Sara Khadem: വിശ്വോത്തര ചെസ് താരമായ സാറ ഖാദീമിന്റെ വിധി... സ്വന്തം രാജ്യം അന്യം; തല മറയ്ക്കാതെ പ്രതിഷേധിച്ചതിനുള്ള ശിക്ഷ

Sara Khadem in exile: ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ ഇറാനിലെ മത പോലീസ് മഹ്സ അമീനിയെ കൊലപ്പെടുത്തിയപ്പോൾ പ്രതിഷേധിച്ച രാജ്യന്തര ചെസ് താരമാണ് സാറ ഖാദീം

Written by - Zee Malayalam News Desk | Last Updated : Feb 14, 2023, 06:29 PM IST
  • ലോകമറിയുന്ന ചെസ് താരമാണ് സാറ ഖാദീം
  • രാജ്യാന്തര ചെസ് ടൂർണമെന്റിൽ ഇറാനു വേണ്ടി ഹിജാബ് ധരിക്കാതെ ഇറങ്ങിയതോടെയാണ് സാറ ഖാദീം രാജ്യത്തിന്റെ ശത്രുവായത്
  • സാറ ഖാദീമും ഭർത്താവും മകനും ഇപ്പോൾ സ്പെയിനിലാണ് താമസം
Sara Khadem: വിശ്വോത്തര ചെസ് താരമായ സാറ ഖാദീമിന്റെ വിധി... സ്വന്തം രാജ്യം അന്യം; തല മറയ്ക്കാതെ പ്രതിഷേധിച്ചതിനുള്ള ശിക്ഷ
ഇരുപത്തിയഞ്ചുകാരിയായ സാറ ഖാദീമിനും മകനും ഭർത്താവിനും സ്വന്തം രാജ്യത്തേക്ക് തിരികെ പോകാൻ പറ്റാത്ത അവസ്ഥയാണ്. സ്പെയിനിൽ പേരു വെളിപ്പെടുത്താൻ അവർ തന്നെ ആഗ്രഹിക്കാത്ത ഒരു സ്ഥലത്താണ് മൂവരും ഇപ്പോൾ ഉള്ളത്. ഇങ്ങനെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ പറ്റാത്ത അവസ്ഥയിലേക്ക് സാറ കദീമിനെയും കുടുംബത്തേയും എത്തിച്ചത് എന്താണ്? സ്വന്തം പൗരൻമാർ മടങ്ങിയെത്തുമ്പോൾ, രാജ്യാന്തര സമൂഹം ഒരിക്കലും അംഗീകരിക്കാത്ത ചില നടപടികളുടെ പേരിൽ അവരെ വേട്ടയാടാൻ കാത്തിരിക്കുന്ന രാജ്യം ഏതാണ്? ആരാണ് വാർത്തകളിൽ ഇടം പിടിക്കുന്ന ഇരുപത്തിയഞ്ചുകാരി സാറ ഖാദീമും ഭർത്താവ് അർദേഷിർ അഹമ്മദിയും...
 
