യുക്രെയ്നിൽ മിസൈലാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു; റഷ്യ നടത്തുന്നത് വംശഹത്യ, ലക്ഷ്യം ഡോൺബാസെന്ന് സെലൻസ്കി

നേരത്തെ യുക്രെയിന്  800 ദശലക്ഷം ഡോളറിന്‍റെ സൈനികസഹായം അമേരിക്ക പ്രഖ്യാപിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Apr 19, 2022, 11:44 AM IST
  • ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടതായാണ് സൂചന
  • ആക്രമണം ശക്തമായ ലെവീവിൽ 7 പേരാണ് കൊല്ലപ്പെട്ടത്
  • യുക്രെയിന്‍റെ പ്രധാന നഗരമായ മരിയോ പോളിൽ കനത്ത പോരാട്ടം തുടരുകയാണ് റഷ്യ
യുക്രെയ്നിൽ മിസൈലാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു;  റഷ്യ നടത്തുന്നത് വംശഹത്യ, ലക്ഷ്യം ഡോൺബാസെന്ന് സെലൻസ്കി

യുക്രെയിന് മേലുള്ള റഷ്യയുടെ അധിനിവേശം തുടരുകയാണ്. യുക്രെയ്നിലെ ഡോൺബാസ് മേഖല  ലക്ഷ്യമാക്കി റഷ്യ ആക്രമണം തുടങ്ങിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.  ഡോണെറ്റ്സ്ക്, ലുഹാൻസ്ക്, ഖാർകീവ് തുടങ്ങിയ യുക്രെയിൻ  നഗരങ്ങളിലുണ്ടായ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടതായാണ് സൂചന. ആക്രമണം ശക്തമായ ലെവീവിൽ 7 പേരാണ് കൊല്ലപ്പെട്ടത്. യുക്രെയിന്‍റെ പ്രധാന നഗരമായ മരിയോ പോളിൽ കനത്ത പോരാട്ടം തുടരുകയാണ് റഷ്യ. വംശഹത്യയാണ് റഷ്യ നടത്തുന്നതെന്നാരോപണമാണ് യുക്രെയ്ൻ  ഉയർത്തുന്നത്.  അതിനിടെ യുക്രെയ്ന്  സഹായവുമായി യുഎസ് യുദ്ധവിമാനങ്ങൾ  അതിർത്തിയിലെത്തിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇരു രാജ്യങ്ങളും സ്ഥിരീകരണം നടത്തിയിട്ടില്ല. 

നേരത്തെ യുക്രെയിന്  800 ദശലക്ഷം ഡോളറിന്‍റെ സൈനികസഹായം അമേരിക്ക പ്രഖ്യാപിച്ചിരുന്നു. എന്നാൽ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഉടൻ യുക്രെയ്ൻ സന്ദർശിക്കാൻ സാധ്യതയില്ലെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്.  യുക്രൈനിൽ നിന്നുള്ള  4.9 ദശലക്ഷം ആളുകളാണ് യുദ്ധം കാരണം അഭയാർത്ഥികളായതെന്ന്  ഐക്യരാഷ്‍ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ സമീപ രാജ്യങ്ങളിലേക്ക് പലായനം ചെയ്തവർ തിരികെ രാജ്യത്തേക്ക് എത്തിതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം പോളണ്ടിൽ നിന്നും 22,000 പേരാണ് മാതൃരാജ്യത്തേക്ക് മടങ്ങിയെത്തിയതെന്നാണ് സൂചന. കീവ് അടക്കമുള്ള പ്രധാന നഗരങ്ങളിൽ  നിന്നും താമസക്കാർ ഒഴിയണമെന്ന് മേയർ അടക്കമുള്ളവർ ആവശ്യപ്പെടുന്നതിനിടെയാണ് കൂടുതൽ ആളുകൾ തിരിച്ചെത്തുന്നത്.

യുക്രെയിനിലെ മരിയുപോൾ,​ ക്രെമിന്ന നഗരങ്ങൾ പൂർണമായും പിടിച്ചടക്കിയെന്നാണ് റഷ്യ അവകാശപ്പെടുന്നത്. റഷ്യ ഇന്നലെ പ്രധാന യുക്രെയിൻ നഗരങ്ങളിൽ ആക്രമണം ശക്തമാക്കിയിരുന്നു. കൂടാതെ മരിയുപോളിൽ ബാക്കിയുള്ള യുക്രെയിൻ സേന ആയുധം വച്ച് കീഴടങ്ങി പുറത്തു പോയില്ലെങ്കിൽ മരണമായിരിക്കും അവരെ കാത്തിരിക്കുന്നതെന്ന ശക്തമായ താക്കീതും റഷ്യ നൽകിയിട്ടുണ്ട്. മരിയുപോൾ റഷ്യയുടെ പൂർണ നിയന്ത്രണത്തിലായിട്ടും യുക്രെയിൻ കീഴങ്ങാൻ കൂട്ടാക്കാത്ത സാഹചര്യത്തിൽ നഗരത്തിൽ നിന്ന് പുറത്തേക്കും അകത്തേക്കും സഞ്ചരിക്കാൻ പാസ് സിസ്റ്റം ഏർപ്പെടുത്തുമെന്നും റഷ്യ അറിയിച്ചിട്ടുണ്ട്. 

യുക്രെയിനിൽ റഷ്യ ആക്രമണം ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലുഹാൻസ്‌ക്, ഡൊണെറ്റ്സ്‌ക് മേഖലകളിൽ റഷ്യ ആക്രമണം ശക്തമാക്കിയിരുന്നു. പടിഞ്ഞാറൻ നഗരമായ ലീവിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. നിപ്രോപെട്രോവ്സ്‌ക് നഗരത്തിലും മിസൈലാക്രമണമുണ്ടായിരുന്നു. യുക്രെയിന്റെ ഇരുമ്പുരുക്ക്, കൽക്കരി, ഭക്ഷ്യധാന്യങ്ങൾ എന്നിവയുടെ പ്രധാന കയറ്റുമതി കേന്ദ്രമാണ് മരിയുപോൾ. അതുകൊണ്ടു തന്നെ മരിയുപോൾ റഷ്യൻ നിയന്ത്രണത്തിലാകുന്നത് യുക്രെയിൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ തിരിച്ചടിയാകും സൃഷ്ട്ടിക്കുന്നത്. അതേ സമയം റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു രാസായുധ പ്ലാന്റിൽ 150 കുട്ടികളടക്കം 400 യുക്രെയിൻ പൗരന്മാരെ തടങ്കലിൽ വച്ചിരിക്കുകയാണെന്ന് യുക്രെയിൻ മനുഷ്യാവകാശ പ്രവർത്തക വ്യക്തമാക്കി.

Trending News