാമത്തെ രൂപമാണ് കാലരാത്രി അഥവാ ഭദ്രകാളി. കേരളത്തിൽ ഈ ദിവസം ദാരികവധം നടത്തിയ ഭദ്രകാളിക്ക് പ്രാധാന്യം നൽകി ആരാധിക്കുന്നു. കാലരാത്രി ദുർഗ്ഗയുടെ രൗദ്ര രൂപമാണ്. ഭക്തരെ എല്ലാവിധ ആപത്തുക്കളിൽ നിന്നും സംരക്ഷിക്കുന്ന ദേവി രൂപമാണിത്. നാലുകൈകളോടുകൂടിയ ദേവിയുടെ വാഹനം ഗർദഭമാണ്. 

മഹാഗൗരി - വിജ്ഞാനത്തിന്റെയും പ്രശാന്തതയുടേയും പ്രതീകമാണ് മഹാഗൗരി. ദുർഗ്ഗാപൂജയുടെ എട്ടാം ദിവസമാണ് മഹാഗൗരിയെ ആരാധിക്കുന്നത്. വെളുത്ത നിറമുള്ള ദേവി എന്നാണ് മഹാഗൗരി എന്ന വാക്കിന്റെ അർത്ഥം. ദേവിയുടെ വാഹനം കാളയാണ്. നാല് കൈകളാണ് ദേവിക്ക്.  ഇരു കരങ്ങളിലുമായ് ശൂലവും ഢമരുവും ഉണ്ട്.

സിദ്ധിദാത്രി - ദുർഗാ ദേവിയുടെ ഒൻപതാമത്തെ രൂപമാണ് സിദ്ധിദാത്രി. നവരാത്രിയുടെ ഒൻപതാം ദിവസം അതായത് അവസാനദിവസം സിദ്ധിദാത്രിയെ ആരാധിക്കുന്നു. മഹാലക്ഷ്മി തന്നെയാണ് ഈ രൂപവും. സിദ്ധിദാത്രി ഭക്തർക്ക് സർവസിദ്ധികളും സർവ ഐശ്വര്യങ്ങളും പ്രധാനം ചെയ്യുന്നു. താമരപ്പൂവിൽ കുടികൊള്ളുന്ന ഈ ദേവിയെ മഹാലക്ഷ്മി ആയും സങ്കൽപ്പിച്ചു വരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News