യുക്രൈനിലേക്ക് സിറിയയിൽ നിന്നുള്ള കൂലിപ്പട്ടാളത്തെ ഇറക്കാൻ റഷ്യ; മധ്യേഷ്യയിലേക്കും റഷ്യൻ അധിനിവേശം?

ഐഎസ് തീവ്രവാദികളുടെ നിയന്ത്രണത്തിൽ മൂന്ന് വർഷം കഴിഞ്ഞ ഡിയറി സി സോർ നഗരത്തെ മോചിപ്പിച്ചത് നാട്ടുകാരുടെ പോരാട്ട വീര്യമാണ്. അന്ന് റഷ്യ ഉൾപ്പെടെ ഇവർക്ക് സഹായം നൽകുകയും ചെയ്തിരുന്നു. ഇതിനാൽ തന്നെ മേഖലയിലെ ആളുകൾക്ക് റഷ്യയോട് കൂടുതൽ അടുപ്പവുമുണ്ട്. 

Written by - ടിറ്റോ തങ്കച്ചൻ | Last Updated : Mar 7, 2022, 10:53 AM IST
  • ആറു മാസത്തേക്ക് സിറിയക്കാരെ യുക്രൈനിൽ ഇറക്കാനാണ് റഷ്യൻ പദ്ധതിയെന്നാണ് റിപ്പോർട്ട്.
  • ഇതിനോടകം തന്നെ യുക്രൈനിലേക്ക് പോകേണ്ട സിറയൻ പോരാളികൾ റഷ്യയിൽ എത്തിയെന്നും നാല് യുഎസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു.
  • പരിശീലനം ലഭിച്ച ചിലർ യുക്രൈൻ അതിർത്തികളിലേക്കും എത്തിയിട്ടുണ്ട്.
യുക്രൈനിലേക്ക് സിറിയയിൽ നിന്നുള്ള കൂലിപ്പട്ടാളത്തെ ഇറക്കാൻ റഷ്യ; മധ്യേഷ്യയിലേക്കും റഷ്യൻ അധിനിവേശം?
മോസ്കോ: റഷ്യയുടെ യുക്രൈൻ അധിനിവേശം മധ്യേഷ്യയിലേക്ക് വ്യാപിച്ചേക്കുമോ? ഇത്തരം ചർച്ചകൾക്ക് ബലമേകുന്ന ചില റിപ്പോർട്ടുകളാണ് നിലവിൽ പുറത്തുവരുന്നത്. സിറിയക്കാരായ പോരാളികളെ യുക്രൈൻ യുദ്ധമുഖത്തേക്ക് ഇറക്കാൻ റഷ്യ ആലോചിക്കുന്നതായാണ് റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേർണലാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്. യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള വാർത്ത റഷ്യ-യുക്രൈൻ സംഘർഷം മധ്യേഷ്യയിലേക്കും വ്യാപിച്ചേക്കുമെന്ന ആശങ്കയ്ക്ക് ബലം നൽകുന്നതാണ്.
 
റഷ്യയുടെ പദ്ധതി
 
ഐഎസ് ആക്രമണത്തിൽ തകർന്ന സിറിയൻ നഗരമായ ഡിയറി സി സോറിൽ നിന്ന് കൂലിപട്ടാളത്തെ യുക്രൈനിലെ യുദ്ധ മേഖലയിലേക്ക് ഇറക്കി സാധാരണക്കാരെ നേരിടാനാണ് റഷ്യൻ പദ്ധതി. ഇവർക്ക് പ്രത്യേക പരിശീലനവും 200 മുതൽ 300 യുഎസ് ഡോളർ വരെ ശമ്പളവും നൽകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഐഎസ് തീവ്രവാദികളുടെ നിയന്ത്രണത്തിൽ മൂന്ന് വർഷം കഴിഞ്ഞ ഡിയറി സി സോർ നഗരത്തെ മോചിപ്പിച്ചത് നാട്ടുകാരുടെ പോരാട്ട വീര്യമാണ്. അന്ന് റഷ്യ ഉൾപ്പെടെ ഇവർക്ക് സഹായം നൽകുകയും ചെയ്തിരുന്നു. ഇതിനാൽ തന്നെ മേഖലയിലെ ആളുകൾക്ക് റഷ്യയോട് കൂടുതൽ അടുപ്പവുമുണ്ട്. ശമ്പളവും പ്രത്യേക പദവിയും നൽകിയുള്ള റഷ്യയുടെ ഈ പുതിയ ''ജോബ് ഓഫർ'' മേഖലയിലെ ആളുകൾക്ക് തിരസ്കരിക്കാൻ കഴിയില്ലെന്ന് റഷ്യക്കും അറിയാം. ലിബിയൻ സ്വേച്ഛാധിപതി ഗദ്ദാഫിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ മേജർ ജനറൽ ഖലീഫ ഹഫ്‌താറിന് ആവശ്യമായ പിന്തുണ നൽകിയത് ഡിയറി സി സോറിൽ നിന്നുള്ള പോരാളികൾ കൂടിയാണ്. ഖലീഫ ഹഫ്‌താറിന്റെ പരിശീലനവും സഹായങ്ങളും ഐഎസ് തീവ്രവാദികളെ കീഴ്പ്പെടുത്താൻ ഡിയറി സി സോറുകാർക്ക് പിന്നീട് ഉപകരിച്ചു.
 
