പോസ്റ്റ് ചെയ്ത ട്വീറ്റുകൾ എഡിറ്റ് ചെയ്യാൻ സാധിക്കുന്നില്ല എന്ന കംപ്ലൈന്റ്റ് വർഷങ്ങളായി ട്വിറ്റെർ കേൾക്കുന്നതാണ്. ഇതിനായി എന്തെങ്കിലും സംവിധാനം ഒരുക്കണമെന്ന് ട്വിറ്റർ ഉപയോക്താക്കള്‍ ഏറെ നാളായി ആവശ്യപ്പെട്ടിരുന്ന ഒരു കാര്യമാണ്. എന്നാൽ ഇത്രയും കാലമായി അത് നടപ്പിലാക്കുന്നതിൽ ട്വിറ്റർ വിമുഖത പ്രകടിപ്പിച്ചിരുന്നു.
ഇപ്പോഴാകട്ടെ ഒരേയൊരു നിബന്ധന പാലിക്കുകയാണെങ്കില്‍ എഡിറ്റ് ബട്ടൺ ഉൾപ്പെടുത്താമെന്ന് ട്വിറ്റർ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്താണ് നിബന്ധനയെന്നല്ലേ? ഒരേ ഒരു വഴി മാത്രമേയുള്ളു 'മാസ്ക്'. നിങ്ങൾ എല്ലാവരും മാസ്ക് ധരിക്കുകയാണെങ്കിൽ തങ്ങൾ ട്വിറ്ററിൽ എഡിറ്റ് ബട്ടൺ ഉൾക്കൊള്ളിക്കാമെന്നാണ് ട്വിറ്റർ അറിയിച്ചത്. എല്ലാവരും എന്നാൽ എല്ലാവരും തന്നെയെന്നാണ് ട്വിറ്റർ പിന്നീട് മറ്റൊരു ട്വീറ്റിൽ വിശദീകരിക്കുന്നു.
You can have an edit button when everyone wears a mask
— Twitter (@Twitter) July 2, 2020
Also Read: 'ഞാൻ അണ്ടർവെയർ ഇടാറില്ല, മാസ്കും', വിചിത്ര ന്യായീകരണവുമായി ആന്റി-മാസ്ക് സമരക്കാർ
തെറ്റായ വിവരങ്ങൾ പ്രചരിക്കപ്പെടാൻ ഇടയാക്കിയേക്കാമെന്നതിനാൽ എഡിറ്റ് ബട്ടൺ അനുവദിക്കാനാകില്ലെന്നാണ് ട്വിറ്റർ മുൻകാലങ്ങളിൽ എടുത്തിരുന്ന നിലപാട്. അത് ഇക്കൊല്ലം ആദ്യം കമ്പനി സിഇഒ ജാക് ദോർസെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
തമാശരൂപേണയാണ് ട്വിറ്റർ ഇക്കാര്യം ട്വീറ്റ് ചെയ്തതെങ്കിലും നിരവധി ആളുകളാണ് ഇതിനോട് പ്രതികരിച്ചത്. എന്നാൽ ട്വിറ്ററിന്റെ പ്രഖ്യാപനത്തെ ചിലർ വിമർശിച്ച് രംഗത്ത് വന്നു. മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ട്വിറ്റർ പക്ഷം ചേരുന്നുവെന്നാണ് ഇവരുടെ വിമർശനം. മറ്റ് ചിലരാകട്ടെ എഡിറ്റ് ബട്ടണിന്റെ ആവശ്യകത വ്യക്തമാക്കാനായി മനഃപൂർവം അക്ഷരത്തെറ്റുകളുള്ള കമന്റുകളാണ് ഇതിന് മറുപടിയായി ഇട്ടത്.