ലോകമറിയുന്ന ചെസ് താരമാണ് സാറ ഖാദീം. രാജ്യാന്തര ചെസ് മത്സരങ്ങളിലെ സ്ഥിരസാനിധ്യമാണ് അവർ. ഇറാൻ ഭരണകൂടം അഭിമാനം കൊള്ളാത്ത ഇറാനിയൻ ചെസ് പ്ലേയർ എന്ന് സാറയെ കുറിച്ച് പറയുന്നതാകും കൂടുതൽ ഉചിതം. ചെസ്സോ, ഫുട്ബോളോ, ക്രിക്കറ്റോ, ഒളിംപിക്സ് മത്സങ്ങളോ അങ്ങനെ എന്തുമാകട്ടെ ഇറാനിൽ നിന്നുള്ള സ്ത്രീകൾ അവയിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ നിർബന്ധമായും തല മറച്ചിരിക്കണം. ഹിജാബ് ധരിക്കാത്ത സ്ത്രീകളെ രാജ്യാന്തര മത്സരവേദിയിലോ മറ്റ് എവിടെയെങ്കിലുമോ കണ്ടാൽ ഇറാൻ ഭരണകൂടം അവർക്കെതിരെ സ്വീകരിക്കുന്ന നടപടികൾക്ക് വലിയ വില കൊടുക്കണം. ഹിജാബ് ധരിച്ചില്ലെന്ന കാരണത്താൽ മഹ്സ അമീനിയെന്ന ഇരുപത്തിരണ്ടുകാരിക്ക് ജീവൻ തന്നെ നഷ്ടമായ നാടാണ് ഇറാൻ. ഹിജാബ് ധരിച്ചില്ലെന്ന കാരണം പറഞ്ഞ് ഇറാന്റെ മതകാര്യ പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വച്ച  മഹ്സ അമീനി കസ്റ്റഡിയിൽ തന്നെ കൊല്ലപ്പെടുകയായിരുന്നു. ഇതിന്റെ പേരിൽ ഇറാനിൽ നടന്ന പ്രക്ഷോഭങ്ങളിൽ പങ്കാളികളായി മരിച്ചത് 488 മനുഷ്യരാണ്. ഇവരിൽ 64 പേർ പ്രായപൂർത്തിയാകാത്തവരും. 
 
 
ഇത്രയും പേർ പങ്കെടുത്ത പ്രതിഷേധത്തിന്റെ ഭാഗമാകാൻ സാറ ഖാദീമിന് മറിച്ചൊന്ന് ചിന്തിക്കേണ്ടി വന്നില്ല. എന്നാൽ ചെറിയ മകനെ ഓർത്ത് മാത്രമാണ് മനുഷ്യർ പ്രതിഷേധിച്ചു മരിച്ച ഇറാന്റെ തെരുവുകിലേക്ക് അവർ ചാടി ഇറങ്ങാതെയിരുന്നത്. മകനോട് എനിക്ക് ഒരു ഉത്തരവാദിത്വമുണ്ട്. മരണത്തെ ഭയക്കുന്നില്ലെങ്കിലും അവനോടുള്ള ഉത്തരവാദിത്വം എനിക്ക് നിർവഹിക്കാതെയിരിക്കാൻ കഴിയില്ല. ഇറാന്റെ തെരുവുകളിൽ ഇസ്ലാമിക ഭരണകൂടം അടിച്ചമർത്തുന്ന പ്രതിഷേധത്തെ രാജ്യാന്തര വേദിയിൽ ചർച്ചയാക്കണമെന്ന് ഞാൻ തന്നെ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് രാജ്യാന്തര ചെസ് ടൂർണമെന്റിൽ ഇറാനു വേണ്ടി കരുക്കൾ നീക്കാൻ ഹിജാബ് ധരിക്കാതെ ഞാൻ ഇറങ്ങിയത്. മഹ്സ അമീനയോടുള്ള എന്റെ ഐക്യദാർഢ്യ പ്രഖ്യാപനം കൂടിയായിരുന്നു അത്. 
 
ഇറാനിൽ നിന്നുള്ള മത്സരാർഥി ഹിജാബ് ധരിക്കാതെ മത്സരത്തിന് ഇറങ്ങിയെന്ന വാർത്ത രാജ്യാന്തര മാധ്യമങ്ങളിൽ കത്തി പടർന്നു. വാർത്താ ചൂടിൽ ഇറാൻ ഭരണകൂടത്തിനും തീ പിടിച്ചു. ഇറാനികളായ സ്ത്രീകൾ രാജ്യത്തിന് അകത്തും പുറത്തും സഞ്ചരിക്കുമ്പോൾ ഹിജാബ് ധരിക്കണമെന്നാണ് രാജ്യത്തെ നിയമം. ഇതിന് വിരുദ്ധമായി പ്രവർത്തിച്ച സാറ ഖാദീമിന് നേരെ തിരിയാൻ അവർക്ക് മറിച്ചൊന്ന് ആലോചിക്കേണ്ടി വന്നില്ല. വാറണ്ടുകൾക്ക് പുറത്ത് വാറണ്ടുകൾ സാറ ഖാദീമിന് എതിരെ അവർ ചുമത്തി. സാറയുടെ ഭർത്താവും സിനിമ സംവിധായകനും അവതാരകനുമായ അർദേഷിർ അഹമ്മദിക്ക് എതിരെയും ഭരണകൂടം തിരിഞ്ഞു. ഇറാനിലേക്ക് ഇവർ മടങ്ങിയെത്തിയാൽ പുറംലോകം കാണുമോയെന്ന കാര്യം സംശയമാണ്. ഇതെ തുടർന്ന് സ്പെയിനിൽ ഇവർ ഒരു വീട് വാങ്ങി. ഒരു നിശ്ചിത തുകയിൽ കൂടുതൽ ചെലവാക്കി സ്പെയിനിൽ വീട് വാങ്ങുന്നവർക്ക് അവിടെ താമസിക്കാനുള്ള വിസ സർക്കാർ നൽകും. ഇതിനാലാണ് സാറ ഖാദീമും ഭർത്താവും മകനും ഇപ്പോൾ സ്പെയിനിൽ താമസിക്കുന്നത്. സ്പെയിനിലെ ഗോൾഡൻ വിസ റൂളാണ് ഇവർക്ക് തുണയായത്. 
 
