Internet Shutdown: ഏറ്റവും കൂടുതൽ തവണ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിയന്ത്രിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും...!! ഇതു സംബന്ധിച്ച അന്താരാഷ്ട്ര പഠന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
കഴിഞ്ഞ വര്‍ഷം, അതായത് 2022ല്‍ കുറഞ്ഞത് 84 തവണയാണ് ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിര്‍ത്തിവയ്ക്കുകയോ, നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ചെയ്തത്.
റിപ്പോര്‍ട്ട് അനുസരിച്ച് 2022ല്‍ നിരവധി രാജ്യങ്ങളാണ് പല കാരണങ്ങളാല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി വച്ചത്. റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തെ 35ഓളം രാജ്യങ്ങൾ പലകാരണങ്ങള്‍ കൊണ്ട് 187 തവണ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിയന്ത്രിയ്ക്കുകയുണ്ടായി.
Also Read: Ganesh Puja: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും മോചനം, ബുധനാഴ്ച ഗണപതിയെ ആരാധിക്കാം
അന്താരാഷ്ട്ര തലത്തില്‍ തയ്യാറാക്കിയ ഈ പട്ടികയില്‍ ഇന്ത്യ, മ്യാന്‍മാര്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളാണ് മുന്‍നിരയില്‍. ഡിജിറ്റല്‍ അവകാശ ഗവേഷകരായ അക്സ്സ് നൗ, കീപ് ഇറ്റ് ഓണ്‍ കൊഅലൈഷേൻ എന്നിവ നടത്തിയ പഠനങ്ങളിലാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നത്.
ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിയന്ത്രിയ്ക്കുന്നതിന് കാരണമായത് രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങള്‍, സംഘര്‍ഷങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവയാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്താകമാനം 187 തവണ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിയന്ത്രിച്ചപ്പോള്‍ അവയില്‍ പകുതിയില്‍ അധികവും സംഭവിച്ചത് ഇന്ത്യയിലാണ്...!! തുടര്‍ച്ചയായി 5 തവണയാണ് ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്
റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം, അതായത്, 2022ല്‍ കുറഞ്ഞത് 84 തവണയാണ് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പ്രധാനമായും ജമ്മു-കശ്മീരിലെ സംഘര്‍ഷങ്ങളും പ്രശ്നങ്ങളുമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ സമയത്ത് അനിശ്ചിത സംഭവങ്ങള്‍ ഒഴിവാക്കാന്‍ നൂറു ദിവസത്തിലധികം ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ സർക്കാർ നിയന്ത്രിച്ചിരുന്നു.
ഹിജാബ് അടക്കമുള്ള ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളാണ് ഇറാനിലെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള പ്രധാന കാരണം. 18 തവണയാണ് ഇറാന്‍ ഇന്‍റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
മ്യാന്‍മാര്‍ ഭരണകൂടം 7 തവണയാണ് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിയന്ത്രിച്ചത്. അതേസമയം, റഷ്യ-യുക്രൈയ്ന്‍ യുദ്ധം 22 തവണ യുക്രൈയ്‌നിലെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ വിഛേദിക്കുന്നതിന് കാരണമായി. അതുകൂടാതെ അധിനിവേശ പ്രദേശങ്ങളിലെ സേവനങ്ങള്‍ സെന്‍സര്‍ ചെയ്തതായും പറയപ്പെടുന്നു.
കൊലപാതകങ്ങള്‍, ബലാത്സംഗം, വംശീയ കലാപങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഏതോപ്യയിലെ വിമത മേഖലയായ ടിഗ്രയില്‍ ഇന്‍റര്‍നെറ്റ് നിയന്ത്രണത്തിന് കാരണമായി. രണ്ടുവര്‍ഷക്കാലമാണ് ഈ നിയന്ത്രണം നീണ്ടു നിന്നത്. ഇതുവരെയുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ഇന്‍റര്‍നെറ്റ് നിയന്ത്രണമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. നവംബറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് ഇന്‍റര്‍നെറ്റ് നിയന്ത്രണം പിന്‍വലിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...