 
 
ആറു മാസത്തേക്ക് സിറിയക്കാരെ യുക്രൈനിൽ ഇറക്കാനാണ് റഷ്യൻ പദ്ധതിയെന്നാണ് റിപ്പോർട്ട്. ഇതിനോടകം തന്നെ യുക്രൈനിലേക്ക് പോകേണ്ട സിറയൻ പോരാളികൾ റഷ്യയിൽ എത്തിയെന്നും നാല് യുഎസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. പരിശീലനം ലഭിച്ച ചിലർ യുക്രൈൻ അതിർത്തികളിലേക്കും എത്തിയിട്ടുണ്ട്.
 
 
 
കീവ് പിടിക്കാൻ ഇതുവരെ സാധിക്കാത്ത റഷ്യക്ക് സിറിയൻ പോരാളികളുടെ വരവ് കൂടുതൽ ഗുണം ചെയ്യുമെന്ന് ഉറപ്പ്. തങ്ങൾക്ക് വേണ്ടി പോരാടാൻ യുക്രൈനിലേക്ക് ആർക്കും വരാമെന്നും വിസ ഉൾപ്പെടെ ഇതിന് ആവശ്യമില്ലെന്നും മുൻപ് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പേർ യുക്രൈനിലേക്ക് എത്തിയെന്നും സെലൻസ്കി പറയുന്നു. സാധാരണക്കാർ കൂടി ഉൾപ്പെടുന്ന പ്രതിരോധമാണ് റഷ്യക്ക് യുക്രൈനിലെ മുന്നേറ്റം കൂടുതൽ ദുഷ്കരമാക്കുന്നത്. സിറിയൻ പോരാളികളെ യുക്രൈനിലെ സാധാരണക്കാർക്ക് എതിരെ ഇറക്കി, കീവ് പിടിക്കാനുള്ള ശ്രമത്തിലാണ് റഷ്യയെന്നും യുഎസ് ഉദ്യോഗസ്ഥർ പറയുന്നു.
 
റഷ്യയുടെ സിറിയ
 
2015ൽ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണത്തിൽ തകർന്ന സിറിയയെ സഹായിക്കാൻ വേണ്ടി ചെന്ന റഷ്യ പതിയെ ആ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്. സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് റഷ്യയുടെ കൂടി പിന്തുണയോടെയാണ് ശക്തമായ ജനവികാരത്തിന് ഇടയിലും അവിടെ പിടിച്ചു നിൽക്കുന്നത്. അസദ് റഷ്യയുടെ ഉറ്റ സുഹൃത്താണ്. സിറിയൻ വ്യോമമേഖലയെ സഹായിക്കാൻ വേണ്ടിയെത്തിയ റഷ്യയുടെ പക്കലാണ് ഇപ്പോൾ രാജ്യത്തിന്റെ നിയന്ത്രണവും. സിറിയൻ പോരാളികൾ യുക്രൈനിലേക്ക് എത്തുന്നതോടെ യുഎസിനോട് കൂറു പുലർത്തുന്ന മധ്യേഷ്യൻ രാജ്യങ്ങൾ എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യം കണ്ടറിയണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News