സോൾ, ദക്ഷിണ കൊറിയ: ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ആദ്യമായി മകൾക്കൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണത്തിന് മേൽനോട്ടം വഹിക്കുന്നതിന് വെള്ളിയാഴ്ച മകൾക്കൊപ്പം എത്തിയ കിമ്മിന്റ ചിത്രം ഉത്തരകൊറിയ പുറത്ത് വിട്ടു. കിമ്മിന്റെ ഇളയ മകളാണ് ചിത്രത്തിലുള്ളതെന്നാണ് സൂചന. പെൺകുട്ടിയുടെ പേര് പുറത്ത് വിട്ടിട്ടില്ല. ഇത് ആദ്യമായാണ് കിമ്മിന്റെ മകൾ ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്.
ഉത്തര കൊറിയൻ സർക്കാരിന്റെ വാർത്താ ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) പുറത്തുവിട്ട ചിത്രങ്ങളിൽ കിം പെൺകുട്ടിയുമായി കൈകോർത്ത് നിൽക്കുന്നതായി കാണാം. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ മൊബൈൽ ലോഞ്ച് പ്ലാറ്റ്‌ഫോമിൽ നിൽക്കുന്നതിന് സമീപത്ത് നിന്നാണ് ഇരുവരുടെയും ചിത്രം പകർത്തിയിരിക്കുന്നത്.
ഇവർ നിൽക്കുന്നതിന് സമീപമുള്ള മിസൈൽ ഹ്വാസോംഗ് -17 ആണെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. പ്യോങ്യാങ് ഇന്റർനാഷണൽ എയർഫീൽഡിൽ നിന്ന് 999.2 കിലോമീറ്റർ (621 മൈൽ) ദൂരത്തിൽ മിസൈൽ വിക്ഷേപിച്ചതായും വാർത്താ ഏജൻസി വ്യക്തമാക്കുന്നു. വെള്ളിയാഴ്ച ഉത്തര കൊറിയയുടെ മിസൈൽ വിക്ഷേപണത്തിന് ശേഷം ജപ്പാനിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പുതിയ മിസൈലിന് യുണൈറ്റഡ് സ്റ്റേറ്റ്സ് മെയിൻ ലാൻഡ് വരെ എത്താൻ സാധ്യതയുള്ളതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. "കൊറിയയിലെ സമാധാനവും സുസ്ഥിരതയും തകർക്കാൻ ശ്രമിക്കുന്ന ശത്രുക്കളുടെ ആക്രമണ യുദ്ധ പരിശീലനങ്ങളോട് പ്രതികരിക്കാനുള്ള തന്റെ രാജ്യത്തിന്റെ കഴിവ് വ്യക്തമായി തെളിയിക്കാനാണ്" ഈ പരീക്ഷണം ഉദ്ദേശിച്ചതെന്ന് കിം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...