Palakkad By Election: കൽപാത്തി തേരിനൊപ്പം അൽപ്പം കൽപാത്തിയുടെ രാഷ്ട്രീയവും

എഴുത്ത് : ഡോ ലക്ഷ്മി ആർ ചന്ദ്രൻ  (നെന്മാറ എൻഎസ്എസ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗം വകുപ്പ് മേധാവിയാണ് ലേഖിക)

Written by - Zee Malayalam News Desk | Last Updated : Nov 14, 2024, 06:12 PM IST
  • കൽപാത്തിയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കിയത് ബിജെപി ആയിരുന്നു
  • ഒരുകാലത്ത് സിപിഎമ്മിന് സ്വാധീനമുണ്ടായിരുന്ന മേഖലയായിരുന്നു കൽപാത്തി
Palakkad By Election: കൽപാത്തി തേരിനൊപ്പം അൽപ്പം കൽപാത്തിയുടെ രാഷ്ട്രീയവും

ഇത്തവണ കൽപാത്തിയിൽ പാലക്കാടൻ കാറ്റിനൊപ്പം  ചന്ദനമണമുള്ള അഗ്രഹാര വീഥികളിൽ രഥം ഉരുളുമ്പോൾ പാലക്കാടിൻ്റെ രാഷ്ട്രീയ രഥം ആര് വലിക്കുമെന്ന് തീരുമാനിക്കുന്ന ഉപതിരഞ്ഞെടുപ്പ് കൂടി നടക്കുന്നു.  തിരഞ്ഞെടുപ്പ് എന്ന കുരുക്ഷേത്രയുദ്ധം ഇത്തവണത്തെ കൽപ്പാത്തി രഥോൽസവത്തിന് കൂടുതൽ ആവേശം നൽകുന്നു. തിരഞ്ഞെടുപ്പിലെ തേരാളികളും രഥം വലിക്ക് മാറ്റേകി ഒപ്പം കൂടുന്നു.  നിളയുടെ കൈവഴിയായ കൽപാത്തി പുഴയുടെ തീരത്തെ ശ്രീ  വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിനരികിൽ അലങ്കാരത്തിൽ പൂത്തുലഞ്ഞ് രഥങ്ങൾ. കൽപാത്തി തേര് ബ്രാഹ്മണസമൂഹത്തിൻ്റെ മാത്രം ആഘോഷമായി അവർ പരിമിതപ്പെടുത്തിയിട്ടില്ല. 700 വർഷങ്ങളുടെ ചരിത്രമുള്ള ഈ ഉത്സവം പാലക്കാടിൻ്റെ വാണിജ്യോത്സവമായും സാംസ്കാരികോത്സവമായും പാലക്കാടൻ ജനത ഏറ്റെടുത്തതാണ്. 

Kalpathy

കൽച്ചട്ടിയും, കുങ്കുമവും കുപ്പിവളയും കമ്മലും മാലയവും, പാത്രങ്ങളും, കരകൗശല വസ്തുക്കളും തുടങ്ങി എല്ലാം കിട്ടുന്ന സ്റ്റാളുകൾ. ചൂടോടെ വിളമ്പുന്ന എണ്ണപ്പലഹാരത്തിൻ്റെ മണം... അച്ചാറും കുലുക്കി സർബത്തും വേവിച്ച കടലയും പൊരിയും സമ്മിശ്ര ഗന്ധവും രുചിയുമായ്. ദീപാലങ്കാരങ്ങൾ കൽപാത്തിയെ കൂടുതൽ പ്രകാശമാനമാക്കിയിരിക്കുന്നു. പല വിധത്തിലും നിറത്തിലുമുള്ള ബലൂണുകളെ ചൂണ്ടിക്കാണിച്ച് വാങ്ങുവാൻ വാശി പിടിക്കുന്ന കുട്ടികൾ. അഗ്രഹാരത്തിലെ ഈ ഉൽസവാരത്തിൽ കൽപ്പാത്തിയുടെ രാഷ്ട്രീയം കൂടി പറയുകയാണ്. ഈ വർഷം കൽപാത്തി തേരിന് തിരക്ക് ഏറെയാണ്. കേരളത്തിൻ്റെ വിവിധ ഇടങ്ങളിൽ നിന്ന് ഒഴുകിയെത്തിയ രാഷ്ട്രീയ പ്രവർത്തകർ കൽപാത്തി എന്ന വിസ്മയത്തെയും തേടിയെത്തുന്നു. 

