വാഹന പ്രേമികളുടെ ഇഷ്ട്ട മോഡലാണ് എന്നും മാരുതി. പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മാരുതിയുടെ എല്ലാ മോഡല്‍ കാറുകൾക്കും വില വര്‍ധിപ്പിക്കുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. എക്‌സ് ഷോറൂം വിലയില്‍ ശരാശരി 1.3 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നതായി കമ്പനി അറിയിച്ചു.
അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതാണ് വാഹനങ്ങളുടെ വില ഉയര്‍ത്താൻ നിർബന്ധിതരാക്കിയതെന്നാണ് മാരുതി നല്‍കുന്ന വിശദീകരണം. സ്റ്റീല്‍, അലുമിനിയം, പലേഡിയം തുടങ്ങി നിർമ്മാണത്തിന് ആവശ്യമായ പ്രധാന ഉല്‍പ്പന്നങ്ങളുടെ വില തുടര്‍ച്ചയായി ഉയര്‍ന്നതാണ് വില വര്‍ധനവിന് കാരണമായി കമ്പനി ചൂട്ടിക്കാട്ടുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ വാഹനങ്ങളുടെ വിലയില്‍ ഏകദേശം 8.8 ശതമാനത്തിന്റെ വര്‍ധനയാണ് കമ്പനി വരുത്തിയിട്ടുള്ളത്. ഇതിന് പിന്നാലെയാണ് വീണ്ടും വില വര്‍ധനയുണ്ടാകുന്നത്. വിവിധ മോഡലുകള്‍ക്ക് 0.9 ശതമാനം മുതല്‍ 1.9 ശതമാനം വരെയാണ് വര്‍ധനവുണ്ടായത്.
കഴിഞ്ഞാഴ്ച മഹീന്ദ്ര ആന്റ് മഹീന്ദ്രയും വാഹനങ്ങൾക്ക് വില വര്‍ധിപ്പിച്ചിരുന്നു. 2.5 ശതമാനത്തിന്റെ വര്‍ധനയാണ് കമ്പനി വരുത്തിയത്. ഇതോടെ വാഹനങ്ങളുടെ വിലയില്‍ ഏകദേശം 63000 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇതിന് പിന്നാലെ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡിയും ബിഎംഡബ്ല്യൂവും എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ മുഖമുദ്ര ബജറ്റ് സെഗ്മെന്റ് മോഡലുകളാണ്. ടാറ്റ ഉള്‍പ്പടെയുള്ള മറ്റ് വാഹന നിര്‍മാതാക്കള്‍ ഇലക്ട്രിക് മോഡലുകള്‍ പുറത്തിറക്കുമ്പോള്‍ 2025 ഒടെ മാത്രമേ തങ്ങള്‍ ഈ സെഗ്മെന്റിലേക്കെത്തു എന്ന് മാരുതി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ 2025ലും വിലക്കുറഞ്ഞ ഇവികള്‍ പുറത്തിറക്കാന്‍ സാധിക്കില്ലെന്നും കമ്പനി ഇപ്പോൾ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...