Beaches in India : നിറം മാറുന്ന ബീച്ചുകൾ കാണണോ? ഈയിടങ്ങൾ സന്ദർശിക്കാം

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബീച്ചുകളുടെ പട്ടികയിലുള്ള ഒന്നാണ് ആൻഡമാനിലെ രാധാനഗർ ബീച്ച്. അതിശയിപ്പിക്കുന്ന കാഴ്ചകളാണ് ഹാവ്ലോക്ക് ഐലന്‍ഡിന്‍റെ ഭാഗമായ രാധാനഗര്‍ ഒരുക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 13, 2022, 02:32 PM IST
  • ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബീച്ചുകളുടെ പട്ടികയിലുള്ള ഒന്നാണ് ആൻഡമാനിലെ രാധാനഗർ ബീച്ച്. അതിശയിപ്പിക്കുന്ന കാഴ്ചകളാണ് ഹാവ്ലോക്ക് ഐലന്‍ഡിന്‍റെ ഭാഗമായ രാധാനഗര്‍ ഒരുക്കുന്നത്.
  • ദാപ്പോളിയിലെ ലഡ്ഗര്‍ ബീച്ചിന്റെ തീരം മുഴുവനും തിളങ്ങുന്ന ചുവന്ന കല്ലുകൾ സ്ഥാനം പിടിച്ചിരിക്കുന്നു.
  • ഇരുളു പടരുമ്പോൾ നീല പ്രകാശം പുറത്തുവിടുന്ന ഫൈറ്റോപ്ലാങ്ക്ടണിന്റെ പ്രവര്‍ത്തനത്താല്‍ ബീച്ച്‌ പ്രകാശിക്കുന്നത് അതിമനോഹര കാഴ്ചയാണ്.
Beaches in India : നിറം മാറുന്ന ബീച്ചുകൾ കാണണോ? ഈയിടങ്ങൾ സന്ദർശിക്കാം

ഓരോ സമയവും  ഓരോ നിറങ്ങൾ സമ്മാനിക്കുന്ന ബീച്ചുകൾ കണ്ടിട്ടുണ്ടോ? സൂര്യാസ്തമയത്തിലും സൂര്യോദയത്തിലുമെല്ലാം നമുക്കായി നിറങ്ങളുടെ പുത്തൻ  ലോകം  തീർക്കുന്ന ബീച്ചുകള്‍. വിദേശ രാജ്യങ്ങളിൽ മാത്രമല്ല നമ്മുടെ രാജ്യത്ത് തന്നെയുണ്ട് ഇങ്ങനെയുള്ള ബീച്ചുകൾ. സഞ്ചാരികളുടെ മനം കവരുന്ന ചില ബീച്ചുകള്‍ പരിചയപ്പെടാം.

ആന്‍ഡമാനിലെ രാധാനഗര്‍ ബീച്ച്‌

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബീച്ചുകളുടെ പട്ടികയിലുള്ള ഒന്നാണ് ആൻഡമാനിലെ രാധാനഗർ ബീച്ച്. അതിശയിപ്പിക്കുന്ന കാഴ്ചകളാണ് ഹാവ്ലോക്ക് ഐലന്‍ഡിന്‍റെ ഭാഗമായ രാധാനഗര്‍ ഒരുക്കുന്നത്. കാടുകളും തെങ്ങിന്‍തോപ്പും നിറഞ്ഞ പ്രദേശമാണ് ഇവിടം. പരിപൂർണ്ണ ശാന്തത ഇവിടത്തെ എട്ടും വലിയ പ്രത്യേകത. നീല നിറത്തിലെ കടലും,  പഞ്ചാര മണലും എല്ലാം ചേർന്ന് സ്വപ്ന തുല്യമാണ് ഇവിടത്തെ കാഴ്ചകൾ. ആൻഡമാനിലെത്തുന്നവർ രാധാനഗർ ബീച്ചിലെത്തിയില്ലെങ്കിൽ യാത്ര തന്നെ അപൂർണ്ണമാണെന്ന കാര്യത്തിൽ സംശയമില്ല.  സന്ധ്യ മയങ്ങുമ്പോൾ ചക്രവാളത്തിലേക്ക് മറയുന്ന സൂര്യനും നീല നിറത്തിലെ ജലവും  ഒക്കെ ചേര്‍ന്ന് നിറങ്ങളുടെ പുത്തൻ ലോകമാണ് പ്രകൃതി ഇവിടെ ഒരുക്കുന്നത്. 