തിരഞ്ഞെടുപ്പ് വാർത്തകളിൽ കൽപ്പാത്തി 

കൽപാത്തിയുടെ ഫ്രെയിമിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ മാധ്യമങ്ങൾ പാലക്കാടൻ ഉപതിരഞ്ഞെടുപ്പ് ഏറെയും ചർച്ച ചെയ്യുന്നത്. ഉത്സവം കൊടിക്കൂറയിട്ട സമയം തന്നെ പ്രമുഖ പാർട്ടികളുടെ സ്ഥാനാർത്ഥികളും നേതാക്കളും എല്ലാം എത്തിയിരുന്നു. തിരഞ്ഞെടുപ്പിൻ്റെ ശക്തമായ കാറ്റ് ഇടത്തോട്ട് വീശുമോ, വലത്തോട്ട് വീശുമോ, താമരത്താരിൻ്റെ തണ്ട് ഉലക്കുമോ, ഉയർത്തുമോ...? ചോദ്യങ്ങളുയർത്തി കൊണ്ട് മാധ്യമ പ്രവർത്തകർ കൽപാത്തിയിൽ നിന്നും റിപ്പോർട്ടിംഗ് തുടരുന്നു.

 കൽപാത്തിയുടെ രാഷ്ട്രീയ ചായ്‌വ് 

 കൽപാത്തിയുടെ രാഷ്ട്രിയം  നോക്കുമ്പോൾ അതെപ്പോഴൊക്കെ എങ്ങോട്ടൊക്കെ ചേർന്നു നിന്നു എന്ന് പരിശോധിക്കുന്നത് രസകരമാണ്. സിഎം സുന്ദരമാണ് കൽപാത്തിയിലെ ഏറ്റവും തലയെടുപ്പുള്ള നേതാവായിരുന്നത്. ഇരുപത് വർഷത്തിലേറെ പാലക്കാട് നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു.1973 ൽ അദ്ദേഹം പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവായി നിയമസഭയിലെത്തി. 1983ൽ അദേഹം കോൺഗ്രസിൽ ചേർന്നു. 1995 ലും 2000ലും സിപിഎമ്മിലെ ശ്രീ ബാലകൃഷ്ണൻ ഇവിടുന്ന് മുനിസിപ്പൽ കൗൺസിലറായി തെരെഞ്ഞെടുക്കപ്പെട്ടു. 2005 ൽ ബി.ജെപി ഇവിടെ ഗാന കൃഷ്ണനിലൂടെ അക്കൗണ്ട് തുറന്നു. 2020 ലെ മുനിസിപ്പൽ ഇലക്ഷനിലും കെവി വിശ്വനാഥൻ വഴി ബിജെപി സീറ്റ് നിലനിർത്തി.1988 ൽ, സ്വതന്ത്ര സ്ഥാനാർത്ഥി എൻ കണ്ണൻ കൗൺസിലർ തെരഞ്ഞെടുപ്പിൽ വിജയിച്ചു.

Politics

2005 ന് മുൻപ് സിപിഎം അനുഭാവം ഏറെ കാണിച്ച സ്ഥലമായിരുന്നു കൽപാത്തി. പക്ഷെ ആ അനുഭാവം ഇന്നില്ല. പാലക്കാട് നോർത്തിൽ 4, 5 ബൂത്തുകൾ ആണ് കൽപാത്തിയിലെ വോട്ടർമാർക്കു വോട്ടു ചെയ്യാൻ ഉള്ള ഇടം. 2019 മുതൽ നടന്ന ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കുകകൾ സൂചിപ്പിക്കുന്നത് സ്ഥാനാർത്ഥി ആരായാലും ബിജെപിയുടെ വോട്ടുകൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നു എന്നതാണ്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബൂത്ത് നാലിൽ ബിജെപിക്ക്  393 വോട്ടുകളും, ബൂത്ത് അഞ്ചിൽ 580 വോട്ടുകളും ആണ് ലഭിച്ചത് എങ്കിൽ 2024 ൽ അത് യഥാക്രമം 436 ഉം 636 ആയി ഉയർന്നു.  ശക്തമായ ത്രികോണ മത്സരം നടന്ന 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ബൂത്ത് നാലിൽ 432 വോട്ടുകൾ നേടാൻ കഴിഞ്ഞപ്പോൾ , ബൂത്ത് അഞ്ചിൽ 614 വോട്ടുകൾ നേടാൻ കഴിഞ്ഞു. 

