കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ ജനങ്ങൾ തെരുവുകളിൽ പ്രതിഷേധം തുടരുന്നു. ഇന്ധനത്തിനായി ജനങ്ങൾ തെരുവുകളിൽ വൻ പ്രതിഷേധമാണ് നടത്തുന്നത്. ഇതേ തുടർന്ന് പെട്രോൾ പമ്പുകളിൽ സൈന്യത്തെ വിന്യസിച്ചു.
ഇന്ധന റീടെയിൽ ബിസിനസിന്റെ മൂന്നിൽ രണ്ട് ഭാഗവും നടത്തുന്ന സിലോൺ പെട്രോളിയം കോർപ്പറേഷന്റെ പമ്പിങ് സ്റ്റേഷനുകളിലാണ് സൈനികരെ വിന്യസിച്ചത്. സർക്കാർ ഉടമസ്ഥതയിലാണ് സിലോൺ പെട്രോളിയം കോർപ്പറേഷൻ. വിദേശ കറൻസിയുടെ ക്ഷാമമാണ് ശ്രീലങ്കയെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്.
കോവിഡ് വ്യാപനത്തെ തുടർന്ന് ശ്രീലങ്കയുടെ പ്രധാന വരുമാന സ്രോതസായ വിനോദസഞ്ചാര മേഖല തകർന്നതാണ് വിദേശ നാണ്യത്തിന് ക്ഷാമം നേരിടാൻ കാരണമായത്. വിദേശത്ത് ജോലി ചെയ്യുന്ന ശ്രീലങ്കക്കാരിൽ നിന്നുള്ള വരുമാനവും കോവിഡ് കാലത്ത് കുറഞ്ഞു.
ഭക്ഷണ വസ്തുക്കളുടെ ദൗർലഭ്യവും വിലവർധനവും ജനങ്ങളെ പട്ടിണിയിലേക്ക് തള്ളി വിട്ടു. ഇന്ധനക്ഷാമത്തെ തുടർന്ന് പമ്പുകൾക്ക് മുന്നിൽ നീണ്ട നിരകളാണ്. ഇന്ധനം ലഭിക്കുന്നതിനായി ക്യൂ നിന്ന മൂന്ന് പേർ മരിച്ചു. ക്യൂവിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാളെ കുത്തിക്കൊലപ്പെടുത്തി. ഇതേ തുടർന്ന് സർക്കാർ, സൈന്യത്തെ വിന്യസിച്ചത്. കടലാസിന്റെയും മഷിയുടെയും ദൗർലഭ്യം മൂലം പരീക്ഷകൾ മാറ്റിവയ്ക്കുന്ന സ്ഥിതിയും ശ്രീലങ്കയിലുണ്ടായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...