വാഷിംഗ്ടണ്‍: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ പ്രതികരണവുമായി മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദല്ല.
നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത് ദുഃഖകരമാണെന്നും ദൗര്‍ഭാഗ്യകരമാണെന്നും അമേരിക്കയിലെ മാന്‍ഹാട്ടനില്‍ നടന്ന മൈക്രോ സോഫ്റ്റിന്റെ ഒരു പരിപാടിക്കിടെ നാദല്ല പറഞ്ഞു.
അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനും ബസ് ഫീഡ് എഡിറ്റര്‍ ഇന്‍ ചീഫ് ബെന്‍ സ്മിത്തിന്‍റെ ചോദ്യത്തിന് മറുപടിയായാണ് നാദല്ല തന്‍റെ നിലപാട് വ്യക്തമാക്കിയത്. ബെന്‍ സ്മിത്ത് തന്നെയാണ് ഇക്കാര്യം തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.
ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയിലെത്തുന്ന കുടിയേറ്റക്കാരന്‍ അടുത്ത യൂണികോണ്‍ സൃഷ്ടിക്കുന്നതോ അല്ലെങ്കില്‍ ഇന്‍ഫോസിസിന്‍റെ അടുത്ത സിഇഒ ആകുന്നതോ കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Asked Microsoft CEO @satyanadella about India's new Citizenship Act. "I think what is happening is sad... It's just bad.... I would love to see a Bangladeshi immigrant who comes to India and creates the next unicorn in India or becomes the next CEO of Infosys" cc @PranavDixit
— Ben Smith (@BuzzFeedBen) January 13, 2020
സാമുദായികവും ഭരണഘടനാവിരുദ്ധവുമാണെന്ന് വിമർശകർ വിശേഷിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടയിലാണ് മൈക്രോസോഫ്റ്റ് സിഇഒയുടെ പ്രസ്താവന.
പിന്നീട് മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ട്വിറ്ററില്‍ നിലപാടില്‍ കൂടുതല്‍ വിശദീകരണവുമായി നാദെല്ലയുടെ പ്രസ്താവന ട്വീറ്റ് ചെയ്തു. കുടിയേറ്റം ഒരു രാജ്യത്തിന് നല്ലതാണെന്ന് പറഞ്ഞുവെയ്ക്കുകയായിരുന്നു സത്യ നാദല്ല.
Statement from Satya Nadella, CEO, Microsoft pic.twitter.com/lzsqAUHu3I
— Microsoft India (@MicrosoftIndia) January 13, 2020
എല്ലാ രാജ്യങ്ങളും അവരുടെ അതിര്‍ത്തികള്‍ നിര്‍വചിക്കേണ്ടതുണ്ട്. യഥാക്രമം ദേശീയ സുരക്ഷ ഉറപ്പാക്കുകയും കുടിയേറ്റ നയം നടപ്പാക്കുകയും ചേയ്യേണ്ടതുണ്ട്. ജനാധിപത്യ രാജ്യങ്ങളില്‍ ഇക്കാര്യങ്ങളില്‍ സര്‍ക്കാരുകളും ജനങ്ങളും തമ്മില്‍ സംവാദങ്ങളുമുണ്ടാകും. ബഹുസംസ്‌കാരങ്ങളുള്ള ഇന്ത്യയില്‍ വളര്‍ന്നതിന്‍റെയും അമേരിക്കയില്‍ കുടിയേറിയതിന്റെ അനുഭവവുമാണ് എന്നെ രൂപപ്പെടുത്തിയത്. സമൂഹത്തിനും സമ്പദ് വ്യവസ്ഥയ്ക്കും പ്രയോജനപ്രദമായ കരുത്തുറ്റ സംരംഭം തുടങ്ങാന്‍ ഒരു കുടിയേറ്റക്കാരന് അവസരമുണ്ടാകുന്ന ഇന്ത്യയാണ് എന്‍റെ പ്രതീക്ഷയിലുള്ളത്. -നാദല്ല പറയുന്നു.
എന്നാല്‍, അദ്ദേഹം പൗരത്വ നിയമത്തെയാണോ അതിനെതിരായ പ്രതിഷേധങ്ങളെയാണോ മോശവും ദുഖകരവുമെന്ന് വിശദീകരിച്ചതെന്ന് വ്യക്തമല്ലെന്നാണ് ചിലര്‍ പറയുന്നത്.
അദ്ദേഹം അനധികൃത കുടിയേറ്റക്കാരെക്കുറിച്ചല്ല നിയമപരമായി ഒരു രാജ്യത്ത് കഴിയുന്നവരെക്കുറിച്ചാണ് പറഞ്ഞതെന്നും വാദമുണ്ട്.