യുഡിഎഫിനെ സംബന്ധിച്ച് ഈ ബൂത്തുകളിൽ ആധിപത്യം നേടാൻ കഴിഞ്ഞില്ല എങ്കിലും ബൂത്ത് അഞ്ചിൽ  2019 ൽ നിന്ന് 2024 ലേക്ക് വരുമ്പോൾ 132 ൽ നിന്ന് 155 ആയി വോട്ടുകളിൽ നേരിയ വർദ്ധനവ് ആണ് ഉണ്ടായത്. അതേ സമയം ബൂത്ത് നാലിൽ 137 ൽ നിന്ന് 115 ആയി ചുരുങ്ങി. 2021 ലെ  നിയമസഭ തിരഞ്ഞെടുപ്പിൽ ബൂത്ത് നാലിൽ 116 വോട്ട്, ബൂത്ത് അഞ്ചിൽ145 വോട്ട് എന്നിങ്ങനെ ആണ് യുഡിഎഫിന് ലഭിച്ചത്. എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പുകളിൽ എല്ലാം ഓരോ തവണയും വോട്ടു ചോർച്ച ആണ് ഉണ്ടായിട്ടുള്ളത്. 2019 ൽ എൽഡിഎഫിന്  ബൂത്ത് നാലിൽ 50 വോട്ടുകൾ ലഭിച്ചുവെങ്കിൽ 2024 ൽ 38 ആയി കുറഞ്ഞു, ബൂത്ത് അഞ്ചിൽ 118 ൽ നിന്നും 104 ആയി കുറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ യഥാക്രമം 37, 89 വോട്ടുകൾ ആണ് എൽഡിഎഫിന് ലഭിച്ചത്. ഇരുമുന്നണികളുടെയും വോട്ടുകൾ ബിജെപിക്ക് പോകുന്നു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2024 ലെ ഉപതിരെഞ്ഞടുപ്പിലും വലിയ അട്ടിമറികൾ പ്രതീക്ഷിക്കാൻ വകയില്ല. 300 ന് അടുത്ത് കേഡർ വോട്ടുകളുണ്ടായിരുന്ന സിപിഎമ്മിന് ഇപ്പോൾ നാമമാത്രമായ വോട്ടുകളായി.

കൽപാത്തിക്ക് പ്രായമേറുന്നു 

ഇവിടുത്തെ മറ്റൊരു പ്രത്യേകത, വോട്ടു ചെയ്യുന്നവരിൽ 60 നും 80 നും ഇടക്ക് പ്രായമുള്ള വയോധികരുടെ എണ്ണം കൂടുതലുണ്ട് എന്നതാണ്. കൽപാത്തി വിട്ട് ലോകത്തിൻ്റെ പല ഭാഗത്ത് കുടിയേറിയവരേറെയുണ്ട്. ചെന്നൈ, ബോംബെ പോലെയുള്ള ഇന്ത്യയുടെ മഹാ നഗരങ്ങളിലും കൽപാത്തി ബ്രാഹ്മണസമൂഹത്തിൽ നിന്നുമുള്ള ഒരുപാട് പേർ ചേക്കേറിയിട്ടുണ്ട്. ഇന്ന് ജീവിത സായാഹ്നത്തിൽ, വാർദ്ധക്യത്തിൻ്റെയും അനാരോഗ്യത്തിൻ്റെയും അരക്ഷിതാവസ്ഥയിൽ, ഇവിടെ നിന്നൊക്കെ വിട്ടു വന്ന്, റിട്ടയർമെൻ്റ് ജീവിതം നയിക്കുന്നവരുമുണ്ട്. സായന്തനങ്ങളിലെ, വാർത്ത ചാനലുകളിലെ രാഷ്ട്രിയ ചർച്ച ആസ്വദിക്കുന്ന, ബൗധികമായി ചിന്തിക്കുന്ന കുറെയധികം പേരുണ്ടിവരിൽ.ഇ ശ്രീധരൻ എന്ന മെട്രോമാന് കഴിഞ്ഞ നിയമസഭാ ഇലക്ഷനിൽ ലഭിച്ച പിന്തുണ സ്വാഭാവികമാണ്. ആ പിന്തുണ ഇത്തവണത്തെ എൻഡി.എ സ്ഥാനാർത്ഥിക്ക് ലഭിക്കുമോ എന്ന് സംശയിക്കുന്നു. ചാനൽ ചർച്ചകളിൽ, ശക്തമായും കൃത്യമായും സംവദിക്കുന്നവരെ ഇവർ ഇഷ്ടപ്പെടുന്നുമുണ്ട്.