Beach

ടില്‍മതി ബീച്ച്‌, കർണ്ണാടക 
 
കര്‍ണ്ണാടകയിലെ കാര്‍വാറിന് സമീപമാണ് ടില്‍മതി ബീച്ച് സ്ഥിതി ചെയ്യുന്നത്. കൊങ്കിണി ഭാഷയിലെ എള്ള് (ടില്‍), മണല്‍ (മതി) എന്നിവയില്‍ നിന്നാണ് ടിൽമതിയെന്ന പേര് ഈ ബീച്ചിന് കിട്ടിയത്. എള്ള് പോലെ കറുത്ത മണലാണ് ഈ പേരിന് കാരണം. അധികം യാത്രാ പട്ടികയില്‍ ഒന്നും ഇടം പിടിക്കാത്ത ടിൽമതി, കര്‍ണ്ണാടകയിലെ ഓഫ്ബീറ്റ് ഇടം കൂടിയാണ്. വലിയ ആൾത്തിരക്കും ബഹളങ്ങളുമൊന്നുമില്ലാത്തതിനാൽ  സ്വകാര്യതയും ശാന്തതയും ഒക്കെ ആഗ്രഹിക്കുന്നവർക്ക് ഇവിടേക്ക് എത്താം. കറുത്ത ബസാള്‍ട്ടിക് പാറകളിലേക്ക് തിരമാലകള്‍ ആർത്തലയ്ക്കുന്ന കാഴ്ചയും കാണാം. സൂര്യാസ്തമയ കാഴ്ചകളും ഏറെ മനോഹരമാണ്. 

Beach

ALSO READ: Chitrakote Waterfalls: അതിസുന്ദരിയായ ഇന്ത്യൻ നയാഗ്ര...; പ്രകൃതിയുടെ മുഴുവൻ സൗന്ദ്യര്യവുമാവാഹിച്ച് ഒഴുകുന്ന ചിത്രകൂട്

ബംഗാരം ബീച്ച്‌, ലക്ഷദ്വീപ്

 
ലക്ഷദ്വീപിലെ ബീച്ചുകളുടെ സൗന്ദര്യത്തെക്കുറിച്ച് പ്രത്യേക വർണനകളുടെ ആവശ്യമില്ല. സഞ്ചാരികളുടെ പറുദീസ തന്നെയാണ് ലക്ഷദ്വീപെന്ന സുന്ദര ഭൂമിക.  ഇവിടെ എടുത്തുപറയേണ്ട ബീച്ചുകളില്‍ ഒന്നാണ് ബംഗാരം ബീച്ച്‌. രാജ്യത്തെ ഒരു ബയോലൂമിനസെന്റ് ബീച്ച്‌ കൂടിയാണിത്. ബയോലുമിനെസെന്‍സ് പ്രതിഭാസത്തിന് പേരുകേട്ട ഇടം. ഇരുളു പടരുമ്പോൾ നീല പ്രകാശം പുറത്തുവിടുന്ന ഫൈറ്റോപ്ലാങ്ക്ടണിന്റെ പ്രവര്‍ത്തനത്താല്‍ ബീച്ച്‌ പ്രകാശിക്കുന്നത് അതിമനോഹര കാഴ്ചയാണ്. ഇരുട്ടില്‍ കടല്‍ നീല വെളിച്ചത്തിൽ തിളങ്ങുന്നതുപോലെ കാണപ്പെടും. ഈ അത്ഭുത പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ലക്ഷദ്വീപിലെ ബംഗാരം ബീച്ചില്‍ ഒരിക്കലെങ്കിലും എത്തണം. പവിഴപ്പുറ്റുകള്‍ക്കും ഇവിടം പ്രസിദ്ധമാണ്.

