Chitrakote Waterfalls: അതിസുന്ദരിയായ ഇന്ത്യൻ നയാഗ്ര...; പ്രകൃതിയുടെ മുഴുവൻ സൗന്ദ്യര്യവുമാവാഹിച്ച് ഒഴുകുന്ന ചിത്രകൂട്

ചിത്രകൂടിൽ  ഏകദേശം 300 അടി ഉയരത്തിൽ നിന്നാണ്  ജലം താഴേയ്ക്ക് പതിക്കുന്നത്. ആ കാഴ്ച അക്ഷരാർത്ഥത്തിൽ അവർണനീയം തന്നെയാണ്. 

Written by - അശ്വതി എസ്എം | Edited by - Roniya Baby | Last Updated : Mar 13, 2022, 11:59 AM IST
  • ഛത്തീസ്ഗഡിലെ ബസ്തർ ജില്ലയിലെ ജഗദൽപൂരിലാണ് ചിത്രകൂട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്
  • അതിസുന്ദരിയായ വെള്ളച്ചാട്ടത്തിനൊപ്പം അരുവിയും പ്രകൃതി നിർമ്മിതമായ ഗുഹയുമൊക്കെ ഇവിടുത്തെ പ്രധാന ആക‍ർഷണങ്ങളാണ്
  • പ്രകൃതിയുടെ കയ്യൊപ്പു പതിഞ്ഞ ധാരാളം കാഴ്ചകൾ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു
  • കാംഗേർവാലി ദേശീയോദ്യാനത്തിൽ കാംഗേർ നദിയിലാണ് ചിക്രകൂട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്
Chitrakote Waterfalls: അതിസുന്ദരിയായ ഇന്ത്യൻ നയാഗ്ര...; പ്രകൃതിയുടെ മുഴുവൻ സൗന്ദ്യര്യവുമാവാഹിച്ച് ഒഴുകുന്ന ചിത്രകൂട്

നയാഗ്ര വെള്ളച്ചാട്ടത്തെ കുറിച്ച് കേട്ടിട്ടില്ലാത്തവർ കുറവായിരിക്കും. ലോകത്തിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടം.... എന്നാൽ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരെ ആകർഷിക്കുന്ന അതിസുന്ദരിയായ ചിത്രകൂടിനെ കുറിച്ച് കേട്ടിട്ടുണ്ടോ... ഇന്ത്യൻ നയാഗ്ര എന്നാണ് ചിത്രകൂട് അറിയപ്പെടുന്നത്. പാൽ പോലെ പതഞ്ഞൊഴുകുന്ന ആ ജലയാത്ര കാണുന്ന കണ്ണുകൾക്ക് ‌ ഉത്സവ പ്രതീതി തന്നെയാണ് സമ്മാനിക്കുന്നത്. ഛത്തീസ്ഗഡിലെ ബസ്തർ ജില്ലയിലെ ജഗദൽപൂരിലാണ് ചിത്രകൂട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

അതിസുന്ദരിയായ വെള്ളച്ചാട്ടത്തിനൊപ്പം അരുവിയും പ്രകൃതി നിർമ്മിതമായ ഗുഹയുമൊക്കെ ഇവിടുത്തെ പ്രധാന ആക‍ർഷണങ്ങളാണ്. പ്രകൃതിയുടെ കയ്യൊപ്പു പതിഞ്ഞ  ധാരാളം കാഴ്ചകൾ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. ഇതിൽ  വെള്ളച്ചാട്ടങ്ങളും നിബിഢവനങ്ങളും ഗുഹകളുമെല്ലാം ഉൾപ്പെടും. കാംഗേർവാലി ദേശീയോദ്യാനത്തിൽ തന്നെയുള്ള കാംഗേർ നദിയിലാണ് ചിക്രകൂട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.  ജഗദൽപൂർ നഗരത്തിൽ നിന്നും 30 കിലോമീറ്റർ മാറിയാണ് കാംഗേർവാലി ദേശീയോദ്യാനം. ഇതിലൂടെ പത്തുകിലോമീറ്റർ യാത്ര ചെയ്താൽ കൊടുംസർ ഗുഹകളിലേക്കെത്തും. ഇതിനുള്ളിലൂടെയാണ് കാംഗേർ നദി ഒഴുകുന്നത്.