രാജ്യത്ത് എത്തിയാൽ സാറ ഖാദീമിനെ അറസ്റ്റ് ചെയ്യണമെന്ന ഉത്തരവ് ഇറാൻ സർക്കാർ ഇതിനോടകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. നാട്ടിലുള്ള ബന്ധുക്കളെയും അവർ ബുദ്ധിമുട്ടിക്കുന്നു. സാറയ്ക്ക് മുൻപ് സമാന രീതിയിൽ രാജ്യാന്തര കായിക വേദിയിൽ പ്രതിഷേധിച്ച  എൽനാസ് റീക്കബിയുടെ കഥയും വ്യത്യസ്തമല്ല.  പർവ്വതാരോഹണ സംഘത്തിൽ ഉൾപ്പെട്ട അവർ ഹിജാബ് ധരിക്കാതെ മല കയറിയതിനെതിരെ ഇറാൻ ഭരണകൂടം രംഗത്തു വന്നിരുന്നു. ദക്ഷിണകൊറിയയിലെ മത്സരവേദിയിൽ നിന്ന് ഇവരെ പിന്നീട് കാണാതായി. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇറാനിലെ ടെഹ്റാനിലെ വിമാനത്താവളത്തിൽ ഹിജാബ് ധരിക്കാതിരുന്നതിൽ താൻ ഖേദിക്കുന്നുവെന്ന് പരസ്യമായി പറഞ്ഞ റീക്കബിയെയാണ് ലോകം കണ്ടത്. ഇവർ വീട്ടു തടങ്കലിലാണെന്ന വാർത്തകളും പുറത്തുവരുന്നു. ഭരണകൂടം എഴുതി കൊടുത്ത പ്രസ്താവന റീക്കബിയെ കൊണ്ട് വായിപ്പിക്കുകയായിരുന്നുവെന്ന് അവരുടെ സുഹൃത്തുക്കൾ തന്നെ പിന്നീട് വെളിപ്പെടുത്തി. 
 
 
നിർബന്ധമായും ഹിജാബ് ധരിക്കണമെന്ന നിയമത്തിനെതിരെയുള്ള പ്രതിഷേധം കഴിഞ്ഞ വർഷം മാത്രമല്ല ഇറാനിൽ നടന്നിട്ടുള്ളത്. 2019ൽ നടന്ന പ്രതിഷേധങ്ങളിൽ 1500ൽ അധികം പേർ മരിച്ചെന്നാണ് കണക്കുകൾ. കളിയേതായാലും ഇറാനി പെൺകുട്ടികൾ ഹിജാബ് ധരിക്കണമെന്നതാണ് ഇറാന്റെ നിയമം. അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർ രാജ്യത്തിന് അകത്തും പുറത്തും ഒരേ പോലെ പീഡനങ്ങൾക്ക് ഇരയാകേണ്ടിവരുമെന്നാണ് ഇറാന്റെ മുൻകാല ചരിത്രങ്ങൾ ഹിജാബ് ധരിക്കാത്തവരോട് പറയാതെ പറയുന്നത്.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News