ലാഡ്ഗര്‍ ബീച്ച്‌, മഹാരാഷ്ട്ര 
 
മഹാരാഷ്ട്രിലെ മിക്ക ബീച്ചുകളും സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമാണെങ്കിലും  ലാഡ്ഗര്‍ ബീച്ച്‌ ടൂറിസ്റ്റുകൾക്കിടയിലേക്ക് അത്രയ്ക്ക് എത്തിയിട്ടില്ല. എന്തായാലും ഇവിടുത്തെ കാഴ്ചകള്‍ പകരംവയ്ക്കുവാന്‍ സാധിക്കുന്നവയല്ല. ദാപ്പോളിയിലെ ലഡ്ഗര്‍ ബീച്ചിന്റെ തീരം മുഴുവനും തിളങ്ങുന്ന ചുവന്ന കല്ലുകൾ സ്ഥാനം പിടിച്ചിരിക്കുന്നു. കുങ്കുമ വർണം ചാർത്തിയ ഈ കല്ലുകളുടെ തിളക്കം ദ്വീപിന് സവിശേഷമായ ഭംഗിയാണ് നൽകുന്നത്.ചുവന്ന മണല്‍ കടല്‍ത്തീരമല്ലെങ്കിലും, കല്ലുകള്‍ കടല്‍ത്തീരത്തെ ചുവപ്പ് ചാലിക്കുന്നു. സൂര്യാസ്തമയ വേളയില്‍ കല്ലുകളുടെ നിറവും കടലിന്‍റെ നിറവും എല്ലാം സമന്വയിച്ച് മറ്റൊരു ലോകം തന്നെയാണ് സഞ്ചാരികള്‍ക്ക് നല്കുന്നത്. പാരാ സെയിലിംഗ്, ബനാന ബോട്ടിംഗ്, ഡോള്‍ഫിന്‍ സ്‌പോട്ടിംഗ്  തുടങ്ങിയ വിനോദങ്ങൾക്കുള്ള അവസരവും ഇവിടെയുണ്ട്. 

കോലാ ബീച്ച്‌, ഗോവ 
 
നിരവധി ബീച്ചുകളുടെ വൈവിധ്യ കാഴ്ചകള്‍ക്ക് പേരുകേട്ട ഇടമാണ് ഗോവ. ഇതിൽ പ്രധാന ബീച്ചുകളില്‍ ഒന്നാണ് സൗത്ത് ഗോവയിലെ കോലാ ബീച്ച്‌. ഇന്ത്യയിലെ തന്നെ ഏറ്റവും വര്‍ണ്ണാഭമായ ബീച്ചുകളില്‍ ഒന്ന്. അഗ്നിപര്‍വ്വത പാറകളും, പച്ചപ്പ് നിറഞ്ഞ വനങ്ങളുള്ള കുന്നുകളും, ശുദ്ധജല അരുവി ബീച്ചുമായി ചേരുന്ന നീല തടാകവും എല്ലാം ചേർന്ന സ്വപ്ന തുല്യ ഇടം. പച്ച തടാകവും  വനങ്ങളും കുന്നുകളും, സൂര്യശോഭയും, കറുത്ത പാറകളും എന്നിങ്ങനെ പലവർണങ്ങളാണ് ഇവി‌ടം സ‍ഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. 

Beach

അസ്തരംഗാ ബീച്ച്‌, ഒഡീഷ 

നിറങ്ങളുടെ ഉത്സവം തീര്‍കയാണ്   ഒ‍ഡീഷയിലെ അസ്തരംഗാ ബീച്ച്‌. ഒഡീഷയിലെ വര്‍ണ്ണാഭമായ അസ്തരംഗ കടല്‍ത്തീരം  സൂര്യാസ്തമയങ്ങളും അവിസ്മരണീയമായ പക്ഷി നിരീക്ഷണ അനുഭവങ്ങൾ കൂടി നൽകുന്നു. ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന അസ്തരംഗ ഒഡീഷയിലെ നിർബന്ധമായും സന്ദര്‍ശിക്കേണ്ട ഒരു ബീച്ചാണ്. എത്ര പകർത്തിയാലും മതിവരാത്ത കാഴ്ചകളും ഇവിടം സമ്മാനിക്കുന്നു. ഒലിവ് റിഡ്‌ലി എന്ന വംശനാശഭീഷണി നേരിടുന്ന ആമകളുടെ വാസകേന്ദ്രം കൂടിയാണ് അസ്തരംഗാ ബീച്ച്‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News