ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നടക്കുന്ന കേസ് നിരീക്ഷിച്ചു വരികയാണെന്ന് അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. ജനാധിപത്യ മൂല്യങ്ങൾ, ആവിഷ്‌കാര സ്വാതന്ത്ര്യം ഉൾപ്പെടുന്ന മനുഷ്യാവകാശങ്ങളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയുമായി ഒന്നിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യ മൂല്യങ്ങളുടെ പ്രാധാന്യവും അഭിപ്രായ സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള മനുഷ്യാവകാശങ്ങളുടെ സംരക്ഷണവും ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയെയും അമേരിക്കയെയും ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് പട്ടേൽ പറഞ്ഞു. ഉഭയകക്ഷി ബന്ധമുള്ള ഏത് രാജ്യത്തെയും പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങളുമായി ഇടപഴകുന്നത് അമേരിക്ക സാധാരണയായി ചെയ്യുന്ന കാര്യമാണെന്നും വേദാന്ത് പട്ടേൽ കൂട്ടിച്ചേർത്തു.
ALSO READ: നാഷ്‌വില്ലെ ആക്രമണം ഹൃദയഭേദകം; അടിയന്തരമായി ആയുധ നിരോധന നിയമം കൊണ്ടുവരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ
എന്താണ് രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട കേസ്?
ക്രിമിനൽ മാനനഷ്ടക്കേസിൽ മാർച്ച് 23ന് ഗുജറാത്തിലെ പ്രാദേശിക കോടതി രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ കോടതി രാഹുലിനെ രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചു. ശിക്ഷാ വിധി വന്ന ദിവസം മുതൽ എംപി സ്ഥാനത്ത് നിന്ന് അദ്ദേഹം അയോഗ്യനാക്കപ്പെട്ടു. ഒരു മാസത്തിനകം ഹൈക്കോടതിയിൽ അപ്പീൽ നൽകാനായി പിന്നീട് രാഹുൽ ഗാന്ധിക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
കർണാടകയിൽ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിക്കിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിന്റെ പേരിൽ ബിജെപി എംഎൽഎ പൂർണേഷ് മോദിയാണ് രാഹുലിനെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് രജിസ്റ്റർ ചെയ്തത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ കോലാറിൽ നടന്ന റാലിയിലായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം.
രാഹുൽ ഗാന്ധി പറഞ്ഞത് ഇങ്ങനെ: “നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി...അവർക്കെല്ലാം എങ്ങനെയാണ് മോദി എന്ന് പൊതുവായ കുടുംബപ്പേരുണ്ടായത്? എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് പൊതുവായി മാറിയത് എങ്ങനെയാണ്?
രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ നരേന്ദ്ര മോദി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെ, എംപിയെന്ന നിലയിൽ താമസിച്ചിരുന്ന 12, തുഗ്ലക്ക് ലെയ്ൻ ബംഗ്ലാവ് ഏപ്രിൽ 22നകം ഒഴിയാൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട് . തുഗ്ലക്ക് ലെയ്ൻ ബംഗ്ലാവ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയുടെ ഹൗസിംഗ് കമ്മിറ്റി രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...