 പൈതൃക പദ്ധതി ഒരു ബാധ്യത 

കൽപാത്തിയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയം ആണ് ഈ മേഖലയെ പൈതൃകപദ്ധതിയിൽ ഉൾപെടുത്തിയത്. ഇവിടുത്തെ കെട്ടിടങ്ങളിൽ അറ്റകുറ്റപണി നടത്താനോ പുതിയ നിർമാണത്തിനോ  ഇവിടുത്തുകാർക്ക് ഹെറിറ്റേജ് കമ്മീഷനെ  സമീപിക്കണം. അവർ നൽകുന്ന നിർദേശം അനുസരിച്ചേ നിർമാണം അനുവദിക്കുകയുള്ളൂ. 2009 നവംബർ മാസത്തിലെ ഒരു സർക്കാർ ഗസറ്റ് നോട്ടിഫിക്കേഷനിലൂടെയാണ് ഈ മേഖലയെ പൈതൃക മേഖലആയി പ്രഖ്യാപിച്ചത്. അന്നത്തെ എൽഡിഎഫ് സർക്കാരും ബിജെപി ക്ക് മേധാവിത്തമുള്ള പാലക്കാട് നഗരസഭയും ഈ പദ്ധതിയുടെ പരിമിതികളും തദ്ദേശവാസികൾക്കുള്ള ബുദ്ധിമുട്ടും മുൻകൂട്ടി കണ്ടിരുന്നില്ല. 2016 മുതൽ ഇതുമായി ബന്ധപ്പെട്ട മാസ്റ്റർ പ്ലാൻ ചർച്ചകൾ നടക്കുമ്പോഴും പദ്ധതിയിലെ പാളിച്ചകൾ പരിഹരിക്കുവാനോ, ഒഴിവാനോ നഗരസഭ മുൻകൈ എടുത്തില്ല. പലവട്ടം അന്നത്തെ എംഎൽഎ ഷാഫി പറമ്പിൽ പ്രസ്തുത വിഷയം സബ്മിഷനുകളായും മറ്റും നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. കെട്ടിട നിർമാണ അനുമതി തലസ്ഥാനത്ത് നിന്ന് നൽകി വരണമെന്നതിന് മാറ്റം വരുത്തി അത് പാലക്കാട് നിന്ന് തന്നെ അനുവദിക്കുന്ന തരത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന്, 2022 ൽ കമ്മീഷൻ, പാലക്കാട് സിറ്റിംഗ് നടത്തി നടപടികൾ എടുക്കുന്നതിന് സർക്കാർ അനുമതി നൽകി. പൈതൃകഗ്രാമ വിഷയത്തിൽ പല രാഷ്ട്രീയ വിവാദങ്ങളും ഉയർന്ന് വന്നു. പൈതൃക പദ്ധതി കൽപാത്തിക്കാർക്കും രാഷ്ട്രീയ പാർട്ടികൾക്കും ഒരു പോലെ നിലനിൽപ്പിനുള്ള വേണ്ടിയുള്ള പോരാട്ടത്തിൽ മറുപടി പറയേണ്ട ബാധ്യതയായി മാറി.

Palakkad Candidates

 തേര് ആര് തെളിക്കും 

ഒന്നാം തേര് ദിനമായ നവംബർ 13ന് തിരഞ്ഞെടുപ്പ് നടന്നാൽ സ്ഥിതിഗതികൾ ആർക്ക് അനുകൂലമാകും എന്ന ചർച്ചകളാണ് ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത്. യുഡിഎഫിനോ എൻഡിഎക്കോ ആണ് നേട്ടം എന്നതു മാത്രമെ ചിത്രത്തിൽ ഉണ്ടായിരുന്നുള്ളു. ഇന്ത്യൻ രാഷ്ട്രിയം 2005 ന് ശേഷം ബിജെപിയുടെ വളർച്ചക്ക് സാക്ഷ്യം വഹിച്ചു. കൽപാത്തിയുടെ രാഷ്ട്രിയത്തിലും ഇത് പ്രതിഫലിക്കുന്നുണ്ട്. മൂന്നു മുന്നണികളോടും ഓരോ ഘട്ടത്തിൽ കൂറു പുലർത്തി. ആദ്യം കോൺഗ്രസ് അനുഭാവവും പിന്നിട് സിപിഎമ്മിനെയും അതിന് ശേഷം ബിജെപി യെയും ചേർത്ത് പിടിച്ചു. കൽപാത്തി പാലക്കാട് മണ്ഡലത്തിലെ രണ്ട് ബൂത്തുകൾ മാത്രം ഉൾപ്പെട്ട സ്ഥലമാണെങ്കിലും, വോട്ട് എണ്ണുമ്പോൾ, കൽപാത്തിയിലെ ബൂത്തുകളിൽ, നിലവിലുളള സ്ഥിതിയിൽ നിന്നും ചെറിയ വ്യത്യാസം വന്നാൽ പോലും അഭിമാനിക്കാൻ വകയുള്ളതാർക്കാകും എന്ന് വരും ദിനങ്ങളിലറിയാം. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News