200 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണ് ഈ ഉദ്യാനത്തിനുള്ളത്. എന്നാൽ ഇവിടെ  സ്വകാര്യവാഹനങ്ങൾക്ക് പ്രവേശനമില്ല. അധികൃതർ ഏർപ്പാടാക്കിയിരിക്കുന്ന ജിപ്സിയിലാകും വനത്തിലൂടെയുള്ള യാത്ര. 1327 നീളവും 35 മീറ്റർ ആഴവുമാണ്  ഈ പ്രകൃതിദത്ത ഗുഹയ്ക്കുള്ളത് . ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പ്രകൃതിദത്ത ഗുഹകളിൽ രണ്ടാം സ്ഥാനമാണ് കൊടുംസർ ഗുഹയ്ക്കുള്ളത്. ഇടുങ്ങിയ ഒരു വഴിയിലൂടെയാണ് ഗുഹയ്ക്കുള്ളിലേയ്ക്ക് പ്രവേശനം. ചുണ്ണാമ്പുകല്ലുകളാൽ രൂപമെടുത്തിട്ടുള്ള നിരവധി രൂപങ്ങൾ ഇവിടെ കാണാം. ഗുഹയുടെ മുകൾഭാഗത്ത് നിന്നും താഴേക്ക് വളരുന്ന സ്റ്റാലക്റ്റൈറ്റ് പാറകളും ഗുഹയുടെ താഴെ നിന്നും മുകളിലേക്കു വളരുന്ന സ്റ്റാലഗ്മൈറ്റ് പാറകളും ഇവിടത്തെ പ്രത്യേകതകളാണ്. ആയിരകണക്കിന് വർഷങ്ങൾ കൊണ്ടാണ് ഗുഹയ്ക്കുള്ളിൽ ഇത്തരം അദ്ഭുതങ്ങൾ പിറവിയെടുത്തിരിക്കുന്നത്. 

കണ്ണില്ലാത്ത മത്സ്യങ്ങളാണ് കൊടുംസർ ഗുഹയിലെ മറ്റൊരു വിസ്മയ കാഴ്ച. ഗുഹയ്ക്കുള്ളിലൂടെ ഒഴുകുന്ന ചെറു നദിയിൽ ഈ മത്സ്യങ്ങളെ കാണാം.  മഴക്കാലത്ത് ഇതിനുള്ളിലേക്ക് പ്രവേശനം അനുവദിക്കില്ല. ഗുഹയിലൂടെ ഒഴുകുന്ന നദി മഴക്കാലത്ത് ഉഗ്രരൂപം പ്രാപിക്കുന്നത് കൊണ്ടാണ് ജൂൺ മുതൽ ഒക്ടോബർ വരെ സന്ദർശകരെ അനുവദിക്കാത്തത്. കൊടുംസർ ഗുഹയിൽ നിന്നും ആറുകിലോമീറ്റർ ദൂരം യാത്ര ചെയ്താൽ ചിത്രകൂടിൽ എത്തിച്ചേരാവുന്നതാണ്. ചിത്രകൂടിൽ  ഏകദേശം 300 അടി ഉയരത്തിൽ നിന്നാണ്  ജലം താഴേയ്ക്ക് പതിക്കുന്നത്. ആ കാഴ്ച അക്ഷരാർത്ഥത്തിൽ അവർണനീയം തന്നെയാണ്. 

തട്ടുതട്ടുകളായാണ് ജലം താഴേയ്ക്ക് ഒഴുകുന്നത്. വെള്ളച്ചാട്ടത്തിന് സമീപത്ത് ഒരു ശിവപാർവതി ക്ഷേത്രമുണ്ട്.  സന്ദർശകരിൽ ഭൂരിപക്ഷവും ഇവിടെ ക്ഷേത്രദർശനവും  നടത്തിയാണ് മടങ്ങുന്നത്.  നയാഗ്ര പോലെ കുതിരലാടത്തിന്റെ ആകൃതിയാണ് ഈ വെള്ളച്ചാട്ടത്തിനുമുള്ളത്.  ഇന്ത്യയിലെ ഏറ്റവും വീതിയേറിയ വെള്ളച്ചാട്ടം കൂടിയാണ് ചിത്രകൂട്. വേനലിൽ തീരെ ശാന്തമായി  താഴേയ്ക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം വർഷക്കാലത്ത് ഉഗ്രരൂപം പ്രാപിക്കും. വേനൽക്കാലങ്ങളിൽ തടാകത്തിലൂടെ ബോട്ടിൽ യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്. ഛത്തിസ്ഗഢ് വിനോദസഞ്ചാര വകുപ്പിന്റെ ആഡംബര ഹോട്ടൽ ഈ വെള്ളച്ചാട്ടത്തിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News